
കൊച്ചി: പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ശന സുരക്ഷ ക്രമീകരണങ്ങളുമായി പൊലീസ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന്‍ ഒരുക്കുമെന്നും അട്ടിമറി സാധ്യത ഒഴിവാക്കാൻ മുന്‍കരുതലുകളെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. എക്സൈസും പ്രത്യേക പരിശോധനകള്‍ നടത്തും. പുതുവര്‍ഷ രാത്രിയില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യം കണക്കിലെടുത്ത് വാട്ടര്‍ മെട്രോ പ്രത്യേക സര്‍വീസുകള്‍ നടത്തും. പുതുവത്സര തലേന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് ജനം ഒഴുകിയെത്തും. ഇതിനാൽ തന്നെ ഗതാഗതകുരുക്ക് അടക്കമുണ്ടാകാനുള്ള സാധ്യതയുണ്ട്. കൊച്ചി നഗരത്തിൽ പുതുവത്സര തലേന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും. പുതുവത്സരാഘോഷത്തിന്‍റെ നിരീക്ഷണത്തിനായി ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കൊച്ചി കമ്മീഷണറേറ്റിലെ നാല് എസിപിമാരെയും പശ്ചിമ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ ചുമതലക്കായി വിന്യസിക്കും. ഇവര്‍ക്കൊപ്പം പത്ത് ഇൻസ്പെക്ടര്‍മാര്‍ ചുമതലയിലുണ്ടാകും. ഡിസംബര്‍ 31ന് ഉച്ചക്ക് രണ്ട് മണി മുതല്‍ നിയന്ത്രണങ്ങളുണ്ടാകും. റോഡരികിലെ പാര്‍ക്കിങ്ങുകള്‍ പൂര്‍ണമായും നിരോധിക്കും. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ ബിഷപ്പ് ഹൗസ് പാര്‍ക്കിങ് ഏരിയ, സാന്റാക്രൂസ് സ്‌കൂള്‍ ഗ്രൗണ്ട്, സെയന്‍റ്സ് പോള്‍സ് സ്‌കൂള്‍ ഗ്രൗണ്ട്, ഡെല്‍റ്റാ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam