
തിരുവനന്തപുരം: കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ രംഗത്ത്. രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച് സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്‍ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമായിരുന്നു. അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കോവളത്തെ ഗൾഫാർ മുഹമ്മദാലിയുടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് അതേ ഹോട്ടലിന്‍റെ പേര് അച്ചടിച്ച ഒരേ വലുപ്പമുള്ള രണ്ട് കവറുകൾക്കുള്ളിൽ വെച്ചിരുന്ന രണ്ടു വലിയ പാക്കറ്റുമായി രാത്രി പതിനൊന്നുമണിയോടെ എകെജി സെന്‍ററിലെ മുഖ്യ കവാടത്തിന് മുന്നിൽ കാറിൽ ഇറങ്ങിയത് പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്ന് എഴുതിയാലും അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. എന്തെന്നാൽ അതുക്കും മേലെയുള്ള തുക പിണറായിവിജയനും മകൾ വീണ തായ്‌ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്ന് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ വിധി എഴുതിയപ്പോളും കേരളം ഇങ്ങിനെത്തന്നെയായിരുന്നുവെന്നും പുതിയ പോസ്റ്റില്‍ പറയുന്നു
.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam