
തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് വയോധികയെ ആക്രമിച്ച് ഏഴരപ്പവൻ സ്വർണം കവർന്ന സംഭവത്തിൽ നാലുപേര്‍ പിടിയിലായി. ഷീബ, റീന, ശരത്, രാജൻ എന്നിവരാണ് അറസ്റ്റിലായത്. വയോധിക താമസിക്കുന്ന അപാര്‍ട്ട്മെന്‍റിലെ താമസക്കാരിയാണ് പിടിയിലായ റീന. ഷീബയ്ക്കൊപ്പം ബാധ്യതകള്‍ തീര്‍ക്കാനാണ് റീന കവര്‍ച്ച ആസൂത്രണം ചെയ്തത്. വയോധികയിൽ നിന്ന് മോഷ്ടിച്ച സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. മോഷണം നടത്തിയശേഷം മോഷ്ടാക്കള്‍ റോഡിലൂടെ നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തിയ സ്ത്രീകൾ ഉൾപ്പെടുന്ന സംഘമാണ് പട്ടാപ്പകൽ കവർച്ച നടത്തിയത്.
മോഷ്ടാക്കളും സഹായികളും ഉൾപ്പെടെ ഫോര്‍ട്ട് പൊലീസ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ നാലുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ പതിനൊന്നിനാണ് തലസ്ഥാന നഗരത്തിൽ ആസൂത്രിത കവർച്ച നടന്നത്. അപാർട്മെന്‍റിന്‍റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിക്കുന്ന 64കാരിയെ ആക്രമിച്ചാണ് ആഭരണങ്ങൾ കവർന്നത്. മൂന്ന് പവന്‍റെ മാലയും ആറ് വളകളുമാണ് മോഷ്ടിച്ചത്. രണ്ട് ദിവസം മുമ്പും ഇതേ സംഘം പരിസരത്ത് എത്തിയിരുന്നു. തുടര്‍ന്ന് സ്ഥലം നിരീക്ഷിച്ചശേഷമാണ് ഇന്നലെ മോഷണം നടത്തിയത്. തൃശ്ശൂർ സ്വദേശിയായ വിഷ്ണുവും അമ്മയും നാല് വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്നു. പകൽ സമയങ്ങളിൽ അമ്മ മാത്രമാണ് വീട്ടിലുണ്ടാവുകയെന്ന് മനസിലാക്കിയാണ് മോഷ്ടാക്കൾ കൃത്യം നടത്തിയത്. വയോധികയും മകനും താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റിന്‍റെ താഴത്തെ നിലയിലാണ് റീന താമസിക്കുന്നത്. റീനയുടെ ബന്ധുവാണ് ഷീബയെന്നാണ് പൊലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam