
വയനാട്: കടുത്ത സമരത്തിന് ബ്രഹ്മഗിരിയിലെ നിക്ഷേപകർ. ഒക്ടോബർ 16 ന് ബ്രഹ്മഗിരി ആസ്ഥാനത്ത് മാർച്ചും ധരണയും നടത്താനാണ് തീരുമാനം. പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ലെങ്കിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കും ഡയറക്ടർമാരുടെ വീടുകളിലേക്കും മാർച്ച് നടത്തുമെന്നും നിക്ഷേപകര്‍ പ്രഖ്യാപനം നടത്തി. നിരാഹാര സമരം ഉൾപ്പെടെ നടത്തുമെന്നാണ് നിക്ഷേപകർ വ്യക്തമാക്കുന്നത്. ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് സമരത്തിലേക്കെന്ന തീരുമാനം നിക്ഷേപകര്‍ കൈക്കൊണ്ടത്. ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയില്‍ സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകളും സഹകരണ സംഘങ്ങളും കോടികള്‍ നിക്ഷേപിച്ചത് നിയമം ലംഘിച്ചെന്നാണ് റിപ്പോര്‍ട്ട്. നിക്ഷേപങ്ങള്‍ നിയമം അട്ടിമറിച്ചാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. നിക്ഷേപിച്ച പണം കിട്ടാതായതോടെ സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകള്‍ തന്നെ ബ്രഹ്മഗിരിക്കെതിരെ നിയമനടപടി തുടങ്ങിയിരിക്കുകയാണ്.
ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയിലേക്ക് വ്യക്തികളില്‍ നിന്ന് കൂടാതെ സഹകരണ മേഖലയില്‍ നിന്ന് കോടി കണക്കിന് രൂപയാണ് സിപിഎം നേതാക്കള്‍ എത്തിച്ചത്. പ്രധാനമായും സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ നിന്നും ഇടത് അനുകൂല സഹകരണ സംഘങ്ങളില്‍ നിന്നുമായിരുന്നു പണം. കോഴിക്കോട് ജില്ലയിലെ ബാങ്കുകളില്‍ നിന്ന് മാത്രം പതിനഞ്ച് കോടിയോളം രൂപയാണ് എത്തിച്ചതെന്നാണ് കണക്ക്. വയനാട് ജില്ലയിലെ കണക്കുകള്‍ ഇങ്ങനെ, (ആരുടെ അനുമതിയോടെയാണ് കോടികള്‍ ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയിലേക്ക് എത്തിയതെന്ന് അറിയാനാണ് വയനാട് ജോയിന്‍റ് ജില്ലാ രജിസ്ട്രാർ ഓഫീസിനെയും ജോയിന്‍റ് ഡയറക്ടർ ഓഡിറ്റ് വിഭാഗത്തെയും സമീപിച്ചത്. എന്നാല്‍ ലഭിച്ച വിവരം ഗൗരവതരമായിരുന്നു)
ജനങ്ങള്‍ പണം നിക്ഷേപിക്കുന്ന സഹകരണ സ്ഥാപങ്ങള്‍ക്ക് ആ പണം തോന്നിയത് പോലെ നിക്ഷേപിക്കാനുള്ള അധികാരമില്ല. നിക്ഷേപിക്കാൻ സഹകരണ രജിസ്ട്രാറുടെ അനുമതി നിർബന്ധമായും വേണം. എന്നാല്‍ ബ്രഹ്മഗിരിയിലേക്ക് ഒഴുക്കിയ പണത്തിന് അത്തരമൊരു അനുമതിയും ഉണ്ടായിരുന്നില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്നും ലഭിച്ച വിവരാവകാശ മറുപടിയില്‍ പറയുന്നു.
നിക്ഷേപങ്ങളില്‍ നിയമലംഘനം ബോധ്യപ്പെട്ടതിനാല്‍ ഓഡിറ്റില്‍ ഒബ്ജെക്ട് ചെയ്തിരുന്നുവെന്ന് സഹകരണ ഓഡിറ്റ് ജോയിന്‍റ് ഡയറക്ടർ വെളിപ്പെടുത്തുന്നു. ഇത് റിപ്പോർട്ടില്‍ ന്യൂനതയായി പരാമർശിക്കുകയും ചെ്യതതായും ഓഡിറ്റ് വിഭാഗം ഏഷ്യാനെറ്റ്ന്യൂസിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. 2022 ല്‍ ബ്രഹ്മഗിരി തകർന്നതോടെ കാര്യങ്ങള്‍ വഷളായെന്ന് ബോധ്യപ്പെട്ട സഹകരണബാങ്കുകളും സംഘങ്ങളും ആ പണം തിരികെ കിട്ടാനായി നെട്ടോടം ഓടുകയാണ്. ഒരു കോടി രൂപ നിക്ഷേപിച്ച സിപിഎം തന്നെ ഭരിക്കുന്ന കോഴിക്കോട് ജില്ലയിലെ പനങ്ങാട് സഹകരണ ബാങ്ക് ബ്രഹ്മഗിരിക്കെതിരെ കോടതിയെ സമീപിച്ചു. പണം ഉടൻ നല്‍കാൻ കോടതി ഉത്തരവ് വന്ന് 9 മാസം കഴിഞ്ഞു ഇനിയും ബ്രഹ്മഗിരി പണം നല്‍കിയിട്ടില്ല.