
സി പി എമ്മിൽ കലാപക്കൊടി ഉയർത്തി പാർട്ടി ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ മന്ത്രി ജി സുധാകരൻ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി. തിരഞ്ഞെടുപ്പിൽ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുധാകരൻ കാന്തപുരം എ പി അബൂബക്കർ മുസല്യാരുമായി ഫോണിൽ സംസാരിച്ചു. തിരഞ്ഞെടുപ്പിൽ തന്റെ വിജയത്തിനായി കാന്തപുരത്തിന്റെ പിന്തുണ തേടിയ സുധാകരൻ രാഷ്ട്രീയ സാഹചര്യങ്ങൾ അദ്ദേഹവുമായി പങ്കുവെച്ചു. അമ്പലപ്പുഴയിൽ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറുപടിയായി ജി സുധാകരന് കാന്തപുരം എ പി അബൂബക്കർ മുസല്യാർ തന്റെ എല്ലാവിധ ആശംസകളും നേർന്നു. കാന്തപുരവും സുധാകരനും തമ്മിലുള്ള ഈ സൗഹൃദ സംഭാഷണവും പിന്തുണ തേടലും രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാം ഊഴം വിഫലമാകുമെന്ന് ജി സുധാകരൻ ഇന്ന് അഭിപ്രായപ്പെട്ടു. പിണറായി വിജയൻ അധികാരത്തിലെത്തിയാൽ തനിക്ക് സന്തോഷമേ ഉള്ളൂ എന്ന മുൻ നിലപാട് തിരുത്തിക്കൊണ്ടാണ് ജി സുധാകരൻ ഇന്ന് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. സി പി എം നേതൃത്വം പരാജയപ്പെട്ടുവെന്നും യു ഡി എഫ് വിജയിച്ചുവെന്നും പോസ്റ്റിൽ പറയുന്നുണ്ട്. അമ്പലപ്പുഴയിൽ മത്സരിക്കുന്നതിൽ ഉള്ള യു ഡി എഫിന്‍റെ പിന്തുണ അംഗീകരിച്ചുകൊണ്ട് ജി സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് പിന്തുണ ചരിത്രത്തിലെ രജതരേഖയായി സ്ഥാനം പിടിക്കുമെന്നും മണ്ഡലത്തിൽ തനിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരോട് നന്ദി അറിയിക്കുന്നതായും സുധാകരൻ വ്യക്തമാക്കി. എൽ ഡി എഫ് നേതൃത്വം നിരന്തരം തനിക്കെതിരെ അപവാദ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam