
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകൾ പുറത്തുവരാതിരിക്കാനുള്ള നീക്കങ്ങൾ ജലവിഭവ വകുപ്പിൽ സജീവം. പൈപ്പ് ഇട്ടതിലെ അഴിമതി ചൂണ്ടിക്കാട്ടി മാസങ്ങൾക്ക് മുൻപ് മന്ത്രി ജി സുധാകരൻ നൽകിയ കത്ത് വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ചേർന്ന് മുക്കി. കത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 43 തവണ പൊട്ടിയ പൈപ്പിന് ഗുണനിലവാരമുണ്ടെന്ന വിചിത്രമായ പരിശോധന റിപ്പോർട്ടാണ് ക്രമക്കേട് മറയ്ക്കാൻ ഉദ്യോഗസ്ഥർ ആയുധമാക്കുന്നത്.
ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ വലിയ ക്രമക്കേട് ഉണ്ടെന്നും നടപടി വേണമെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കാൻ കത്ത് ഉന്നത ഉദ്യോഗസ്ഥർക്ക് മന്ത്രി കൈമാറുകയും ചെയ്തു. എന്നാൽ പൈപ്പ് പൊട്ടൽ തുടർക്കഥയായിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഓരോ തവണയും റോഡ് പൊളിച്ച് ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തി. പദ്ധതിയുടെ മൂന്നാം റീച്ചിൽ ഉപയോഗിച്ച പർമാ പ്ലാസ്റ്റ് കമ്പനിയുടെ പൈപ്പാണ് 43 തവണ പൊട്ടിയത്. കരാറുകാരന്‍റെ താൽപ്പര്യപ്രകാരമാണ് ഈ കമ്പനിയിൽ നിന്നും പൈപ്പ് വാങ്ങിയത്.
എന്നാൽ പൈപ്പിന് ഗുണനിലവാരം ഉണ്ടെന്ന് കമ്പനിയിൽ തന്നെ നടത്തിയ പരിശോധനാ ഫലം ജലവിഭവകുപ്പിലെ ഉദ്യോഗസ്ഥർ അന്വേഷണങ്ങളെ മറികടക്കാൻ ആയുധമാക്കുന്നു. പൈപ്പ് പരിശോധന നടത്തി വാങ്ങിയ ഉദ്യോഗസ്ഥരിലേക്ക് വകുപ്പ് തല നടപടികളും അന്വേഷണങ്ങളും ഇതുവരെ നീങ്ങിയിട്ടില്ല. പൈപ്പ് ഇട്ട സമയത്ത് ചുമതല ഉണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെ മാത്രമാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam