Latest Videos

കാശില്ലെങ്കിൽ കാറ്റുമില്ല; കൊച്ചി കോർപറേഷൻ മേഖലാ ഓഫീസിൻ്റെ ഫ്യൂസ് കെഎസ്ഇബി ഊരി, വലഞ്ഞ് ജീവനക്കാർ

By Web TeamFirst Published Apr 30, 2024, 1:50 PM IST
Highlights

വൈദ്യുതി ബില്ല് കുടിശിക രണ്ട് ലക്ഷം രൂപ അടക്കാതെ  വന്നതോടെയാണ് കെഎസ്ഇബി നടപടി

കൊച്ചി: കൊച്ചി നഗരസഭയുടെ മേഖലാ ഓഫീസിൻ്റെ ഫ്യൂസ് കെഎസ്ഇബി ഊരി. ഫോർട്ട്കൊച്ചിയിലെ കൊച്ചി കോർപറേഷൻ ഓഫീസിൻ്റെ ഫ്യൂസാണ് ഊരിയത്. കൊടും ചൂടും ഉഷ്ണ തരംഗ സാധ്യതകളും നേരിടുന്നതിനിടെയാണ് ജീവനക്കാരെ പെരുവഴിയിലാക്കി കെഎസ്ഇബിയുടെ നടപടി. ഫ്യൂസ് ഊരിയതോടെ കോർപറേഷൻ ഓഫീസിൽ ഫാൻ പോലും ഇടാൻ സാധിക്കാത്ത സ്ഥിതിയായി. രണ്ട് ലക്ഷം രൂപയോളം വൈദ്യുതി ബില്ല് കുടിശികയുള്ളതാണ് ഫ്യൂസ് ഊരാൻ കാരണം.

പണമടച്ച് വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയതായി കൊച്ചി കോർപറേഷൻ അറിയിച്ചു. പണമില്ലാത്തതല്ല ബില്ല് അടക്കാതിരിക്കാൻ കാരണമെന്നും സാങ്കേതിക തടസങ്ങളെ  തുടർന്ന് വൈകിയതാണെന്നും വൈകാതെ പരിഹരിക്കുമെന്നും മേയർ എം അനിൽകുമാർ വ്യക്തമാക്കി.

പവർകട്ട് വേണമെന്ന് കെഎസ്ഇബി

എല്ലാ റെക്കോഡുകളും മറികടന്ന് വൈദ്യുതി  ഉപഭോഗം കുതിച്ചുകയറിയതോടെ, ഇനി പവർ കട്ട് ഇല്ലാതെ മറ്റ് മാർഗമല്ലെന്നാണ് കെഎസ്ഇബി നിലപാട്. പലയിടത്തും വൈദ്യുതി വിതരണം ഇടയ്ക്ക് ഇടയ്ക്ക് തടസ്സപ്പെടുന്നതിന് കാരണം, ഓവർ ലോഡ് തങ്ങാനാകാത്തതാണ് എന്നാണ് കെഎസ്ഇബി വിശദീകരണം. അമിത ലോഡ് കാരണം ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക്  തകരാറ് സംഭവിച്ചു. ഫീഡറുകളിൽ തടസം നേരിടുന്നുണ്ട്. പീക്ക് സമയത്ത് വൈദ്യുതി വിതരണം കടുത്ത പ്രതിസന്ധിയിലാണ്. സാഹചര്യം ചർച്ച ചെയ്യാൻ നാളെ കെഎസ്ഇബി ഉന്നതതല യോഗം ചേരും.

ഏപ്രിൽ 9ലെ റെക്കോർഡാണ് ഇന്നലെ  പിന്നിട്ടത്. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5646 മെഗാവാട്ട് ആയി ഉയർന്നു. കൊടും ചൂട് തുടരുന്നതിനാൽ അടുത്തൊന്നും വൈദ്യുതി ഉപഭോഗത്തിൽ കുറവ് പ്രതീക്ഷിക്കുന്നില്ല. പുറത്ത് നിന്ന് വൻ തുകക്ക് അധിക വൈദ്യുതി എത്തിച്ചാലും ഓവർലോഡ് തങ്ങാനാകാത്തത് വെല്ലുവിളിയാണ്. രാത്രിയും കൊടുംചൂട് തുടരുമ്പോൾ പവർ കട്ട് ദുരിതം ഇരട്ടിയാക്കും. 2016 മുതൽ ലോഡ് ഷെഡിങ് ഏർപ്പെടുത്താത്തത് വലിയ നേട്ടമായാണ് എൽഡിഎഫ് ഉയർത്തിക്കാട്ടിയിരുന്നത്. അതിനാൽ പവർ കട്ടിൽ എൽഡിഎഫിന്റെ നയപരമായ തീരുമാനം നിർണ്ണായകമാകും.

click me!