
കോഴിക്കോട്: ജനപ്രവാഹം കൊണ്ട് ശ്രദ്ധേയമായ കോഴിക്കോട് കാരന്തൂരിലെ വീണ്ടും ഹരഹര മഹാദേവക്ഷേത്രത്തിൽ വിവാഹ രജിസ്‌ട്രേഷൻ ക്യാമ്പ്. വിവാഹ രജിഷ്റേഷന് വേണ്ടി നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ ഇന്നെത്തിയത്. ആയിരം പേരെ പ്രതീക്ഷിച്ച് കഴിഞ്ഞ മാസം ക്ഷേത്രത്തിൽ നടത്തിയ വിവാഹ രജിസ്‌ട്രേഷൻ ക്യാമ്പിൽ 7000ത്തോളം പേരാണ് പങ്കെടുത്തത്. കേരളത്തിലെ പല ജില്ലകളിൽ നിന്നാണ് ആളുകള്‍ അന്ന് എത്തിയത്.
കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രം നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അവിവാഹിതരായ ആളുകൾക്കായി വിവാഹ രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിച്ചത്. ക്ഷേത്രപരിസരത്തെ അവിവാഹിതരെ ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചതെങ്കിലും വാട്സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ നോട്ടീസ് വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാഹ രജിസ്ട്രേഷനായി ജില്ലകടന്നും ആളുകളെത്തിയത്. അന്ന് ഒൻപത് മണിക്ക് തുടങ്ങാനിരുന്ന ക്യാംപിൽ ഉദ്ഘാടകൻ എത്തും മുൻപ് തന്നെ ആൾതിരക്ക് നിയന്ത്രിക്കാൻ സംഘാടകർക്ക് ഫോം വിതരണം ചെയ്യേണ്ടിവന്നു. രജിസ്ട്രേഷനെത്തിയവരുടെ ക്യൂ ക്ഷേത്രവളപ്പും കഴിഞ്ഞ് ദേശീയപാതയിലേക്ക് എത്തിയതോടെ പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. അച്ചടിച്ച അപേക്ഷ ഫോം തീർന്നതോടെ പ്രസ് തുറപ്പിച്ച് ഫോട്ടോകോപ്പി ഏർപ്പാടാക്കി.
ആയിരത്തോളം ആളുകളെ ലക്ഷ്യമിട്ട് നടത്തിയ ക്യാംപിൽ പതിനായിരത്തിനടുത്ത് അപേക്ഷയാണ് സംഘാടകർക്ക് ലഭിച്ചത്. അപേക്ഷകരിൽ എണ്‍പത് ശതമാനവും 30 വയസിന് മുകളിൽ പ്രായമുള്ള പുരുഷൻമാരായിരുന്നു. അപേക്ഷകരിൽ കൂടുതൽ പുരുഷന്മാരായതിനാൽ നവംബർ 21 ന് ശേഷമുള്ള എല്ലാ ഞായറാഴ്ചകളിലും ക്ഷേത്രത്തിൽ ക്യാമ്പ് നടത്താന്‍ ഭാരവാഹികള്‍ തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam