'സഹായമെവിടെ സർക്കാരെ'! കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ച ബിപിഎൽ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണമാരംഭിച്ചില്ല 

Published : Apr 23, 2022, 09:56 AM ISTUpdated : Apr 23, 2022, 10:00 AM IST
'സഹായമെവിടെ സർക്കാരെ'! കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ച ബിപിഎൽ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണമാരംഭിച്ചില്ല 

Synopsis

5,000 രൂപ വെച്ച് എല്ലാ മാസവും മൂന്നു വർഷത്തേക്ക് ബിപിഎൽ കുടുംബങ്ങൾക്ക് ലഭിക്കേണ്ട ധനസഹായമാണ് ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നത്. 

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ച (Covid death) ബിപിഎൽ കുടുംബത്തിനുള്ള (BPL Family) ധനസഹായം പ്രഖ്യാപിച്ച് 6 മാസം കഴിഞ്ഞിട്ടും വിതരണം ചെയ്യാതെ സർക്കാർ. നഷ്ടപരിഹാരത്തിന് പരിഗണിച്ചതിനെക്കാൾ കൂടുതൽ  അപേക്ഷകൾ നിരസിക്കപ്പെട്ടും തർക്കങ്ങളിൽ കുരുങ്ങിയും കിടക്കുന്നു. 5,000 രൂപ വെച്ച് എല്ലാ മാസവും മൂന്നു വർഷത്തേക്ക് ബിപിഎൽ കുടുംബങ്ങൾക്ക് ലഭിക്കേണ്ട ധനസഹായമാണ് ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നത്. 

കഴിഞ്ഞ വർഷം ഒക്ടോർബർ 23 നാണ് മന്ത്രിസഭാ യോഗം ബിപിഎൽ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കുടുംബം പോറ്റുന്നയാൾ കൊവിഡ് വന്നു മരിച്ചാൽ മാസം 5000 രൂപവെച്ച് മൂന്നു വർഷത്തേക്ക് നൽകാനായിരുന്നു തീരുമാനം. ഇതനുസരിച്ച് 19,103 പേർ അപേക്ഷിച്ചു.  ഇതിൽ ഇതുവരെ അംഗീകരിച്ചത് 5103 അപേക്ഷകളാണ്. ആർക്കും ഇതുവരെ പണം നൽകിയിട്ടില്ല. എന്നാൽ 3592 അപേക്ഷകൾ തള്ളി.  2623 അപേക്ഷകൾ തർക്കങ്ങളിൽ കുരുങ്ങി. അതായത് അംഗീകരിച്ചതിനേക്കാൾ കൂടുതലാണ് തള്ളിയതും തർക്കത്തിൽപ്പെട്ടതുമായ അപേക്ഷകളെന്ന് വ്യക്തം. ഒന്നിലും ഇതുവരെ പരിഹാരമായിട്ടുമില്ല.

ആശയക്കുഴപ്പം നീങ്ങി തുക വിതരണം ചെയ്യാൻ വ്യക്തതയുള്ള ഉത്തരവ് കാത്തിരിക്കുകയാണെന്നാണ് റവന്യു വകുപ്പ് പറയുന്നത്. പാസാക്കിയ 5103 അപേക്ഷകൾക്ക് തുക പാസാക്കിയിരുന്നെങ്കിലും ഇത് പിന്നീട് പിടിച്ചുവെച്ചു. ഇപ്പോൾ ധനവകുപ്പിൽ ഫണ്ട് വിനിയോഗത്തിന് സമഗ്ര സംവിധാനമൊരുക്കുന്നത് അവസാനഘട്ടിലാണെന്നും ഉടനെ വിതരണം ചെയ്യുമെന്നുമാണ് വിശദീകരണം. അതല്ല ഫണ്ടില്ലാത്തതാണ് കാരണമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. 

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വൈകിപ്പിക്കാനും സംസ്ഥാന സർക്കാ‍‍ർ നേരത്തെ ഇതേ ന്യായീകരണങ്ങളാണ് നിരത്തിയത്. എന്നാൽ സുപ്രീം കോടതി കണ്ണുരുട്ടിയതോടെ തുക വിതരണം ചെയ്തു തുടങ്ങി. ബിപിഎൽ കുടുംബങ്ങൾക്കുള്ള ധനസഹായം പ്രഖ്യാപിച്ച് 2 മാസം കഴിഞ്ഞ് മാത്രം വിതരണം ചെയ്തു തുടങ്ങിയ കൊവിഡ് ബാധിച്ച് മരിച്ചവരുടെ നഷ്ടപരിഹാരം 92 ശതമാനവും പൂർത്തിയായി. 

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവർക്കുള്ള നഷ്ടപരിഹാരത്തിന് ഡിസംബറിൽ വെറും 2000 പേരുടെ അപേക്ഷ മാത്രമായിരുന്നു അംഗീകരിച്ചത്. സുപ്രീം കോടതി കടുപ്പിച്ചതോടെ 59954 പേർക്കും 50,000 രൂപ വീതം നൽകി. ഈ വിഭാഗത്തിൽ 8027 പരാതികൾ ഇനിയും തീർപ്പാകാതെ കിടപ്പുണ്ട്.  826 പേരുടെ അപേക്ഷ നിരസിച്ചു. ബിപിഎൽ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം നൽകാൻ ഒരു കുടുംബത്തിന് മൂന്നുവർഷത്തേക്ക് 1,80,000 രൂപ വേണം.  സുപ്രീം കോടതി പറഞ്ഞ നഷ്ടപരിഹാരം ഒറ്റത്തവണ 50,000 രൂപയാണ്. കണ്ണുരുട്ടാൻ അപ്പുറത്തൊരു കോടതിയില്ലാത്തത് കൊണ്ടാണോ ബിപിഎൽ കുടുംബങ്ങളുടെ കാര്യത്തിൽ സർക്കാരിന് ഈ ഉഴപ്പെന്ന ചോദ്യമാണുയരുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാർട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ
കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