
തിരുവനന്തപുരം: ലയണൽ മെസി നായകനായുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിന് ശുപാർശ നൽകി മുഖ്യമന്ത്രി. തുടക്കം മുതലുള്ള ഇടപാടുകളിൽ സമഗ്ര അന്വേഷണം നടത്താനാണ് ശുപാർശ. മുൻ മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തോ എന്നും സ്പോൺസർക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ കിട്ടിയോ എന്നും അന്വേഷിക്കും.
ഫുട്ബോൾ ഇതിഹാസത്തിന്റെ പേരിൽ കേരളത്തിന് നാണക്കേടുണ്ടാക്കിയ തട്ടിപ്പാണ് നടന്നത്. സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം മുതൽ സാമ്പത്തിക ഇടപാടിലെ ദുരൂഹതകൾ വരെ കണ്ടെത്തിയ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിലാണ് നടപടി. പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രി ശുപാർശ നൽകി.
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനിൽക്കുമോ എന്ന് എസ്ഐടി പരിശോധിക്കും. മുൻ മന്ത്രി ഉൾപ്പെടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തോ എന്നും സ്പോൺസർക്ക് നിയവിരുദ്ധ ആനുകൂല്യങ്ങൾ ലഭിക്കാൻ സഹായം ചെയ്തോ എന്നും അന്വേഷിക്കും. വിദേശ പണമിടപാടുകളിൽ കേന്ദ്ര ഏജൻസികളുടെ സഹായം തേടും. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം.
വിജിലൻസിലെ മുതിർന്ന ഉദ്യോഗസ്ഥനെ എസ്ഐടിയുടെ ചുമതല ഏൽപ്പിക്കാനാണ് ആലോചന. കായിക വകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി മൂന്നാഴ്ചക്ക് ശേഷമാണ് തീരുമാനം വരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam