സിഇടി വിദ്യാർത്ഥിയുടെ മരണം; ഭർത്താവിനെ സംശയമെന്ന് വളർത്തമ്മ; അന്വേഷണം വേണമെന്ന് പ്രിൻസിപ്പാൾ

By Web TeamFirst Published Nov 10, 2019, 10:30 AM IST
Highlights
  • രതീഷിന്റെ മരണത്തിന് പിന്നിൽ കഞ്ചാവ് മാഫിയയെന്ന് സുഹൃത്തുക്കൾ
  • തന്നെയും മകനെയും മർദ്ദിച്ചത് ഭർത്താവും സംഘവുമെന്ന് രതീഷിന്റെ വളർത്തമ്മ
  • രതീഷ് ആത്മഹത്യാ പ്രവണത കാണിച്ചിരുന്നില്ലെന്ന് കോളേജ് പ്രിൻസിപ്പാൾ

തിരുവനന്തപുരം: കാണാതായ സിഇടി കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ തന്റെ ഭർത്താവാണെന്ന് സംശയമുള്ളതായി, മരിച്ച വിദ്യാർത്ഥിയുടെ വളർത്തമ്മ ഗിരിജ. എഞ്ചിനീയറിംഗ് വിദ്യാർത്ഥി രതീഷിനെ, സിഇടി കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

രതീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വളർത്തമ്മ ഗിരിജ പറഞ്ഞു. "ഭർത്താവ് അനിരുദ്ധനെ സംശയമുണ്ട്. ഭർത്താവിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് തന്നെയും മകനെയും ആക്രമിച്ചത്. രതീഷിനെ ഇയാൾ ശല്യപ്പെടുത്തിയിരുന്നു," ഗിരിജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം രതീഷ് ആത്മഹത്യപ്രവണത കാണിച്ചിരുന്നില്ലെന്നു കോളജ് പ്രിൻസിപ്പാൾ പ്രൊഫസർ ജിജി സി.വി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആത്മഹത്യ തന്നെയാണോയെന്ന് സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് പരീക്ഷഹാളിൽ നിന്ന് നേരത്തെ ഇറങ്ങിയ രതീഷിനെ പിന്നീട് കാണാതാവുകയായിരുന്നു. രാത്രി 9.30 വരെ കോളേജിലും ചുറ്റുവട്ടത്തും തെരച്ചിൽ നടത്തിയിരുന്നുവെന്നും എന്നാൽ അതിന് ശേഷം തെരച്ചിൽ നടത്തിയില്ലെന്നുമാണ് സുഹൃത്തുക്കൾ ആരോപിച്ചത്. 

ശനിയാഴ്ച രാത്രി, പതിവ് പരിശോധനയിലാണ് കോളജിലെ  സെക്യൂരിറ്റി ജീവനക്കാർ മൃതദേഹം കണ്ടെത്തിയതെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. നെയ്യാറ്റിൻകര സ്വദേശി രതീഷ് കുമാറാണ് മരിച്ചത്. ഇദ്ദേഹത്തിന് കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ ആരോപിച്ചിട്ടുണ്ട്. കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവർ പലവട്ടം രതീഷിനെ മർദ്ദിച്ചിരുന്നുവെന്നും പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ഇവർ കുറ്റപ്പെടുത്തി.

രതീഷിനെ കാണാതായ വിവരം അറിയിച്ചിട്ടും പൊലീസ് എത്താൻ വൈകിയെന്നാണ് ഇവർ ആരോപിച്ചത്. കഴിഞ്ഞ രണ്ട് ദിവസവും പൊലീസ് കാര്യമായ തെരച്ചിൽ നടത്തിയില്ലെന്നും ഇവർ ആരോപിച്ചു. നെയ്യാറ്റിൻകരയിൽ താമസിച്ചിരുന്ന രതീഷ് മുൻപ് കഞ്ചാവ് വില്പനക്കരെ കുറിച്ചു എക്സൈസ് ന് വിവരം നൽകിയിരുന്നു. ഇതാണ് പകയ്ക്ക് കാരണമെന്നും സുഹൃത്തുക്കൾ പറഞ്ഞു.

കാണാതായ ശേഷവും രതീഷിന്റെ മൊബൈൽ, കോളജ് പരിസരത്ത് സിഗ്നൽ കാണിച്ചിട്ടും പൊലീസിന് കണ്ടെത്താനായില്ലെന്നും സുഹൃത്തുക്കൾ കുറ്റപ്പെടുത്തി. കാണാതായി, 24 മണിക്കൂറോളം സിഗ്നൽ ഉണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു. മകന്റെ മരണത്തിൽ സംശയമുണ്ടെന്ന് അമ്മ ഗിരിജ പൊലീസിനോട് പറഞ്ഞു. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്ന് അമ്മ ആവശ്യപ്പെട്ടു. ആർഡിഒ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.

click me!