
കണ്ണൂർ: കണ്ണൂരിൽ ട്രെയിൻ തീ പിടിച്ച സംഭവത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തീപിടിച്ച കോച്ചിൽ നിന്ന് 100 മീറ്റർ അകലെയാണ് ബിപിസിഎല്ലിന്റെ ഇന്ധന സംഭരണകേന്ദ്രമുള്ളത്. വലിയൊരു തീപിടിത്തമാണ് ഉണ്ടായത്. തീ പെട്ടെന്ന് അണച്ചതോടെ മറ്റു ബോഗികളിലേക്ക് തീ പടരുന്നത് തടയാനായി.
നൂറ് മീറ്റർ അകലെയാണ് ഭാരത് പെട്രോളിയത്തിന്റെ ഡീസൽ സംഭരണ കേന്ദ്രം. അഞ്ചിലേറെ വലിയ ടാങ്കുകളിലാണ് ഇവിടെ ഡീസൽ സംഭരിച്ചിട്ടുള്ളത്. തീപിടിത്തത്തിൽ നിന്ന് ഏതെങ്കിലും ചെറിയ തരത്തിൽ പൊട്ടിത്തെറിയുണ്ടായിരുന്നെങ്കിൽ ഒരു വലിയ ദുരന്തം തന്നെ ഉണ്ടാവുമായിരുന്നു. അത്തരത്തിലുള്ള വലിയൊരു ദുരന്തമാണ് ഒഴിവായിപ്പോയത്. ട്രെയിനിന് സമീപത്തുനിന്ന് ഡീസൽ ടാങ്കുകളിലേക്ക് ഡീസൽ നിറക്കുന്ന ട്രെയിനിൽ നിന്നുള്ള പൈപ്പുകളുണ്ട്. ഇവിടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന പെട്ടെന്ന് തീ അണച്ചതോടെ തീ വ്യാപനം തടയുകയായിരുന്നു. അഗ്നിശമന സേനക്ക് കടക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെങ്കിലും അവരുടെ ഇടപെടൽ മൂലം വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.
അതേസമയം, സംഭവത്തിൽ എൻ ഐ എ വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. കോച്ചിനകത്ത് നിന്ന് കല്ല് കണ്ടെത്തിയിട്ടുണ്ട്. എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ തന്നെയാണ് വീണ്ടും തീപിടിത്തം ഉണ്ടായിട്ടുള്ളത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ചു. പുലർച്ചെ 1.45 ഓടെ ആണ് തീപടർന്നത്. പിൻഭാഗത്തെ ജനറൽ കോച്ചിൽ ആണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമന വിഭാഗം എത്തി തീ അണച്ചു. അതേസമയം, സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ അധികൃതർ പറഞ്ഞു. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കത്തിയത് എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.
കണ്ണൂർ ട്രെയിൻ തീവയ്പ് കേസ്; എൻ ഐ എ വിവരങ്ങൾ തേടി