നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കുഫോസ് മുന്‍ വിസി, സുപ്രീംകോടതിയില്‍ ഹര്‍ജി

Published : Nov 19, 2022, 02:32 PM ISTUpdated : Nov 19, 2022, 02:51 PM IST
നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കുഫോസ് മുന്‍ വിസി, സുപ്രീംകോടതിയില്‍ ഹര്‍ജി

Synopsis

അഭിഭാഷക ആനി മാത്യുവാണ് റിജി ജോണിനായിഹര്‍ജി ഫയല്‍ ചെയ്തത്. നവംബർ 25 ന് ഹർജി കോടതി പരിഗണിക്കും.

ദില്ലി: കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വിസി കെ റിജി ജോൺ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കാർഷിക വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റില്‍ വരുന്നതാണ്. യുജിസി ചട്ടം ബാധകമല്ല. എന്നാല്‍ ഹൈക്കോടതി ഇത് കണക്കിൽ എടുത്തില്ലെന്നാണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നത്. അഭിഭാഷക ആനി മാത്യുവാണ് റിജി ജോണിനായിഹര്‍ജി സമര്‍പ്പിച്ചത്. നവംബർ 25 ന് ഹർജി കോടതി പരിഗണിക്കും.

ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കുഫോസ് വിസി ഡോ. കെ റിജി ജോണിൻ്റെ നിയമനം റദ്ദാക്കിയത്. യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് റിജി ജോണിൻ്റെ നിയമനം എന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതിയുടെ വിധി. യുജിസി ചട്ടങ്ങൾ പാലിച്ചുകൊണ്ട് പുതിയ വിസിയെ നിയമിക്കാനും ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു. 

കുഫോസ് വി സി ആയി ഡോ. കെ റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരം അല്ലെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹര്‍ജിയെത്തിയത്. വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ കെ  വിജയൻ ആണ് ഹർജി നൽകിയത്.  യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി 10 വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്നായിരുന്നു ഡോ. കെ കെ വിജയൻ നൽകിയ ഹര്‍ജിയിലെ പ്രധാന വാദം. 

തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി ജോൺ പിഎച്ച്ഡി കാലയളവായ മൂന്ന് വർഷം പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയത്. റിജി ജോണിനെ നിർദ്ദേശിച്ച  സേർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതയില്ലാത്തവരും ഒരു പാനലിന് പകരം ഒറ്റപ്പേര് മാത്രം നിർദ്ദേശിച്ചത് ചട്ടവിരുദ്ധമാണെന്നും ഹർജിക്കാർ ആരോപിക്കുന്നുണ്ട്. എന്നാൽ കാർഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാൽ  യുജിസി മാനദണ്ഡങ്ങൾ കുഫോസ് വിസി നിയമനത്തിന്  ബാധകമല്ലെന്നുമായിരുന്നു സർക്കാരിന്‍റെ വാദം.

PREV
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി