ജി സുധാകരൻ മുതൽ വി കുഞ്ഞികൃഷ്ണൻ വരെ; മറുകണ്ടം ചാടിയ സ്ഥാനാർത്ഥികൾ, തെരഞ്ഞെടുപ്പ് ട്രെൻഡ് മാറുന്നു

Published : Mar 23, 2026, 04:40 PM IST
list of party switching candidates

Synopsis

കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ജി സുധാകരൻ, പത്മജ വേണുഗോപാൽ, വി കുഞ്ഞികൃഷ്ണൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പാർട്ടി മാറി മത്സരിക്കുകയാണ്. ഈ കൂറുമാറ്റങ്ങൾ അമ്പലപ്പുഴ, തൃശ്ശൂർ, പയ്യന്നൂർ തുടങ്ങിയ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് ലേഖനം വിലയിരുത്തുന്നു.

കേരള നിയമസഭയിലെ 140 നിയോജക മണ്ഡലത്തിൽ മത്സരങ്ങൾ നടക്കുകയാണ്. സിനിമ മേഖലയിൽ‌ നിന്നുള്ള സെലിബ്രിറ്റികൾ മത്സര രം​ഗത്ത് എത്തിയിരിക്കുന്നത് കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് ഇത്തവണ കുറവാണ്. എന്നാൽ മറുകണ്ടം ചാടി മത്സരിക്കുന്നവരുടെ എണ്ണം ഇപ്രാവശ്യം കൂടിയിട്ടുണ്ട്. മുൻ സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ മുതൽ പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണൻ വരെ ഈ ലിസ്റ്റിൽ പെടും. ഇപ്രാവശ്യം മറുകണ്ടം ചാടി മത്സരിക്കുന്നത് ആരൊക്കെയാണെന്ന് നോക്കാം.

1- ജി സുധാകരൻ

63 വർഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിച്ചാണ് സിപിഎം നേതാവും മന്ത്രിയുമായിരുന്ന ജി സുധാകരൻ കോൺ​ഗ്രസ് പാളയത്തിൽ എത്തിയിരിക്കുന്നത്. പൊതുപരിപാടികളിൽ അവഗണിച്ചു. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു. തുടങ്ങിയ കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് അദ്ദേഹം പാർട്ടിയിൽനിന്നും വിട്ടു നിൽക്കുന്നത്. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ലെന്നും അദ്ദേഹം പറ‍ഞ്ഞിരുന്നു. ഇപ്രാവശ്യം സിപിഎം സീറ്റ് നൽകാത്തതിലും ജി സുധാകരന് അമർഷം ഉണ്ടായിരുന്നു. പിന്നാലെയാണ് അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

അഴിമതിക്കാര്‍ക്കും ക്രിമിനല്‍ - മാഫിയാ രാഷ്ട്രീയം കൈയാളുന്നവര്‍ക്കുമെതിരെ ഉള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തില്‍ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനമെടുത്തതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യുഡിഎഫിൻ്റെ പൂർണ പിന്തുണയും ജി സുധാകരനുണ്ട്. ആറു പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവര്‍ത്തിച്ച എനിക്ക് നിര്‍ഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാകാത്ത സാഹചര്യമാണ് വര്‍ഷങ്ങളായി അനുഭവപ്പെടുന്നതെന്ന ​ഗുരുതര ആരോപണവും അദ്ദേഹം ഉയർത്തിയിരുന്നു.

സിപിഎമ്മിന് ശക്തമായ മേൽകൈയുള്ള മണ്ഡലമാണ് അമ്പലപ്പുഴ നിയോജക മണ്ഡലം. 2006 മുതൽ 2011വരെയുള്ള തെരഞ്ഞെടുപ്പുകളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ മണ്ഡലത്തിൽ വിജയക്കൊടി പാറിക്കാൻ ജി സുധാകരന് കഴിഞ്ഞിട്ടുണ്ട്. 2006ൽ 50,040 വോട്ടുകളാണ് സുധാകരൻ നേടിയിരുന്നത്. 2011 ആകുമ്പോഴേക്കും അത് 63,728 ആയി ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചു. 2016ലെ തെരഞ്ഞെടുപ്പിലെ ഇതേ വോട്ട് നിലനിർത്താനും സാധിച്ചു. എന്നാൽ‌ 2021ൽ മണ്ഡലത്തിൽ മത്സരിച്ചത് എച്ച് സലാമായിരുന്നു. അദ്ദേഹത്തിന് ലഭിച്ചത് 61,365. 2.53 സതമാനത്തിൻ്റെ കുറവായിരുന്നു ആ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നത്. ഇപ്രാവശ്യവും എച്ച് സലാം തന്നെയാണ് സിപിഎം സ്ഥാനാർഥിയായി മത്സരിക്കുന്നത്. എന്നാൽ യുഡിഎഫിൻ്റെ സ്ഥാനാർഥി ജി സുധാകരനാണെന്നു മാത്രം. കഴിഞ്ഞ പ്രാവശ്യം 11,125 വോട്ടിൻ്റെ ഭരിപക്ഷത്തിനാണ് സിപിഎം വിജയിച്ചത്. ഈ വോട്ട് പിടിക്കാൻ ജി സുധാരന് സാധിക്കുകയാണെങ്കിൽ, സിപിഎം അനുഭാവി വോട്ടുകൾ കുറച്ചെങ്കിലും ജി സുധാകരനിലേക്ക് മറിയുകയാണെങ്കിൽ വിജയപ്രതീക്ഷയുണ്ട്.

2- വി കുഞ്ഞികൃഷ്ണൻ

കേരളത്തിലെ സിപിഎമ്മിൻ്റെ ഉറച്ച കോട്ടകളിൽ ഒന്നാണ് പയ്യന്നൂർ നിയോജക മണ്ഡലം. നിലവിലെ എംഎൽഎ ടിഐ മധുസൂദനനെതിരെ സാമ്പത്തിക ക്രമക്കേട് ഉന്നയിച്ചതിൻ്റെ ഭാ​ഗമയാണ് സിപിഎം പുറത്താരക്കിയത്. സിപിഎം പയ്യന്നൂർ ഏരിസെക്രട്ടറി, ജില്ല കമ്മറ്റി അം​ഗം എന്നീ നിലകളിൽ‌ പ്രവർത്തിക്കുന്ന സമയത്തായിരുന്നു ടിഐ മധുസൂദനനെതിരെയുളള ആരോപണങ്ങൾ ഉന്നയിക്കുന്നത്. ടിഐ മധുസൂദനനെ വീണ്ടും എംഎൽഎ സ്ഥാനാർഥിയാക്കാനാണ് പാർട്ടി തീരുമാനമെങ്കിഷ വിമതനായി മത്സരിക്കുമെന്ന് നേരത്തെ തന്നെ വി കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. കോൺ​ഗ്രസ് സീറ്റായിരുന്ന പയ്യന്നൂർ ഇപ്രാവശ്യം ആർഎസ്പിക്ക് വിട്ടുകൊടുത്തിരുന്നു. ആർഎസ്പി, സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണന് പൂർണ പിന്തുണ നൽകുകയായിരുന്നു.

പയ്യന്നൂരിൽ ഇപ്രാവശ്യവും ടിഐ മധുസൂദനൻ തന്നെയാണ് എൽഡിഎഫിനുവേണ്ടി മത്സരിക്കുന്നത്. 2021ൽ 93,695 വോട്ടുകളായിരുന്നു മധുസൂദനൻ നേടിയത്. കോൺ​ഗ്രസ് സ്ഥാനാർഥിയായ എം പ്രദീപ് കുമാർ‌ 43,915 വോട്ടുകളും നേടി. ബിജെപിക്ക് 11,308 വോട്ടുകളാണ് നേടാൻ കഴിഞ്ഞത്. 2016ലെ തെരഞ്ഞെടുപ്പിൽ‌ സിപിഎം സ്ഥാനാർഥി സി കൃഷ്ണന് നേടാൻ കഴിഞ്ഞത് 83,226 വോട്ടുകളായിരുന്നു. കോ​ൺ​ഗ്രസ് സ്ഥാനാർഥിയായ സാജിദ് മവ്വൽ 42,963 വോട്ടുകളാണ് നേടിയത്. ബിജെപിക്ക് 15,341വോട്ടുകളും ആ പ്രാവശ്യം നേടാൻ കഴിഞ്ഞിട്ടുണ്ട്. 2011ലെ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായിരുന്ന സി കൃഷ്ണന് 78,116 വോട്ടുകളാണ് നേടാൻ കഴിഞ്ഞത്. കോൺ​ഗ്രസ് സ്ഥാനാർഥിയായിരുന്ന കെ ബ്രിജേഷ് കുമാറിന് 45,992 വോട്ടകളും ബിജെപിക്ക് 5019 വോട്ടുകളുമാണ് നേടാൻ സാധിച്ചത്.

കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനം പരിശോധിച്ചാൽ കോൺ​​ഗ്രസിൻ്റെ വോട്ട് നിലയിൽ വലിയ മാറ്റമൊന്നുമില്ല. ഒരു 40000 വോട്ടെങ്കിലം കോൺ​ഗ്രസിന് മണ്ഡലത്തിലുണ്ട്. ഈ വോട്ട് വി കുഞ്ഞികൃഷ്ണന് മറിയുമെന്നാണ് കരുതുന്നത്. സിപിഎം പാളയത്തിൽനിന്നുംകൂടി വോട്ടുകൾ മറിയുകയാണെങ്കിൽ പയ്യന്നൂരിൽ‌ ഇപ്രാവശ്യം ശക്തമായ മത്സരം തന്നെയാണ് നടക്കുക.

3- ടികെ ​ഗോവിന്ദൻ

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ഭാര്യ പികെ ശ്യാമള മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ആരോപണത്തിന് പിന്നാലെയാണ് മുൻ സിപിഎം കണ്ണൂ‍ർ ജില്ല സെക്രട്ടറിയേറ്റ് അം​ഗം ടികെ ​ഗോവിന്ദനെ പാർട്ടി പുറത്താക്കുന്നത്. മൂന്ന് തവണ എംവി ​ഗോവിന്ദൻ എംഎൽഎയായി നാലാം തവണ ഭാര്യയെ ആക്കണം എന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്നാണ് ടികെ ​ഗോവിന്ദൻ വ്യക്തമനാക്കുന്നത്. എന്നാൽ‌ പികെ ശ്യാമളയെ പാർട്ടി സെക്രട്ടറിയുടെ ഭാര്യ ആയതുകൊണ്ടല്ല മത്സരിക്കാൻ നിയോ​ഗിച്ചതെന്നും, അവരുടെ പ്രവർത്തന മികവിൻ്റെ ഫലമായാണെന്നുമാണ് ജില്ല സെക്രട്ടറി കെകെ രാ​ഗേഷ് മറുപടി പറഞ്ഞത്. വി​ദ്യാർഥി രാഷ്ട്രീയം മുതൽ പികെ ശ്യാമള ഇടതുപക്ഷത്തോടപ്പം ചേന്ന് നിൽക്കുന്ന വ്യക്തിയാണെന്നുമായിരുന്നു. പുകഞ്ഞ് പുകഞ്ഞാണ് പയ്യന്നൂരിലെ സിപിഎമ്മിൽ പ്രശ്നം കത്തിയതെങ്കിൽ തളിപ്പറമ്പിൽ ബോംബ് വീണതുപോലെ പൊട്ടിത്തെറിയായിരുന്നു.

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാഥിയാണ് ടികെ ​ഗോവിന്ദൻ. യുഡിഎഫിൻ്റെ പിന്തുണയും അദ്ദേഹത്തിനുണ്ട്. തളിപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ടികെ ​ഗോവിന്ദനെ പിന്തുണയ്ക്കുന്നതിനെതിരെ ചില വിമത നീക്കങ്ങൾ കോൺ​ഗ്രസിനകത്തും ഉണ്ടെങ്കിലും അത് പരിഹരിക്കാനുള്ള ചർച്ചകൾ‌ കെ സുധാകരന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മണ്ഡലത്തിൽ യുഡിഎഫിൻ്റെ വോട്ട് ശതമാതമാനം കൂടി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2011ൽ 53,170 വോട്ടുകളായിരുന്നു കേരള കോൺ​​ഗ്രസിൻ്റെ ജോബ് മൈക്കിൾ നേടിയത്. 2016 ആയപ്പോഴേക്കും കേരള കോൺ​ഗ്രസിൻ്റെ രാജേഷ് നമ്പ്യാർ അത് 50,489 ആയി ഉയർത്തി. 2021ലെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർഥി വിപി അബ്​ദുൾ‌ റഷീദ് 70,181ആയി വോട്ട് നില ഉയർത്തുന്ന സാഹചര്യമാണ് കാണാൻ സാധിക്കുന്നത്. കോൺ​ഗ്രസിൻ്റെ വോട്ടുകളും സിപിഎം വിമത വോട്ടുകളും ടികെ ​ഗോവിന്ദനിലേക്ക് മറിയുകയാണെങ്കിൽ‌ തളിപ്പറമ്പിൽ ശക്തമായ മത്സരം തന്നെ നടക്കും.

3- പത്മജ വേണു​ഗോപാൽ

കേരള രാഷ്ട്രീയത്തിലെ ഇതിഹാസ താരം കെ. കരുണാകരന്റെ മകൾ എന്ന നിലയിൽ ശ്രദ്ധേയയായ പത്മജ വേണുഗോപാൽ, തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ പോരാട്ടത്തിനാണ് ഇത്തവണ തൃശ്ശൂരിൽ തുടക്കമിടുന്നത്. കോൺഗ്രസിന്റെ മുൻനിരയിൽ നിന്ന് ബിജെപിയുടെ ദേശീയ നേതൃത്വത്തിലേക്കുള്ള അവരുടെ മാറ്റം തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് സമവാക്യങ്ങളെ അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. 1996-ൽ കോൺഗ്രസ് അംഗമായ പത്മജ, 2001-ൽ കെടിഡിസി ചെയർപേഴ്സൺ എന്ന നിലയിലാണ് സജീവ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്.

2004-ൽ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിലും, 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശ്ശൂരിലും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കെപിസിസി, ഡിസിസി നേതൃത്വങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് 2024 മാർച്ചിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപിയിൽ ചേർന്നതിന് പിന്നാലെ 2025 മാർച്ചിൽ പാർട്ടി ദേശീയ കൗൺസിൽ അംഗമായി പത്മജ നിയമിതയായി.

ഇത്തവണ തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി എത്തുമ്പോൾബിജെപിക്ക് മണ്ഡലത്തിലുള്ള ഏകദേശം 40,000 ഉറച്ച വോട്ടുകൾക്കൊപ്പം 'ലീഡർ' കെ. കരുണാകരന്റെ മകൾ എന്ന നിലയിലുള്ള വ്യക്തിപരമായ സ്വാധീനവും ചേരുമ്പോൾ അനായാസ വിജയം നേടാമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ തവണ 'കൈപ്പത്തി' ചിഹ്നത്തിൽ വോട്ട് ചെയ്ത പത്മജയുടെ ആരാധകരും കോൺഗ്രസ് അനുകൂലികളും ഇത്തവണ 'താമര' ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന ചോദ്യം.

2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി മണ്ഡലത്തിൽ കാഴ്ചവെച്ച മോശം പ്രകടനം പത്മജയുടെ ആത്മവിശ്വാസത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഈ വോട്ട് ചോർച്ച മറികടക്കുക എന്നത് അവരുടെ വിജയത്തിൽ നിർണ്ണായകമാകും.

4- സിസി മുകുന്ദൻ‍

നാട്ടികയിലെ നിലവിലെ എംഎൽഎയാണ് സിസി മുകുന്ദൻ. 2021ൽ സിപിഐ സ്ഥാനാർഥിയായിട്ടായിരുന്നു മത്സരിച്ചത്. 72,930 വോട്ടായിരുന്നു അന്ന് സിസി മുകുന്ദന് ലഭിച്ചത്. കോൺ​ഗ്രസ് സ്ഥാനാർഥി സുനിൽ ലാലൂരിന് 44,499 വോട്ടുകളും ബിജെപി സ്ഥാനാർഥി ലോജനൻ അമ്പാട്ടിന് 33,716 വോട്ടുകളും ലഭിച്ചു. 2016ലും സിപിഐ തന്നെയായിരുന്നു വിജയിച്ചത്. ആ തെരെഞ്ഞെടുപ്പിൽ സിപിഐക്ക് 70,218 വോട്ടുകളും കോൺ​ഗ്രസിന് 43,441വോട്ടുകളും ബിജെപിക്ക് 33,650 വോട്ടുളുമാണ് ലഭിച്ചത്. അതായത് മണ്ഡലത്തിൽ ബിജെപിക്ക് സ്ഥിരമായ വോട്ടുണ്ട്.

എന്നാൽ ഇപ്രാവശ്യം ചെറിയ മാറ്റമുണ്ട്. സിസി മുകുന്ദൻ ബിജെപിക്കുവേണ്ടിയാണ് ഇപ്രാവശ്യം മത്സരിക്കുന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹത്തെ സിപിഐ പുറത്താക്കുകയായിരുന്നു. സിറ്റിംഗ് എംഎൽഎ സിസി മുകുന്ദൻ ഇടതുപക്ഷം വിട്ട് ബിജെപി പാളയത്തിലെത്തിയതോടെ മണ്ഡലത്തിലെ വോട്ട് സമവാക്യങ്ങൾ അടിമുടി മാറിമറിയുകയാണ്. തൃശ്ശൂർ അന്തിക്കാട് സ്വദേശിയായ സിസി.മുകുന്ദൻ ദശകങ്ങളോളം സിപിഐയുടെ വിശ്വസ്തനായ പോരാളിയായിരുന്നു. ട്രേഡ് യൂണിയൻ രംഗത്തെ പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്. 2021-ൽ അഴിമതി ആരോപണങ്ങളെത്തുടർന്ന് ഗീതാ ഗോപിക്ക് പകരം സിപിഐ മുകുന്ദനെ കളത്തിലിറക്കുകയും അദ്ദേഹം മികച്ച വിജയം നേടുകയും ചെയ്യുകയായിരുന്നു.

ന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി തനിക്ക് സീറ്റ് നൽകില്ലെന്ന് ഉറപ്പായതോടെ നേതൃത്വവുമായി അദ്ദേഹം കടുത്ത ഭിന്നതയിലായി. തുടർന്ന് ഇടതുപക്ഷവുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ചാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. സിപിഐ വിട്ടതിന് പിന്നാലെ കോൺഗ്രസ് നേതൃത്വവുമായി മുകുന്ദൻ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ നാട്ടികയിലെ കോൺഗ്രസ് പ്രാദേശിക ഘടകത്തിൽ നിന്നുണ്ടായ ശക്തമായ എതിർപ്പിനെത്തുടർന്ന് ആ നീക്കം പാളി. ഇതോടെയാണ് ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം രംഗത്തിറങ്ങുന്നത്. യുഡിഎഫിന് വേണ്ടി സുനിൽ ലാലൂർ തന്നെയാകും ഇത്തവണയും മത്സരരംഗത്തുണ്ടാവുക.

ബിജെപിയുടെ ഉറച്ച വോട്ടുകൾക്കൊപ്പം തന്റെ വ്യക്തിപരമായ സ്വാധീനവും നിഷ്പക്ഷ വോട്ടർമാരുടെ പിന്തുണയും ചേർന്നാൽ നാട്ടികയിൽ അത്ഭുതം സൃഷ്ടിക്കാമെന്നാണ് മുകുന്ദൻ കരുതുന്നത്. സ്വന്തം എംഎൽഎ തന്നെ എതിർപാളയത്തിലെത്തിയത് പ്രതിരോധിക്കാൻ സിപിഐക്ക് വിയർപ്പൊഴുക്കേണ്ടി വരും. അതേസമയം, ബിജെപിയുടെ വോട്ട് വർദ്ധനവ് യുഡിഎഫിന്റെ സാധ്യതകളെ എപ്രകാരം ബാധിക്കുമെന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു.

തൃശ്ശൂർ ജില്ലയിലെ തീരദേശ മണ്ഡലമായ നാട്ടിക എന്നും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്ന ചരിത്രമാണുള്ളത്. എങ്കിലും, ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും മണ്ഡലത്തിലെ വോട്ട് വിഹിതത്തിൽ വരുന്ന മാറ്റങ്ങൾ വരാനിരിക്കുന്ന പോരാട്ടം പ്രവചനാതീതമാക്കുന്നുണ്ട്. ഇടതുപക്ഷത്തിന് താഴെത്തട്ടിലുള്ള ശക്തമായ സംഘടനാ സംവിധാനവും ക്ഷേമപദ്ധതികളുടെ കൃത്യമായ ഏകോപനവുമാണ് സിപിഐക്ക് ഇവിടെ കരുത്താകുന്നത്. പ്രാദേശിക ഭരണകൂടങ്ങളിലെ ഇടപെടലുകൾ വഴി മണ്ഡലത്തിൽ സ്വാധീനം നിലനിർത്താൻ അവർക്ക് സാധിക്കുന്നുണ്ട്. മണ്ഡലത്തിൽ പാരമ്പര്യമായി കോൺഗ്രസിനുള്ള വോട്ട് ബാങ്ക് ഇപ്പോഴും സുരക്ഷിതമാണ്. എങ്കിലും, ഇടതുപക്ഷത്തിന്റെ കൂറ്റൻ ഭൂരിപക്ഷം മറികടക്കാൻ കൂടുതൽ ജനകീയമായ ഇടപെടലുകൾ യുഡിഎഫിന് ആവശ്യമാണ്.

