കോട്ടയം നഗരത്തിൽ ബാലഭിക്ഷാടനം, നാല് കുട്ടികളെ രക്ഷപ്പെടുത്തി, ഒപ്പമുള്ളവരാരെന്നതിൽ സംശയം

By Web TeamFirst Published Sep 12, 2022, 1:27 PM IST
Highlights

മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട് വയസുകൾ പ്രായമുള്ള നാല് കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. തെലുങ്കും, ഹിന്ദിയും ഭാഷകളാണ് കുട്ടികൾ സംസാരിക്കുന്നത്. 

കോട്ടയം : കോട്ടയം നഗരത്തിൽ ഭിക്ഷാടനം നടത്തുകയായിരുന്ന നാല് കുട്ടികളെ രക്ഷപ്പെടുത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്തും, ഹോട്ടൽ മാലിക്ക് മുന്നിലും, സമീപത്തെ റോഡുകളിലും ഭിക്ഷാടനം നടത്തുന്നതിനിടെയാണ് മൂന്ന്, അഞ്ച്,ഏഴ്, പന്ത്രണ്ട് വയസുകൾ പ്രായമുള്ള നാല് കുട്ടികളെ രക്ഷപ്പെടുത്തിയത്. തെലുങ്കും, ഹിന്ദിയും ഭാഷകളാണ് കുട്ടികൾ സംസാരിക്കുന്നത്.

കുട്ടികൾക്കൊപ്പം മുതിർന്നവരും സമീപത്ത് ഉണ്ടായിരുന്നുവെങ്കിലും ഇവർ രക്ഷിതാക്കളാണോ എന്നതിൽ  വ്യക്തമായിട്ടില്ല. ഓണ ദിവസങ്ങളിലാണ് ട്രെയിനിൽ സംഘം കോട്ടയത്തെത്തിയതെന്നാണ് വിവരം.

കുട്ടികൾ ഭിക്ഷ യാചിക്കുന്നതിനായി അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുകയും, വാഹനങ്ങളുടെ മുന്നിലേക്ക് പോകുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ചൈൽഡ് ലൈനിൽ പരാതി എത്തിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരും, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അധികൃതരും എത്തി കുട്ടികളെയും ഒപ്പമുള്ളവരെയും സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച് വിവരങ്ങൾ ശേഖരിച്ച് വരുകയാണ്.

കുട്ടികളുടെ കൃത്യമായ  പേര്, പ്രായം, സ്വദേശം, മേൽവിലാസം തുടങ്ങി യാതൊരു വിവരങ്ങളും, ഔദ്യോഗീക രേഖകളും ഇവരിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനാൽ കുട്ടികളെ താൽക്കാലികമായി കോട്ടയത്തെ സംരക്ഷണ കേന്ദ്രത്തിൽ പരിപാലിക്കും.
മാതാപിതാക്കളാണെന്ന് തെളിയിക്കുന്ന രേഖകളുമായി ഒപ്പമുള്ളവർ എത്തിയാൽ കുട്ടികളെ വിട്ടുനൽകാനാണ് നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാനം.

click me!