
പാലക്കാട് : ഷാജഹാൻ കൊലക്കേസിൽ നാല് പേര്‍ക്കൂടി അറസ്റ്റിൽ.വിഷ്ണു,സുനീഷ്,ശിവരാജൻ,സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൃത്യം നടക്കുമ്പോൾ ഇവരും സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. മലമ്പുഴ കവയിൽ നിന്നാണ് ഇവര്‍ പിടിയിലായത്. കേസിൽ ഇതുവരെ എട്ടുപേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
ഷാജഹാൻ കൊല്ലപ്പെട്ട് അഞ്ച് ദിവസമായിട്ടും കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഷാജഹാനെ കൊലപ്പെടുത്തിയത് വ്യക്തിവിരോധം മൂലമാണെന്ന പൊലീസിന്റെ കണ്ടെത്തലിൽ കടുത്ത അതൃപ്തിയിലാണ് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് വിയോജിപ്പ് തുടങ്ങിയത് എന്ന പൊലീസ് ഭാഷ്യവും സിപിഎം തള്ളുന്നു.
പ്രതികളുമായി ബന്ധപ്പെട്ട്, 'ശ്രീകൃഷ്ണ ജയന്തി ബോർഡ് വയ്ക്കൽ, രക്ഷബന്ധൻ പരിപാടി കഴിഞ്ഞു വന്നു. രാഖി ഉണ്ടായിരുന്നു' എന്നെല്ലാമാണ് പൊലീസ് വിശദീകരിച്ചത്. ഇതൊക്കെ ആര്‍എസ്എസ് ബന്ധത്തിനുള്ള തെളിവല്ലേയെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ചോദിക്കുന്നു. . 'കൊലപാതകത്തിന് ആര്‍എസ്എസിന്റെ സഹായം പ്രതികൾക്ക് കിട്ടി. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പിലാക്കിയത്. പ്രതികൾക്ക് ആര്‍എസ്എസ് ബന്ധമാണുള്ളതെന്നും വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പൊലീസ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സിപിഎം ചോദിക്കുന്നു.
അതേ സമയം, ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളായ അനീഷ്, ശബരീഷ്, സുജീഷ്, നവീൻ എന്നിവരെ പാലക്കാട് കോടതിയിൽ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന് പരിശോധിക്കണമെന്നും അതിനാൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. നിലവിലെ പ്രതിപ്പട്ടികയിലുള്ള 8 ൽ കൂടുതൽ പേർ കസ്റ്റഡിയിലുണ്ട്. ഇതിൽ ആർക്കൊക്കെ സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പരിശോധിക്കുന്നത്. പ്രതികൾക്ക് പുറത്തു നിന്നുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. കൊലയ്ക്ക് രണ്ടു ദിവസം മുമ്പ് പ്രതികൾ പങ്കെടുത്ത രക്ഷാബന്ധൻ ഉൾപ്പെടെയുള്ള പരിപാടിയിൽ ആരൊക്കെയുണ്ടായിരുന്നെന്നും അന്വേഷിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam