കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിൽ പൂർത്തിയാകാനുള്ള മേൽപ്പാലങ്ങൾ ഇനി തൂണുകളിൽ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. പലയിടത്തും സംരക്ഷണ ഭിത്തികൾ തകർന്ന പശ്ചാത്തലത്തിലാണ് പുതിയ നിർമ്മാണരീതി

തിരുവനന്തപുരം: കേരളത്തിൽ ദേശീയ പാത നിർമ്മാണത്തിൽ പൂർത്തിയാകാനുള്ള മേൽപാലങ്ങൾ ഇനി തൂണുകളിൽ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിലവിലുള്ള സംരക്ഷണ ഭിത്തി മോഡലിന് പകരമായാണ് തൂണുകളിൽ മേൽപാലങ്ങൾ പണിയുന്നതെന്നും അദ്ദേഹം എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവച്ച് കുറിപ്പിൽ വ്യക്തമാക്കി. ഈ പുതിയ രീതി ഹൈവേകളിൽ വലിയ ഗുണമുണ്ടാക്കുമെന്നും യാത്ര സുഗമമാക്കാൻ സഹായിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വിവരിച്ചു. കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിൽ സംരക്ഷണ ഭിത്തി മോഡൽ പലയിടത്തും പാളിയതും അപകടങ്ങളുണ്ടാകുകയും ചെയ്തതുമാണ് മേൽപാലങ്ങൾ തൂണുകളിൽ നിർമ്മിക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്.

ഔട്ടർ റിംഗ് റോഡ് പദ്ധതിയിലും ശുഭ പ്രതീക്ഷ

തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് ഫെബ്രുവരി - മാർച്ച് മാസത്തോടെ അന്തിമ അംഗീകാരം ലഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര തുക കൃത്യമായി നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. കേരളത്തിലെ റോഡ് വികസനത്തിന് ഈ പുതിയ നിർമ്മാണ രീതിയും ഔട്ടർ റിംഗ് റോഡ് പദ്ധതിയും വലിയ വേഗത നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട്-വടകര റീച്ചില്‍ സംരക്ഷണഭിത്തി പിളര്‍ന്നു

കോഴിക്കോട് വടകര റീച്ചില്‍ അഴിയൂര്‍ മേഖലയിലെ സംരക്ഷണ ഭിത്തി നെടുകെ പിളര്‍ന്നെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ചോമ്പാല്‍ ബ്ലോക്ക് ഓഫീസിനും കുഞ്ഞിപ്പള്ളി അണ്ടര്‍പാസിനും മധ്യേയുള്ള സംരക്ഷണഭിത്തിയാണ് പിളര്‍ന്നിരിക്കുന്നത്. കുഞ്ഞിപ്പളളി അണ്ടര്‍പാസിനായി ഇരുഭാഗങ്ങളിലായി റോഡ് ഉയര്‍ത്തിയിരുന്നു. ഇതൊരു ഭാഗം അവസാനിക്കുന്നത് കുഞ്ഞിപ്പള്ളി ടൗണിലും മറുഭാഗം അവസാനിക്കുന്നത് ചോമ്പാല്‍ ബ്ലോക്ക് ഓഫീസിന് അടുത്തുമാണ്. സര്‍വീസ് റോഡിന് സമീപമാണ് അപകടം നടന്നിരിക്കുന്നത്. നിര്‍മ്മാണത്തിന്റ ഭാഗമായി ഇവിടെ മണ്ണ് നിറയ്ക്കുകയാണ്. ഭാരം കനക്കുന്നതോടെ ദേശീയപാത തകരുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. റോഡ് നിര്‍മ്മാണ ചുമതലയുള്ള കമ്പനിയുടെ എഞ്ചിനീയറിങ് വിഭാഗം പ്രശ്നം നിസ്സാരവത്ക്കരിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. തകര്‍ന്ന സംരക്ഷണ ഭിതി മാറ്റി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൊല്ലത്ത് കഴിഞ്ഞ മാസം സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു

കൊല്ലത്ത് നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണത് കഴിഞ്ഞ മാസമായിരുന്നു. സര്‍വ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. കൊട്ടിയം മൈലക്കാടിന് സമീപമായിരുന്നു സംഭവം. സ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായതെങ്കിലും ആർക്കും പരിക്കേറ്റില്ല. ശിവാലയ കൺസ്ക്ട്രക്ഷൻസിനായിരുന്നു ഇവിടെ ദേശീയപാതയുടെ നിർമാണ ചുമതല. കരാർ കമ്പനിക്ക് അടിയന്തര വിലക്ക് കൽപ്പിച്ച കേന്ദ്ര സർക്കാർ, കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.