
ആലപ്പുഴ: പാർട്ടിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെതിരായ സി പി എം പ്രതിഷേധത്തിനിടെ ജില്ലാ സെക്രട്ടറിയെ തിരുത്തി പ്രവർത്തകർ. ആലപ്പുഴ പുന്നപ്ര പറവൂരിൽ സുധാകരനെതിരെ നടത്തിയ പൊതുസമ്മേളനത്തിനിടയിലെ ജില്ലാ സെക്രട്ടറി ആർ നാസറിന്‍റെ പ്രസംഗത്തിനിടെയിലാണ് പ്രവർത്തകരുടെ തിരുത്തുണ്ടായത്. സുധാകരൻ വർഗവഞ്ചകനെന്ന് പ്രഖ്യാപിച്ച് സി പി എം നടത്തിയ പൊതുസമ്മേളനത്തിലെ പ്രസംഗത്തിലുടനാളം ജില്ലാ സെക്രട്ടറി, സുധാകരനെ 'സഖാവ്' എന്ന് വിശേഷിപ്പിച്ചതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. സുധാകരനെ ഇനി സഖാവ് എന്ന് വിളിക്കണ്ട എന്ന് പ്രവർത്തകർ വിളിച്ചുപറഞ്ഞു. പാർട്ടിയെ വഞ്ചിച്ച, ഒറ്റുകാരനായ വർഗവഞ്ചകനെ ഇനി സഖാവ് എന്ന് വിശേഷിപ്പിക്കരുതെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രവർത്തകരുടെ ഇടപെടിലിന് പിന്നാലെ വിളിച്ചു ശീലിച്ചത് കൊണ്ടാണ് 'സഖാവ്' പ്രയോഗം കടന്നുവന്നതെന്ന് ജില്ലാ സെക്രട്ടറി വിശദീകരിച്ചു. അതേസമയം വി എസ് അച്യുതാനന്ദന്‍റെ വീടിന് മുന്നിൽ നിന്നാരംഭിച്ച ബഹുജന മാർച്ച് സുധാകരന്‍റെ വീടിന് മുന്നിലൂടെയാണ് പൊതുസമ്മേളന വേദിയിലേക്കെത്തിയത്. വർഗവഞ്ചകന് മാപ്പില്ല എന്ന ബാനർ ഉയർത്തി, വൈകാരിക പ്രതികരണങ്ങളുമായാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് മാർച്ചിൽ അണിനിരന്നത്.
സുധാകരന്‍റെ സഹോദരനായ ഭുവനേശ്വന്‍റെ രക്തസാക്ഷിത്വമടക്കം ഓർമ്മിപ്പിച്ചുകൊണ്ട് 'ഭുവനേശ്വര അനശ്വര' മുദ്രാവാക്യം മാർച്ചിൽ ഉടനീളം ഉയർന്നുകേട്ടു. സുധാകരന്‍റെ വീടിന് മുന്നിലെത്തിയപ്പോൾ കടുത്ത മുദ്രാവാക്യം വിളിയായിരുന്നു. 'വർഗവഞ്ചനയ്ക്ക് മാപ്പില്ല', 'യുഡിഎഫിൻ കൂടാരത്തിൽ അത്താഴത്തിന് പോയെങ്കിൽ തിന്നു മദിച്ചു കിടന്നോളൂ', 'പ്രസ്ഥാനത്തെ ഒറ്റുകൊടുത്താൽ ഏത് സുധാകരനായാലും തോറ്റു മടങ്ങും കട്ടായം', 'ജി സുധാകരാ കേട്ടോളൂ, ഇത് പുന്നപ്രയുടെ മണ്ണാണെ, തോറ്റും മടങ്ങും ഉറപ്പാണേ', എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും ഉയർത്തിയായിരുന്നു സി പി എം മാർച്ച്. പൊതുസമ്മേളനത്തിൽ സംസാരിച്ച അമ്പലപ്പുഴ ഏരിയ സെക്രട്ടറി സാംജി, ജില്ലാ സെക്രട്ടറി ആർ നാസർ, സി പി എം കേന്ദ്ര കമ്മിറ്റി അംഗവും സുധാകരന്‍റെ ബന്ധുവുമായ സി എസ് സുജാത, എച്ച് സലാം എം എൽ എ എന്നിവർ രൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്.
