കണ്ണൂരിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രസംഗം വായിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമർശനം.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അത് അവഗണിച്ചു പോകുന്ന നിലയാണ് പലരുടെയും ഭാഗത്തുണ്ടായത്. ശ്രദ്ധയിൽപ്പെടാത്ത മട്ടിലാണ് പല മാധ്യമങ്ങളും കൈകാര്യം ചെയ്തത്. നിങ്ങളുടെ ചോരയ്ക്ക് പകരം ചോദിക്കും എന്നാണ് പ്രസംഗമെന്നും ജനങ്ങളെ സേവിക്കാൻ സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണെന്നും പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗം വായിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമർശനം.
ഒരു സർക്കാർ അധികാരത്തിൽ വരുന്നത് ആരോടെങ്കിലും പക തീർക്കാനാണോ. പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് നിർദേശം നൽകുകയാണോ പ്രസംഗത്തിലൂടെ വേണ്ടത്. സത്യപ്രതിജ്ഞാ ലംഘനമാണ് മുഖ്യമന്ത്രി ചെയ്തത്. പ്രതികാരം ചെയ്യുകയാണോ അധികാരം ഏറ്റ സർക്കാർ ചെയ്യേണ്ടത്. സംസ്ഥാനത്തിന്റെ മോന്തായം വളഞ്ഞ അവസ്ഥയിലാണ്. കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുന്ന സമീപനമാണ് യുഡിഎഫിനുള്ളതെന്നും പിണറായി പറഞ്ഞു.
ജനകീയ വികസന മാതൃക ഇല്ലാതാക്കി. നടപ്പാക്കുന്നത് സംഘപരിവാർ അജണ്ടയാണ്. യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഭാഗമാണോ എന്ന് വ്യക്തമാക്കണം. സാമൂഹ്യ നീതിയിൽ ഊന്നിയ വികസന നയം ഇല്ലാതാക്കി. എല്ലാം കോർപറേറ്റ് ശക്തികൾ കയ്യടക്കാൻ അവസരം ഉണ്ടാക്കുന്നു. ആസൂത്രണ പ്രക്രിയ തന്നെ സ്വകാര്യ വ്യക്തികൾക്ക് അടിയറ വെക്കുകയാണ്. സാധാരണക്കാർ ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാത്ത അവസ്ഥയിലാണ്. ബഡ്ജറ്റിന് പുറത്ത് നിന്ന് സ്വകാര്യ നിക്ഷേപത്തിനു സർക്കാർ ശ്രമിക്കുന്നു. കേരളത്തിൽ കുടുംബശ്രീയും സഹകരണ സംഘങ്ങളും വരെ ബഹുരാഷ്ട്ര കമ്പനികൾക്കൊപ്പം ചേർത്ത് സ്വകാര്യ വത്കരിക്കുന്നു. കിഫ്ബിയെ പൂർണമായും ഇല്ലാതാക്കി. പൊതുജനസേവന മേഖലകളിൽ നീക്കി വയ്ക്കുന്ന ഫണ്ട് കുറയും. കോർപറേറ്റുകൾക്ക് ഉള്ള നഷ്ടം സർക്കാർ നികത്തും. ഗവർണറുമായി സംഘർഷത്തിന് ഇല്ലെന്ന സർക്കാർ നിലപാട് വിചിത്രമാണ്. അവിശുദ്ധ നീക്കം ഇതിനു പിന്നിൽ ഉണ്ട്. കേന്ദ്ര സർക്കാരിന് മുന്നിൽ വഴങ്ങുകയാണ് യുഡിഎഫ്. മോഡി സർക്കാരിന് മുന്നിൽ അടിയറവു പറയുന്ന രീതി ആണ് ഇപ്പോഴുള്ളത്. സംസ്ഥാനത്ത് എത്ര എസ്ഐടി ഉണ്ടെന്നറിയാൻ എസ്ഐടി കമ്മീഷൻ വെക്കേണ്ട അവസ്ഥയാണെന്നും പിണറായി പറഞ്ഞു.