നാട്ടികയിൽ ബിജെപിക്ക് സ്ഥിരമായ ഒരു വോട്ട് വിഹിതമുണ്ട് (ഏകദേശം 33,000-ൽ അധികം). സമീപകാല തിരഞ്ഞെടുപ്പുകളിൽ എൻഡിഎ തങ്ങളുടെ വോട്ട് നില മെച്ചപ്പെടുത്തുന്നത് മണ്ഡലത്തിലെ ത്രികോണ പോരാട്ടത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്. നാട്ടികയുടെ രാഷ്ട്രീയ ഗതിവിഗതികൾ നിശ്ചയിക്കുന്നതിൽ തീരദേശ മേഖലയ്ക്ക് വലിയ പങ്കുണ്ട്. ഈ മേഖലകളിൽ ബിജെപി നടത്തുന്ന നിശബ്ദമായ മുന്നേറ്റം വരും തിരഞ്ഞെടുപ്പുകളിൽ നിർണ്ണായകമാകും. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും തീരദേശ വികസനവും വോട്ടർമാരുടെ നിലപാടുകളിൽ വലിയ സ്വാധീനം ചെലുത്തുന്നു. ബിജെപി ഉണ്ടാക്കുന്ന മുന്നേറ്റം വരും തിരഞ്ഞെടുപ്പുകളിൽ നിർണ്ണായകമാകും.

5- കുന്നത്ത് മുഹമ്മദ്

മങ്കട നിയമസഭ തെര‍ഞ്ഞെടുപ്പിൽ‌ വൻ ട്വിസ്റ്റാണ് ഇപ്രാവസ്യം നടക്കുന്നത്. മുസ്ലീം ലീ​ഗ് വിമതൻ കുന്നത്ത് മുഹമ്മദ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നുവെന്നതാണ് മങ്കട മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥിയായ എംപി അലവി സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. എൽഡിഎഫ് കുന്നത്ത് മുഹമ്മദിന് പിന്തുണ കൊടുത്തതോടെ മണ്ഡലത്തിൽ ശക്തമായ മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മങ്കടയിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായ മഞ്ഞളാം കുഴി അലിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് എംപി അലവി വ്യക്തമാക്കിയിട്ടുമുണ്ട്. കുന്നത്ത് മുഹമ്മദ് സമസ്തയുമായി അടുത്ത ബന്ധമുള്ള കുടുംബത്തിൽ നിന്നുള്ള ആളാണെന്നും, സമസ്ത വോട്ടുകൾ അദ്ദേഹത്തിന് അനുകൂലമാകുമെന്നാണ് കണക്കു കൂട്ടുന്നത്. മഞ്ഞളാംകുഴി അലിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന കുന്നത്ത് മുഹമ്മദ് വിമത സ്ഥാനാർഥിയായി രം​ഗത്ത് എത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളിലും സിപിഐയും മുസ്ലീം ലീ​ഗും തമ്മിൽ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് മങ്കട. ലീ​ഗ് വിമത വോട്ടുകൾ ലഭിച്ചാൽ കുന്നത്ത് മുഹമ്മദ് വിജയിക്കാനുള്ള സാധ്യതയുമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഡീൽ ആരോപണം എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ഒരേ പോലെ എൻഡിഎയെ ഭയപ്പെടുന്നു എന്നതിൻ്റെ തെളിവ്'; സാബു ജേക്കബ്
പതിവ് തെറ്റിക്കാതെ അപരന്മാർ, ജി സുധാകരന് വെറും സുധാകരൻ, വട്ടിയൂര്‍ക്കാവിൽ വികെ പ്രശാന്തിനും അപരൻ, മഞ്ചേശ്വരത്ത് മൂന്ന് പേര്‍