ഇന്ധന വില: എണ്ണ കമ്പനികൾക്കെതിരെ കെഎസ്ആർടിസി; കരാർ ഉണ്ടാക്കാൻ നിർബന്ധിക്കുന്നില്ലല്ലോയെന്ന് കോടതി

By Web TeamFirst Published Apr 26, 2022, 6:33 PM IST
Highlights

സ്വകാര്യ ബസ്സുകൾക് കമ്പനികൾ കടം ആയി ഇന്ധനം നൽകുന്നില്ലെന്നും കെ എസ് ആർ ടി സിയോട് ഇങ്ങനെ കരാർ ഉണ്ടാക്കാൻ ആരും നിർബന്ധിക്കുന്നില്ലല്ലോയെന്നും കോടതി 

തിരുവനന്തപുരം: ഇന്ധന വില വർധനവുമായി ബന്ധപ്പെട്ട് സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ എണ്ണ കമ്പനികൾ നൽകിയ അപ്പീൽ തള്ളണം എന്ന് കെ എസ് ആർ ടി സി. അപ്പീൽ അനുവദിച്ചാൽ കെ എസ് ആർ ടി സിക്കും പൊതുജനങ്ങൾക്കും വലിയ നഷ്ടം ഉണ്ടാകും. സ്വകാര്യ ബസ്സുകൾക്ക് കമ്പനികൾ കുറഞ്ഞ വിലയിൽ ഇന്ധനം നൽകുകയാണ്. കെ എസ് ആർ ടി സി യ്ക്ക് കൂടിയ വിലയിൽ ഡീസൽ നൽകുന്നു. സ്വകാര്യ ബസ്സുകൾക് കമ്പനികൾ കടം ആയി ഇന്ധനം നൽകുന്നില്ലെന്നും കെ എസ് ആർ ടി സിയോട് ഇങ്ങനെ കരാർ ഉണ്ടാക്കാൻ ആരും നിർബന്ധിക്കുന്നില്ലല്ലോയെന്നും കോടതി തിരിച്ചടിച്ചു.

കെഎസ്ആർടിസി പ്രതിസന്ധി പരിഹരിക്കാൻ അധിക ജോലി ചെയ്യണം?

കെഎസ്ആർടിസി പ്രതിസന്ധി മറികടക്കാൻ 12 മണിക്കൂർ ഡ്യൂട്ടി ചെയ്യാൻ ജീവനക്കാർ തയ്യാറാകണമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു. സർവ്വീസ് വർധിപ്പിക്കാൻ ജീവനക്കാരുടെ ഡ്യൂട്ടി രീതി മാറ്റണം. അധികസർവ്വീസ് നടത്തിയാൽ പ്രതിസന്ധി കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ മിനിസ്റ്റർ ഓൺലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

രാവിലെ 7 മുതല്‍ 11 വരെയും വൈകിട്ട് 3 മുതല്‍ രാത്രി 8 വരെയുമാണ് കെഎസ്ആർടിസിക്ക് കൂടുതല്‍ യാത്രക്കാരെ ലഭിക്കുന്നത്. ജീവനക്കാര്‍ക്ക് വിവിധ തരം ബാറ്റകളും, ഡബിള്‍ ഡ്യൂട്ടിയും,പരമാവധി 4 മണിക്കൂര്‍ വരെ അലവന്‍സ് നല്‍കിയുമാണ് ഈ സമയങ്ങളില്‍ കൂടുതല്‍ ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ആവശ്യത്തിന് ജീവനക്കാരെ കിട്ടാത്തതിനാല്‍ 350 ബസ്സുകളോളം പ്രതിദിനം സര്‍വ്വീസ് മുടങ്ങുന്ന സാഹചര്യമാണുള്ളത്.ചെലവ് ചുരുക്കി വരുമാനം  വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് 12 മണിക്കൂര്‍ ഡ്യൂട്ടി എന്ന നിര്‍ദ്ദേശം കെഎസ്ആര്‍ടിസി യൂണിയനുകളുടെ സജീവ പരിഗണനക്ക് വച്ചിരിക്കുന്നത്.

കെഎസ്ആർടിസി ശമ്പള ബാധ്യത സർക്കാരിന് ഏറ്റെടുക്കാനാകില്ല. സര്‍വ്വീസ് മേഖലയെന്നത് കണക്കിലെടുത്താണ് പൊതുമേഖലാ സ്ഥപനമായ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. പൊതുമേഖലയിൽ ശമ്പളം കൊടുക്കാനുള്ള ബാധ്യത സ്ഥാപനത്തിനാണ്. കെഎസ്ആർടിസിക്ക് കൂടുതൽ ബസുകൾ രം​ഗത്തിറക്കും. 400 സിഎൻജി ബസും 50 ഇലക്ട്രിക് ബസും ഉടനെത്തും. 620 ബസുകൾ ഉടൻ ആക്രിവിലയ്ക്ക് വിൽക്കും. സ്വിഫ്റ്റ് ബസുകൾക്ക് മറ്റ് ബസുകളേക്കാൾ അപകടം കുറവാണ്. 

ഗതാഗത നിയമലംഘനം കണ്ടെത്തുന്നതിന് സംസ്ഥാനത്ത് 726 ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറകള്‍ സ്ഥാപിക്കും. ഇതിന്‍റെ ട്രയല്‍ രണ്‍ ഒരുമാസത്തിനുള്ളില്‍ പൂര്‍തതിയാക്കും. അതോടെ അനാവശ്യ പിഴ ചുമത്തുവെന്ന പരാതികള്‍ ഇല്ലാതാകുമെന്നും മന്ത്രി മിനിസ്റ്റര്‍ ഓണ്‍ലൈന്‍ പരിപാടിയില്‍ വ്യക്തമാക്കി. 

click me!