
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടത്ത് ഇന്നുണ്ടായ വാഹനാപകടത്തിൽ നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലത്തും കോഴിക്കോടും കണ്ണൂരിലുമാണ് അതിദാരുണമായ അപകടങ്ങൾ നടന്നത്. കൊല്ലത്ത് നടന്ന അപകടത്തിലാണ് മൂന്ന് മരണം സംഭവിച്ചത്.
കൊല്ലം താന്നിയിൽ വാഹനപകടം നടന്നത്. ഇതിൽ മൂന്ന് മത്സ്യതൊഴിലാളികളാണ് മരിച്ചത്. കൊല്ലം പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. താന്നി ബീച്ചിന് സമീപത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ഇവര്‍ മൂന്ന് പേരും ഒരുമിച്ച് സഞ്ചരിച്ച ബൈക്ക് ടെട്രാ പോഡിൽ ഇടിച്ച് വീണ നിലയിലാണ് കണ്ടെത്തിയത്. മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
രാവിലെ കോഴിക്കോടായിരുന്നു രണ്ടാമത്തെ അപകടം നടന്നത്. താമരശേരിക്ക് അടുത്ത് ചുങ്കത്ത് ടിപ്പർ ലോറി ഇടിച്ചാണ് യുവതി മരിച്ചത്. ഫാത്തിമ സാജിദ എന്ന ചുങ്കം സ്വദേശിയായ 30കാരിയാണ് മരിച്ചത്. രാവിലെ 7.15 ഓടെയായിരുന്നു അപകടം നടന്നത്. കുട്ടിയെ സ്കൂൾ ബസിൽ കയറ്റി വിട്ട് റോഡരികിൽ നിൽക്കുകയായിരുന്നു ഫാത്തിമ സാജിത. അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ഇവരെ ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ടിപ്പര്‍ ലോറിയും ഇതിന്റെ ഡ്രൈവറും ഇപ്പോൾ താമരശേരി പൊലീസിന്റെ കസ്റ്റഡിയിലാണ്. സ്വകാര്യ കൺസ്ട്രക്ഷൻ കന്പനിയുടേതാണ് അപകടം ഉണ്ടാക്കിയ ടിപ്പർ ലോറിയെന്നും പൊലീസ് അറിയിച്ചു.
കണ്ണൂർ കണ്ണപുരത്താണ് മൂന്നാമത്തെ അപകടം നടന്നത്. ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാർ പൂർണമായും കത്തി നശിച്ചു. രാവിലെ എട്ട് മണിയോടെയാണ് സംഭവം. മാരുതി സ്വിഫ്റ്റ് കാറും ബൈക്കുമാണ് അപകടത്തിൽ പെട്ടത്. ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്കും കാര്‍ യാത്രികനും പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
അതേസമയം ആലപ്പുഴ വണ്ടാനത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. പട്ടശേരി പുന്നേഴത്ത് രുക്മിണിയമ്മ (90) ആണ് മരിച്ചത്. ഇന്ന് രാവിലെ കട്ടിലിൽ നിന്ന് താഴെ വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.