
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ എസ് എം എ (SMA) രോഗികൾക്കും പ്രായപരിധിയില്ലാതെ സൗജന്യമായി മരുന്ന് നൽകാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന അഗോറയിലെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടുള്ള ചർച്ചാ വേദിയിലായിരുന്നു ആരോഗ്യ മന്ത്രിയുടെ നിർണായക പ്രഖ്യാപനം. നിലവിൽ 12 വയസ്സുവരെയുള്ളവർക്ക് മാത്രമാണ് സൗജന്യ മരുന്ന് ലഭിച്ചിരുന്നത്. ആരോഗ്യ രംഗത്തെ കൊള്ളയും സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് ഈടാക്കലും അവസാനിപ്പിക്കുന്നതിനായി പുതിയ ബിൽ അടുത്ത ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, എബോള ബാധിത രാജ്യങ്ങളിൽ നിന്ന് വരുന്നവരെ വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നും രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ പുറത്തേക്ക് വിടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ ആരോഗ്യ വകുപ്പ് ഏറ്റെടുത്തതെന്നും കഴിഞ്ഞ സർക്കാരിലെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തന രീതിയെയാണ് വിമർശിച്ചിട്ടുള്ളതെന്നും കെ മുരളീധരൻ വ്യക്തമാക്കി. സിസ്റ്റം പാളിയാൽ ശരിയാക്കേണ്ടയാളാണ് മന്ത്രിയെന്നും അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ് ക്രീമുകളിൽ ഉപയോഗിക്കുന്നതിനേക്കാൾ മാരകമായ രാസവസ്തുക്കളാണ് പല ഭക്ഷണങ്ങളിലും ചേർക്കുന്നത്. ഇത് തടയാൻ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ മേഖലയുടെ പകുതി ശമ്പളം പോലും ലഭിക്കാത്ത സർക്കാർ ഡോക്ടർമാരുടെ കഷ്ടപ്പാടുകൾ സമൂഹം കാണണമെന്നും അതുകൊണ്ടാണ് സ്റ്റാഫ് പാറ്റേൺ മാറ്റാൻ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കവെ, ഗ്രൂപ്പ് യുദ്ധം തുടർന്നാൽ കോൺഗ്രസ് ഇനിയൊരിക്കലും അധികാരത്തിൽ എത്തില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഴയ കാര്യങ്ങളിൽ പുതിയ തലമുറയ്ക്ക് താല്പര്യമില്ലെന്നും നിലവിൽ ക്യാബിനറ്റിൽ ഗ്രൂപ്പില്ലെന്നും പുറത്തുവരുന്ന വാർത്തകൾ യഥാർത്ഥമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണത്തിന്റെ റിമോട്ട് മുഖ്യമന്ത്രിയുടെ കൈയിലാണെന്നും പലരുടെയും പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നുണ്ടെങ്കിലും അവരാരും റിമോട്ട് എടുക്കാൻ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശൻ അഞ്ച് വർഷവും മുഖ്യമന്ത്രിയായി തുടരുമെന്നും കോൺഗ്രസ് ഭരിക്കുമ്പോൾ മാത്രം രണ്ട് മുഖ്യമന്ത്രിമാർ വരുന്ന രീതി വേണ്ടെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
പാർട്ടിയുടെ രണ്ട് തലമുറയിൽപ്പെട്ട നേതാക്കളാണ് ഷാഫിയും ഉണ്ണിത്താനുമെന്നും സൈബർ ആക്രമണം വൃത്തികെട്ട നിലയിലേക്ക് മാറുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലേക്ക് ആര് വരുന്നതും സ്വാഗതാർഹമാണെങ്കിലും അതിന് പ്രവർത്തകരുടെ പിന്തുണ ആവശ്യമാണ്. പത്മജയുടെ പാർട്ടി മാറ്റം കോൺഗ്രസ് പ്രവർത്തകരിൽ വലിയ മുറിവുണ്ടാക്കിയെന്നും അത് പരിഹരിക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പത്മജ പാർട്ടി വിട്ട സമയത്ത് തങ്ങൾ തമ്മിൽ സംസാരിക്കാൻ പോലും സാധിച്ചിരുന്നില്ലെന്നും ടോക്കിംഗ് ടേംസ് പോലും ഇല്ലാതിരുന്ന സാഹചര്യത്തിൽ നിന്ന് കുടുംബബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam