
കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷന്‍ (Human Rights Commission) മാതൃകയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുകയും സിറ്റിംഗ് നടത്തുകയും ചെയ്ത സ്വകാര്യ ട്രസ്റ്റിന്‍റെ കോഴിക്കോട്ടെ (Kozhikode) ഓഫീസ് പൊലീസ് പൂട്ടിച്ചു. അരയിടത്തുപാലത്ത് പ്രവർത്തിച്ചുവന്ന സ്ഥാപനത്തിന്‍റെ നടത്തിപ്പുകാര്‍ക്കെതിരെ പൊലീസ് (Police) വഞ്ചനാ കുറ്റം ചുമത്തി കേസെടുത്തിട്ടുമുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ പൊതുജനങ്ങളില്‍നിന്ന് അറുപതോളം പരാതികളായിരുന്നു ഇവര്‍ സ്വീകരിച്ചത്.
അരയിടത്തുപാലത്ത് പ്രവർത്തിച്ച ഐ ട്രസ്റ്റ് ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് വെല്‍ഫെയർ എന്ന സ്ഥാപനമാണ് കഴിഞ്ഞ രണ്ടു മാസത്തിലേറെയായി മനുഷ്യാവകാശ പ്രശ്നങ്ങളിലും കുടുംബപ്രശ്നങ്ങളിലും ഇടപെട്ട് ചര്‍ച്ചകള്‍ നടത്തുകയും ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നത്. നിയമപരമായ അധികാരങ്ങളുണ്ടെന്ന് തെറ്റിദ്ദരിപ്പിച്ചായിരുന്നു പരാതികള്‍ സ്വീകരിച്ചത്.
പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുകയും ഇരുകക്ഷികളെയും വിളിച്ചുവരുത്തി സ്ഥാപനത്തിനുള്ളില്‍ സിറ്റിംഗ് നടത്തുകയും ചെയ്തിരുന്നു. മധ്യസ്ഥ ചർച്ച നടത്തി പരാതി പരിഹരിക്കുമ്പോൾ പണം വാങ്ങിയിരുന്നതായും സ്ഥാപനത്തിലുള്ളവർ ആൾമാറാട്ടം നടത്തിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
ആയിരം രൂപ മുതല്‍ മൂവായിരം രൂപവരെയായിരുന്നു ഇവര്‍ ഓരോ കേസിനും കൈപ്പറ്റിയിരുന്നത്. രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു നടക്കാവ് പൊലീസ് അന്വേഷണം നടത്തിയതും ക്രമക്കേട് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഓഫീസ് പൂട്ടിച്ചതും. സ്ഥാപനത്തിന്‍റെ ജനറല്‍ സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ നഹാസ് ഉള്‍പ്പെടെയുള്ള കമ്മറ്റി അംഗങ്ങൾക്കെതിരെ വഞ്ചന കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. സ്ഥാപനത്തില്‍ പരാതി നല്‍കിയ മുഴുവന്‍ ആളുകളെയും കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം.
എന്നാല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് സ്ഥാപന അധികൃതരുടെ പ്രതികരണം. പരാതിക്കാരോട് പണം വാങ്ങാറില്ലെന്നും കൂട്ടായ്മയില്‍ ഭാഗമാകാന്‍ താല്‍പര്യമുളളവരില്‍ നിന്ന് അംഗത്വ ഫീസ് ഈടാക്കുക മാത്രമാണ് ചെയ്തതെന്നും ട്രസ്റ്റ് ജനറല്‍ സെക്രട്ടറി നഹാസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam