കുടിശ്ശിക നല്‍കാത്തതിനെതിരെ മരുന്ന് കമ്പനികള്‍; സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ മരുന്ന് വിതരണം പ്രതിസന്ധിയിലേക്ക്

Published : Sep 01, 2019, 10:11 AM ISTUpdated : Sep 01, 2019, 10:38 AM IST
കുടിശ്ശിക നല്‍കാത്തതിനെതിരെ മരുന്ന് കമ്പനികള്‍; സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ മരുന്ന് വിതരണം പ്രതിസന്ധിയിലേക്ക്

Synopsis

ഇക്കാര്യമറിയിച്ച് കമ്പനികള്‍ , മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് നല്‍കിയ കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി . പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നാണ് കോര്‍പ്പറേഷൻ അധികൃതരുടെ വിശദീകരണം .

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ സൗജന്യ മരുന്ന് വിതരണം പ്രതിസന്ധിയിലേക്ക് . മരുന്ന് നല്‍കിയ ഇനത്തില്‍ 160 കോടി രൂപ കുടിശ്ശിക വന്നതോടെ മരുന്ന് വിതരണം ചെയ്യുന്നത് നിര്‍ത്താൻ കമ്പനികള്‍ തീരുമാനിച്ചു . ഇക്കാര്യമറിയിച്ച് കമ്പനികള്‍, മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് നല്‍കിയ കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി . പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നാണ് കോര്‍പ്പറേഷൻ അധികൃതരുടെ വിശദീകരണം .

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേക്കും സൗജന്യ ജനറിക് മരുന്നുകൾ എത്തിക്കുക , ഇതിനായി മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് ഇത്തവണ ബജറ്റില്‍ അനുവദിച്ചത് 360 കോടി രൂപ . ഇതുവരെ കോര്‍പ്പറേഷന് കിട്ടിയത് 200 കോടി രൂപയില്‍ താഴെ മാത്രം. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതിനാൽ കരാര്‍ അനുസരിച്ച് നല്‍കേണ്ട  മരുന്നുകൾ കമ്പനികള്‍ എത്തിച്ച് തുടങ്ങിയിരുന്നു . എന്നാല്‍ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത മരുന്നുകളുടെ പണം പോലും നല്‍കാനാകാത്ത അവസ്ഥയില്‍ കോര്‍പ്പറേഷൻ എത്തിയതോടെ മരുന്ന് വിതരണം നിര്‍ത്താൻ കമ്പനികള്‍ തീരുമാനിക്കുകയായിരുന്നു . 

കരാര്‍ അനുസരിച്ച് മരുന്ന് നല്‍കി 45 ദിവസത്തിനകം പണം നല്‍കണമെന്നാണ് വ്യവസ്ഥ . അത് തെറ്റിയതോടെ ജീവൻ രക്ഷാ മരുന്നുകളും ഐവി സെറ്റ് , സിറിഞ്ച് , സൂചി , കോട്ടണ്‍, ഗ്ലൗസ് എന്നിവയും വിതരണം ചെയ്യുന്നത് നിര്‍ത്തുമെന്നറിയിച്ച് കമ്പനികള്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് കത്ത് നല്‍കി. പ്രതിസന്ധി രൂക്ഷമായതോടെ കോര്‍പ്പറേഷൻ ധനവകുപ്പിനെ സമീപിച്ചു. പണം ഗഡുക്കളായി നല്‍കാമെന്ന് ധനവകുപ്പ് അറിയിച്ചെങ്കിലും എന്ന് നല്‍കുമെന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല . ഇതിനിടെ  സൗജന്യ മരുന്ന് വിതരണത്തിന് തുക കണ്ടെത്താൻ ബിവറേജസ് കോര്‍പ്പറേഷൻറെ വില്‍പ്പനയിൽ ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തി ഏതാണ്ട് 307 കോടി രൂപ ധനവകുപ്പ് സമാഹരിച്ചെങ്കിലും ഒരു രൂപ പോലും മെഡിക്കല്‍ കോര്‍പ്പറേഷന് നല്‍കിയിട്ടില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ട, സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കും'; പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി
ഏറ്റവും കൂടുതൽ പേരെ ഹജ്ജിനയച്ചത് ഈ സർക്കാരിന്റെ കാലത്ത്: മന്ത്രി വി അബ്ദുറഹ്മാൻ