സംസ്ഥാനത്തേക്ക് നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ് വാക്സീൻ കൂടി എത്തി

By Web TeamFirst Published May 4, 2021, 9:24 PM IST
Highlights

നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ് വാക്‌സീൻ ആണ് ഇന്ന്  തിരുവനന്തപുരത്തെത്തിച്ചത്. നാളെ എറണാകുളം, കോഴിക്കോട് മേഖലകളിലേക്ക് വാക്‌സീൻ  കൈമാറും.

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കൂടുതൽ കൊവിഡ് വാക്സീൻ എത്തി. കേന്ദ്രസർക്കാരിൽ നിന്ന് നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ് വാക്‌സീൻ ആണ് ഇന്ന്  തിരുവനന്തപുരത്തെത്തിച്ചത്. നാളെ എറണാകുളം, കോഴിക്കോട് മേഖലകളിലേക്ക് വാക്‌സീൻ  കൈമാറും.

75000 ഡോസ് കൊവാക്സീനും പുതിയതായി കേരളത്തിലെത്തിയിരുന്നു. അതേസമയം, പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സീനേഷന്‍ സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നൊരു നിര്‍ദേശവും കിട്ടിയിട്ടുമില്ല. കൊവാക്സീനും കൊവിഷീൽഡും ഉൾപ്പെടെ ആകെ 2 ലക്ഷം ഡോസ് വാക്സീനാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. പല ജില്ലകളിലും നല്‍കിയിട്ടുള്ളത് വളരെ കുറച്ച് ഡോസ് വാക്സീൻ മാത്രമാണ്. ഇന്ന് കൂടുതല്‍ കേന്ദ്രങ്ങളിൽ വാക്സീനേഷൻ നടന്നതിനാൽ ആകെ ഉള്ള വാക്സീനില്‍ നല്ലൊരു പങ്കും ഉടൻ തീരും. ഈ സാഹചര്യത്തിലാണ് നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ കേരളത്തിലെത്തിയത്. 

കൊവിഡ് വാക്സീൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും ആവർത്തിച്ച് പറഞ്ഞു. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല. 18 മുതൽ വാക്സീൻ നൽകുമെന്ന് പ്രഖ്യാപിച്ചത് പ്രാവർത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം. കേരളത്തിന് ലഭിച്ച വാക്സീൻ മുഴുവൻ നല്ല രീതിയിൽ ഉപയോ​ഗിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കോടി ഡോസ് വാക്സീൻ വാങ്ങുന്ന കാര്യത്തെക്കുറിച്ചുള്ള മാധ്യപ്രവർത്തകരുടെ ചോദ്യത്തിന് വാക്സീൻ ലഭ്യമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മനുഷ്യൻ ആശങ്കയിൽ നിൽക്കുമ്പോൾ കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുകയാണോ വേണ്ടത്. കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. അത് തിരുത്തുമെന്ന് പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!