പാലാരിവട്ടം പാലം പൊളിച്ചു കളയേണ്ടതില്ല; വിജിലൻസ് ശുപാർശ തള്ളി ജി സുധാകരൻ

By Web TeamFirst Published Jun 6, 2019, 6:26 PM IST
Highlights

പാലം ശക്തിപ്പെടുത്തി തുറന്നു കൊടുക്കും. മേൽപ്പാല അഴിമതിയിൽ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം വിജിലൻസ് തുടങ്ങി

കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിക്കണമെന്ന വിജിലൻസ് ശുപാർശ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പാലം ശക്തിപ്പെടുത്തി തുറന്നു കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം മേൽപ്പാല അഴിമതിയിൽ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം വിജിലൻസ് തുടങ്ങി.

മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ് ഐ ആറിലാണ് മേൽപ്പാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും പൊളിച്ചുമാറ്റി പുതിയ പാലം പണിയണമെന്നും വിജിലൻസ് ശുപാർശ ചെയ്യുന്നത്. നിലവാരമില്ലാത്ത കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിച്ച പാലം ഭാവിയിലും അപകടത്തിന് കാരണമാകുമെന്നായിരുന്നു വിജിലന്‍സിന്‍റെ കണ്ടെത്തൽ. എന്നാൽ ഈ വാദം തള്ളുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി. കരാറുകരെ നിർമ്മാണം ഏൽപ്പിച്ച അന്നത്തെ ഭരണാധികാരികൾ പിന്നീട് തിരിഞ്ഞു നോക്കിയില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. 

പാലം നിർമ്മാണത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥർ രൂപരേഖ മാറ്റുന്നതിനും നിലവാരമില്ലാത്ത കോൺക്രീറ്റ് ഉപയോഗിച്ച് പാലം പണിയുന്നതിനും മൗനാനുവാദം നൽകിയെന്നാണ് വിജിലൻസിന്റെ റിപ്പോർട്ട്. ഇതിൽ ഉദ്യോഗദസ്ഥർക്ക് സാമ്പത്തിക നേട്ടമടക്കം ഉണ്ടോയിട്ടുണ്ടോ എന്നാണ് വിജിലൻസ് അന്വേഷിക്കുന്നത്. നിലവിൽ കരാർ കമ്പനി ഉടമയായ സുമിത് ഗോയൽ പാലം രൂപ കൽപ്പന ചെയ്ത ബംഗളൂരു നാഗേഷ് കൺസൽട്ടൻസിയിലെ മഞ്ജുനാഥ് എന്നിവർ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇപ്പോഴത്തെ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഇവരെ കൂടി പ്രതി ചേ‍ർത്ത് കോടതിയിൽ വിശദമായ കുറ്റപത്രം സമർപ്പിക്കും. 

വരും ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയക്കും. നിലവിൽ ജൂൺ ഒന്നിന് അറ്റകുറ്റപ്പണി പൂർത്തിയാക്കി മേൽപ്പാലം താൽക്കാലികമായി തുറന്ന് കൊടുക്കുമെന്നായിരുന്നു റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷൻ അറിയിച്ചിരുന്നത്. എന്നാൽ നിർമ്മാണ പ്രവർത്തികൾ ഇതുവരെ പൂർത്തിയായിട്ടില്ല. അതിനാൽ പാലം എപ്പോൾ തുറക്കുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം തുരുകയാണ്.

click me!