നാലാമത് ടിഎൻജി പുരസ്കാര സമർപ്പണം ഇന്ന്; പ്രദീപ് കുമാർ എംഎൽഎയ്ക്ക് എംടി പുരസ്കാരം സമ്മാനിക്കും

By Web TeamFirst Published Jan 30, 2020, 7:01 AM IST
Highlights

അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന കോഴിക്കോട്ടെ സര്‍ക്കാര്‍ സ്കൂളുകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ 'പ്രിസം പദ്ധതി' ആവിഷ്കരിച്ച് നടപ്പാക്കിയ എ പ്രദീപ് കുമാര്‍ എംഎല്‍എയ്ക്കാണ് ഈ വര്‍ഷത്തെ ടിഎന്‍ജി പുരസ്കാരം.

കോഴിക്കോട്: നാലാമത് ടി എൻ ജി പുരസ്കാരം കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാറിന് എം ടി വാസുദേവന്‍ നായര്‍ ഇന്ന് സമ്മാനിക്കും. കോഴിക്കോട് കാരപ്പറമ്പ് ഗവണ്‍മെന്‍റ് ഹയർ സെക്കണ്ടറി സ്കൂളിൽ വൈകീട്ട് അഞ്ചരയ്ക്ക് നടക്കുന്ന പുരസ്കാരദാന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫായിരുന്ന ടി എൻ ഗോപകുമാർ ഓർമ്മയായിട്ട് ഇന്ന് നാലുവർഷം തികയുകയാണ്.

പ്രശസ്ത മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്ന ടിഎന്‍ ഗോപകുമാറിന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ടിഎന്‍ജി പുരസ്കാരം ഇക്കുറി പൊതുവിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനയ്ക്കാണ് നല്‍കുന്നത്. അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന കോഴിക്കോട്ടെ സര്‍ക്കാര്‍ സ്കൂളുകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ 'പ്രിസം പദ്ധതി' ആവിഷ്കരിച്ച് നടപ്പാക്കിയ എ പ്രദീപ് കുമാര്‍ എംഎല്‍എയ്ക്കാണ് ഈ വര്‍ഷത്തെ ടിഎന്‍ജി പുരസ്കാരം. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവുമാണ് പുരസ്കാരം. 

കേരളത്തിലെ 14 ജില്ലകളിലെയും പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള മികച്ച വികസനമാതൃകകളില്‍ നിന്നാണ് പ്രിസം പദ്ധതിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. വൈകിട്ട് 5.30ന് കോഴിക്കോട് കാരപ്പറമ്പ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന പുരസ്കാരവിതരണച്ചടങ്ങ് വിദ്യാഭ്യാസമന്ത്രി സി രവിന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ അഭിമാനമായ എം.ടി വാസുദേവന്‍നായര്‍ പുരസ്കാരം സമ്മാനിക്കും. പുരസ്കാരദാന ചടങ്ങിനു ശേഷം മെഹ്ഫില്‍ ഇ സമ അവതരിപ്പിക്കുന്ന ഖവാലി സംഗീതവുമുണ്ടാകും.

click me!