ജി സുധാകരന് നൽകിയ അവസരങ്ങൾ എണ്ണി പറഞ്ഞായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രസംഗം. മത്സരിക്കാൻ ഉള്ള ആഗ്രഹം പണ്ട് മുതലേ സുധാകരൻ പ്രകടിപ്പിച്ചു പോന്നതാണ്. ആദ്യം കുട്ടനാട് മത്സരിച്ചു തോറ്റു. പിന്നീട് ഈ പാർട്ടി സുധാകരന് എണ്ണമറ്റ പരിഗണനയാണ് നൽകിയത്. കുട്ടനാട് തോറ്റ ശേഷം സുധാകരനെ എഴു തവണ പാർട്ടി മത്സരിപ്പിച്ചു. ജയവും തോൽവിയും ഏറ്റു വാങ്ങി. ഒരു മനുഷ്യായുസിൽ നൽകാവുന്ന പരിഗണനകൾ എല്ലാം പാർട്ടി നൽകി. ജി സുധാകരനെ ഞങ്ങളെല്ലാം ആരാധിച്ചു, ബഹുമാനിച്ചു. അത് അനശ്വര രക്തസാക്ഷി ജി ഭുവനേശ്വരന്റെ സഹോദരൻ ആയത് കൊണ്ടാണ്. ഭുവനേശ്വരനെ കൊന്നത് കെ എസ് യു - ഡി എസ് യു മുന്നണിയാണ്. ഇപ്പോൾ സുധാകരൻ പറയുന്നു കെ എസ് യു അല്ല കൊന്നതെന്നും നായർ ഗുണ്ടകൾ കൊന്നു എന്നുമാണ്. രക്തസാക്ഷിയെ തള്ളി പറയുന്ന നിലയിലേക്ക് ജി സുധാകരൻ എത്തി. സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ തള്ളിപ്പറഞ്ഞു. എങ്ങനെയാണ് സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ തള്ളിപ്പറയാൻ കഴിയുക. കേസ് നടത്താൻ ആഞ്ഞിലി വിറ്റെന്നാണ് പറയുന്നത്. കേസിലെ വാദിക്ക് എന്താണ് ചിലവ്? ഉള്ളിൽ പാർലമെന്‍ററി വ്യാമോഹം മാത്രം. ഒരു കമ്മ്യൂണിസ്റ്റിന് അതിന് കഴിയുമോ? പാർലമെന്‍ററി വ്യാമോഹമാണ് സുധാകരന്. ഇതാണോ വൈരുദ്ധ്യാത്മ ഭൗതിക വാദം. കുറേ നാളായി പദ്ധതി ഇട്ട കാര്യമാണ് ഇപ്പോൾ നടക്കുന്നത്. ഏത് രീതിയിലാണ് പാർട്ടി അദ്ദേഹത്തെ അവഗണിച്ചത്. പ്രശ്നം അതൊന്നുമല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കണം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പ് ആയിരുന്നു കഴിഞ്ഞ അഞ്ച് വർഷം. പാർലമെന്ററി മോഹം അതിന്റെ കൊടുമ്പിരി കൊണ്ട് കിടക്കുന്നു. ജില്ലാകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു. പക്ഷേ സുധാകരൻ വന്നില്ല. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ ഒരു മുറി പ്രത്യേകം കൊടുത്തു. പാർട്ടി മെമ്പർഷിപ് പുതുക്കാതെ ഇരുന്നത് നന്നായി. ഇല്ലെങ്കിൽ ഞാൻ പുറത്താക്കേണ്ടി വന്നേനെ. സുധാകരൻ പറഞ്ഞിട്ടാണ് ബ്രാഞ്ചിൽ പ്രവർത്തിപ്പിച്ചത്. ഗൗരിയമ്മയ്ക്കെതിരെ നടപടി എടുത്തത് സുധാകരൻ ഉള്ളപ്പടെ ഉള്ളവർ. ജില്ലാ കൗൺസിലിന് മുകളിൽ വികസന സമിതി ഉണ്ടാക്കിയതിനല്ലേ സുധാകരനെല്ലാം ചേർന്ന് ഗൗരിയമ്മയെ പുറത്താക്കിയത്. ആ സുധാകരൻ ആണ് ഈ പരിപാടി കാണിക്കുന്നത്. പാർട്ടിയിൽ നിന്ന് എല്ലാം ആയ ആൾ. 80 മത്തെ വയസ്സിൽ പാർട്ടി ചിഹ്നത്തിനെതിരെ മത്സരിക്കുന്നു. സുധാകരൻ ഇത്രെയും നാളും ജയിച്ചത് സുധാകരന്റെ മഹത്വം കൊണ്ടാണോ. പാർട്ടി ചുഹ്നത്തിൽ മത്സരിച്ചത് കൊണ്ടാണ് ജയിച്ചത്. കായംകുളത്തും അമ്പലപ്പുഴയിലും മത്സരിച്ച് ജയിച്ചു. ഈ പാർട്ടിയെ വെല്ലുവിളിക്കരുത്. എല്ലാ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയിട്ടും അപചയം ഉണ്ടായിട്ടും കൂടെ കൊണ്ടു നടന്നത് ഞങ്ങൾക്ക് പറ്റിയ തെറ്റ്. അമ്പലപ്പുഴയിൽ ജയിക്കാമെന്നാണോ കരുതുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ മണ്ണാണിത്. പാർട്ടിയെ വെല്ലുവിളിച്ച് കോൺഗ്രസിനെ കൂട്ട് പിടിച്ച് വന്നാൽ ജനം ചുട്ട മറുപടി നൽകും. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത് കൊണ്ടാണ് സുധാകരാ നിങ്ങൾ ജയിച്ചത്. അടുത്ത ചിഹ്നവുമായി ഇങ്ങു വാ, നമുക്ക് കാണാം. ഇന്നും ഒരു എം എൽ എയും മന്ത്രിയും ആകാതെ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് അണികൾ ഉള്ള പ്രസ്ഥാനമാണിത്. സഖാവ് ജി സുധാകരനോട് വിനയത്തോടെ അഭ്യർത്ഥിക്കാൻ ഉള്ളത്. ഈ പാർട്ടിയെ വെല്ലുവിളിക്കരുത് എന്നാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam