ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിടുതൽ ഹർജിയിൽ ഇന്ന് വാദം; വിചാരണ തുടങ്ങുംമുമ്പ് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യം

By Web TeamFirst Published Feb 22, 2020, 6:38 AM IST
Highlights

വിചാരണ തുടങ്ങുന്നതിന് മുന്‍പ് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കൽ ഹർജി നല്കിയത്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ വിടുതല്‍ ഹർജിയില്‍ ഇന്ന് വാദം കേള്‍ക്കും. വിചാരണ തുടങ്ങുന്നതിന് മുന്‍പ് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കൽ ഹർജി നല്കിയത്. ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്കിയ തടസ്സ ഹർജികളിലും ഇന്ന് വാദം തുടങ്ങും.ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോടതിയിൽ ഹാജരാകില്ല. 

കഴിഞ്ഞ നാലു തവണ കോടതി കേസ് പരിഗണിച്ചപ്പോഴും ബിഷപ്പ് ഹാജരായിരുന്നില്ല. വിടുതൽ ഹർജി തള്ളിയാൽ മേൽക്കോടതിയെ സമീപിക്കാനാണ് ഫ്രാങ്കോയുടെ അഭിഭാഷകരുടെ തീരുമാനം. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ്  കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 നഴ്സുമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ  ലൈംഗീകമായി  പീഡിപ്പിക്കൽ ഉൾപ്പടെ ആറു  വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.

click me!