'പരാതി രാഷ്ട്രീയ ക്രിമിനലുകൾ വഴി, മുൻ പിഎസ്സിന്‍റെ ഭാര്യയെ അപമാനിച്ചിട്ടില്ല', ജി സുധാകരൻ

By Web TeamFirst Published Apr 17, 2021, 12:06 PM IST
Highlights

അവർ പൊലീസിൽ പരാതി നൽകിയതിനു പിന്നിൽ മറ്റ് ലക്ഷ്യങ്ങളാണുള്ളത്. രാഷ്ട്രീയ ക്രിമിനലുകൾ ആലപ്പുഴയിൽ പിടിമുറുക്കാൻ ശ്രമിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
 

ആലപ്പുഴ: തനിക്കെതിരായ മുൻ പഴ്സണൽ സ്റ്റാഫം​ഗത്തിന്റെ ഭാര്യയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാവർത്തിച്ച് മന്ത്രി ജി സുധാകരൻ. അവർ പൊലീസിൽ പരാതി നൽകിയതിനു പിന്നിൽ മറ്റ് ലക്ഷ്യങ്ങളാണുള്ളത്. രാഷ്ട്രീയ ക്രിമിനലുകൾ ആലപ്പുഴയിൽ പിടിമുറുക്കാൻ ശ്രമിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

പരാതി ഉന്നയിച്ച പേഴ്‌സണൽ സ്റ്റാഫിന്റെ ഭാര്യയെ തനിക്ക് അറിയില്ല. സ്റ്റാഫ് അം​ഗം  ജോലിക്ക് കൃത്യമായി ഹാജരായിരുന്നില്ല. തനിക്കെതിരെ അവരെ ഉപയോഗിച്ചു എന്നാണ് താൻ പറഞ്ഞത്. താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. ആരെയും മോശമായി പറഞ്ഞിട്ടില്ല. 

തനിക്കെതിരെ ഉള്ള പരാതിക്ക് പിന്നിൽ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. സിപിഎമ്മിന് ഉള്ളിൽ ഉള്ള ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഘത്തിൽ പല പാർട്ടിക്കുള്ളിൽ ഉള്ളവരുണ്ട്. സംശുദ്ധ രാഷ്ട്രീയത്തെ തകർക്കാനുള്ള ശ്രമമാണ് തനിക്കെതിരെ ഉള്ള നീക്കത്തിന് പിന്നിൽ. കുടുംബത്തെ വരെ ആക്ഷേപിക്കാൻ ശ്രമം നടന്നു. പഴ്സണൽ സ്റ്റാഫിനെതിരെ നടപടിയെടുക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. ഭാര്യക്കോ മകനോ വേണ്ടി എവിടെയും ഇടപെട്ടിട്ടില്ല എന്നും സുധാകരൻ പറഞ്ഞു. 

മന്ത്രി ജി സുധാകരന് എതിരെ മുൻ പഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിൻവലിച്ചെന്ന് പൊലീസ് പറഞ്ഞിരുന്നു.  പരാതിയിൽ ഉറച്ച് നിൽക്കുന്നില്ലന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. എന്നാൽ, പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. പല ഭാ​ഗത്തു നിന്നും സമ്മർദ്ദം ഉണ്ടായെങ്കിലും പരാതി പിൻവലിക്കാൻ ഒരുക്കമല്ല. പിൻവലിച്ചു എന്ന് പോലീസ് പറയുന്നത് ശരിയല്ല. എസ് പിക്ക് പരാതി നൽകുമെന്നും അവർ പ്രതികരിച്ചു.

click me!