കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്; കെ.ആർ.പ്രേംകുമാർ കോൺഗ്രസ് സ്ഥാനാർത്ഥി

By Web TeamFirst Published Nov 10, 2019, 8:49 AM IST
Highlights
  • മേയർ സൗമിനി ജയിനിനെ മാറ്റുന്ന കാര്യത്തിൽ തൽക്കാലം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാൻ നേതാക്കൾക്ക് നിർദ്ദേശം നൽകി
  • ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് ശേഷം കെപിസിസിയിൽ മേയറെ മാറ്റുന്നതിനായി സമ്മർദ്ദം ചെലുത്തുകയാണ് ലക്ഷ്യം

കൊച്ചി: ടിജെ വിനോദ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് കെ.ആർ.പ്രേംകുമാറിനെ മത്സരിപ്പിക്കാൻ എറണാകുളം ജില്ലാ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. മേയർ സൗമിനി ജയിനിനെ മാറ്റുന്ന കാര്യത്തിൽ തൽക്കാലം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാൻ നേതാക്കൾക്ക് നിർദ്ദേശം നൽകി.

സൗമിനിയെ മാറ്റുന്നതിൽ കോർപ്പറേഷൻ കൗൺസിൽ അംഗങ്ങൾക്കിടയിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ടി.ജെ വിനോദ് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൊച്ചി കോ‍പ്പേറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിവ് വന്നത്. 

ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ് ഡെപ്യൂട്ടി മേയർ സ്ഥാനം. ഫോർട്ട് കൊച്ചി 18 ആം ഡിവിഷനിലെ കൗൺസിൽ അംഗമാണ് കെ.ആർ പ്രേം കുമാർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനം. നിലവിൽ 37 അംഗങ്ങളുള്ളതിനാൽ തെരഞ്ഞെടുപ്പ് വെല്ലുവിളിയാകില്ലെന്ന് നേതൃയോഗം വിലയിരുത്തി.

മേയർ സൗമിനി ജയിനിനെ മാറ്റണമെന്ന ആവശ്യവും എ-ഐ ഗ്രൂപ്പ് അംഗങ്ങൾക്കിടയിൽ ഉണ്ടെങ്കിലും തൽക്കാലം പരസ്യപ്രതികരണം നടത്തേണ്ടെന്നാണ് തീരുമാനം. സൗമിനി ജയിനിനെ നീക്കിയാൽ രാജിവെക്കുമെന്ന് ഇതിനകം ഒരു കൗൺസിൽ അംഗം പരസ്യമായി വ്യക്തമാക്കി. ഇത്തരം സാഹചര്യം ഉണ്ടായാൽ കോർ‍പ്പേറേഷനിൽ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ നഷടമാകുന്ന സ്ഥിതിയുമുണ്ടാകും.13ന് നടക്കുന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് ശേഷം കെപിസിസിയിൽ മേയറെ മാറ്റുന്നതിനായി സമ്മർദ്ദം ചെലുത്തുകയാണ് ലക്ഷ്യം.

click me!