
കേരളത്തിലെ ഡിജിറ്റൽ ഇടങ്ങളിൽ ഇന്ന് വലിയൊരു മാറ്റം നടക്കുകയാണ്. എന്നാൽ ഈ മാറ്റം ആശയപരമല്ല, മറിച്ച് സാമ്പത്തികവും തന്ത്രപരവുമാണ്. ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള എന്റർടൈൻമെന്റ് പേജുകൾ ഒരൊറ്റ രാത്രികൊണ്ട് തങ്ങളുടെ മുഖച്ഛായ മാറ്റിക്കഴിഞ്ഞു. ഇന്നലെ വരെ നടിമാരുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും സിനിമയിലെ ഇന്റർവ്യൂ ക്ലിപ്പുകളും ഗോസിപ്പുകളും കുത്തിനിറച്ചിരുന്ന പേജുകളിൽ ഇന്ന് നിറയുന്നത് രാഷ്ട്രീയക്കാരുടെ ചിരിക്കുന്ന മുഖങ്ങളും വികസന വാഗ്ദാനങ്ങളുമാണ്. സിനിമയുടെ ഗ്ലാമറിനെ രാഷ്ട്രീയത്തിന്റെ വോട്ട് ബാങ്കാക്കി മാറ്റുന്ന ഈ പുതിയ പിആർ തന്ത്രം കേരളത്തിലെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സവിശേഷതയായി മാറിക്കഴിഞ്ഞു.
മോളിവുഡിലെ സെൻസേഷണൽ വാർത്തകൾക്കും സെലിബ്രിറ്റി അപ്‌ഡേറ്റുകൾക്കുമായി രൂപീകരിച്ച ഇൻസ്റ്റാഗ്രാം ചാനലുകൾക്ക് വലിയൊരു പ്രത്യേകതയുണ്ട്, അവയുടെ റീച്ച്. ലക്ഷക്കണക്കിന് യുവാക്കളാണ് ഇത്തരം പേജുകളുടെ സ്ഥിരം സന്ദർശകർ. രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക പേജുകൾക്ക് കിട്ടുന്നതിനേക്കാൾ നാലിരട്ടി റീച്ച് ഒരു സാധാരണ സിനിമ ട്രോൾ പേജിന് ലഭിക്കുന്നുണ്ടെന്ന് രാഷ്ട്രിയക്കാർ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതിന്റെ ഫലമായാണ് സിനിമകൾക്ക് വേണ്ടി മാത്രം മാറ്റിവെച്ചിരുന്ന ഈ ഇടങ്ങളിലേക്ക് രാഷ്ട്രീയ അജണ്ടകൾ കടന്നുവരുന്നത്. നടി-നടന്മാരുടെ സ്വകാര്യ ജീവിതവും ലൊക്കേഷൻ വിശേഷങ്ങളും തേടിപ്പിടിച്ച് പോസ്റ്റ് ചെയ്തിരുന്നവർ ഇന്ന് തിരക്കിലാണ്. അവർ ഇന്ന് എഡിറ്റ് ചെയ്യുന്നത് സ്ഥാനാർത്ഥികളുടെ റോഡ് ഷോകളും പ്രസംഗങ്ങളുമാണ്. സിനിമയിലെ ബിജിഎമ്മുകൾ ഉപയോഗിച്ച് സ്ഥാനാർത്ഥികളെ ഒരു 'സൂപ്പർ ഹീറോ' പരിവേഷത്തിൽ അവതരിപ്പിക്കുന്നു. സിനിമ കണ്ടൻ്റുകൾ കാണാൻ എത്തുന്ന പ്രേക്ഷകൻ താൻ പോലും അറിയാതെ ഒരു രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി മാറുകയാണ് ഇവിടെ സംഭവിക്കുന്നത്.
എന്റർടൈൻമെന്റ് ചാനലുകൾക്ക് ഫോളോവേഴ്‌സിനെ കിട്ടാൻ എളുപ്പവഴി നടിമാരുടെ സെൻസേഷണൽ വീഡിയോകളാണ്. അത്തരം കണ്ടന്റുകൾ ഉപയോഗിച്ച് ഫോളോവേഴ്‌സിനെ കൂട്ടി വെച്ച ശേഷം, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആ വലിയ ഓഡിയൻസിനെ രാഷ്ട്രീയ പാർട്ടികൾക്ക് വിൽക്കുകയാണ് പല പേജ് ഉടമകളും ചെയ്യുന്നത്. നടിമാരുടെ അഭിമുഖങ്ങൾക്കിടയിൽ പെട്ടെന്ന് ഒരു രാഷ്ട്രീയ ചർച്ച വരുന്നത് ഒരു സ്വാഭാവിക മാറ്റമല്ല, മറിച്ച് പണം നൽകി ചെയ്യിക്കുന്ന പെയ്ഡ് പിആർ ആണ്. ഇന്ന് മോളിവുഡ് എന്റർടൈൻമെന്റ് പേജുകൾ രാഷ്ട്രീയ പാർട്ടികളുടെ പേജുകൾ പോലെയാണ് പെരുമാറുന്നത്. ഒരു സാധാരണ വാർത്തയെ എങ്ങനെ ഒരു സിനിമ സീൻ പോലെ നാടകീയമാക്കാം എന്ന് ഇവർക്കറിയാം. ഈ നാടകീയതയാണ് വോട്ടർമാരെ സ്വാധീനിക്കാൻ പാർട്ടികൾ ആയുധമാക്കുന്നത്. സത്യസന്ധമായ രാഷ്ട്രീയ ചർച്ചകൾക്ക് പകരം വൈകാരികമായ വീഡിയോകളിലൂടെ വോട്ട് പിടിക്കാനാണ് ശ്രമം.
സാധാരണക്കാരൻ ഒരു സിനിമ പേജ് ഫോളോ ചെയ്യുന്നത് വിനോദത്തിന് വേണ്ടിയാണ്. എന്നാൽ ആ വിനോദത്തിനിടയിൽ രാഷ്ട്രീയ അജണ്ടകൾ കുത്തിനിറയ്ക്കുന്നത് ഒരു തരത്തിലുള്ള ഡിജിറ്റൽ വഞ്ചനയാണ്. രാഷ്ട്രീയ പാർട്ടികൾ നൽകുന്ന കോടികളുടെ പരസ്യ വരുമാനം ലക്ഷ്യം വെച്ച് സിനിമ പേജുകൾ തങ്ങളുടെ സ്വത്വം പണയം വെച്ചിരിക്കുകയാണ്. സിനിമയിലെ ഗോസിപ്പുകൾക്ക് പകരം രാഷ്ട്രീയത്തിലെ കുതികാൽവെട്ടലുകളും വാഗ്ദാനങ്ങളും ചർച്ചയാകുമ്പോൾ നഷ്ടപ്പെടുന്നത് വാർത്തകളുടെ വിശ്വാസ്യതയാണ്.
സിനിമയുടെ ഗ്ലാമറും സെലിബ്രിറ്റികളുടെ സ്വാധീനവും ഉപയോഗിച്ച് വോട്ടർമാരെ കയ്യിലെടുക്കുന്ന ഈ തന്ത്രം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകും. എന്റർടൈൻമെന്റ് എന്ന ലേബലിൽ വരുന്ന രാഷ്ട്രീയ പ്രചരണത്തിൻ്റെ വസ്തുതകൾ തിരിച്ചറിയാൻ ജനങ്ങൾ തയ്യാറാകണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam