കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി കേസിൽ പ്രതിയായിരുന്ന ഫൗസിയ ഹസ്സൻ. അന്നത്തെ പൊലീസുദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദ്ദിച്ചാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നൽകാൻ നിർബന്ധിച്ചതെന്ന് ഫൗസിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നമ്പി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് പറഞ്ഞത്. വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും മകളെ തന്‍റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ വെളിപ്പെടുത്തുന്നു. ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച ഡി കെ ജയിൻ സമിതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം ഇതാദ്യമായാണ് ഫൗസിയ ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്.
ഐഎസ്ആർഒ രഹസ്യങ്ങൾ ചോർത്തിക്കിട്ടാൻ താൻ നമ്പി നാരായണനും ശശികുമാറിനും ഡോളർ നൽകിയെന്ന് വ്യാജമൊഴി നൽകണമെന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെന്ന് ഫൗസിയ പറയുന്നു. ''ഇതിന് വിസമ്മതിച്ചപ്പോൾ ചോദ്യം ചെയ്യുന്ന പൊലീസുദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദ്ദിച്ചു. തന്‍റെ മാറിലും കാലിലുമെല്ലാം അടിച്ചു. തന്‍റെ മുന്നിലിട്ട് മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അന്ന് മംഗലാപുരത്ത് പഠിക്കുകയായിരുന്നു തന്‍റെ മകൾ.
ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നിൽ വ്യാജമൊഴി നൽകിയത്. എല്ലാവരും ചേർന്ന് തന്നെ ചാരവനിതയാക്കി'', ഫൗസിയ പറയുന്നു.
തനിക്ക് നമ്പി നാരായണന്‍റെ പേര് പോലും അറിയില്ലായിരുന്നുവെന്നാണ് ഫൗസിയ പറയുന്നത്, ''തന്‍റെ കുറ്റസമ്മതമൊഴി വീഡിയോയിൽ പകർത്തിയിരുന്നു. ആ സമയത്ത് തനിക്ക് നമ്പി നാരായണന്‍റെ പേര് പോലും അറിയില്ലായിരുന്നു. അപ്പോൾ ക്യാമറയ്ക്ക് പിന്നിൽ നിന്ന് നമ്പി നാരായണന്‍റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താൻ ആ പേര് വായിച്ചത്. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയിൽ വച്ചാണ്'', എന്ന് ഫൗസിയ വെളിപ്പെടുത്തുന്നു.
നമ്പി നാരായണന് ലഭിച്ചത് പോലെയുള്ള നഷ്ടപരിഹാരം തനിക്കും വേണമെന്ന് ഫൗസിയ ആവശ്യപ്പെടുന്നു. മർദ്ദനമേറ്റതിനെത്തുടർന്നുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ തനിക്കുണ്ട്. സിബിഐ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുമ്പോൾ ആവശ്യപ്പെട്ടാൽ സഹകരിക്കുമെന്നും ഫൗസിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാലി സ്വദേശിനിയായ ഫൗസിയ ഇപ്പോൾ ശ്രീലങ്കയിലെ കൊളംബോയിലാണ് താമസിക്കുന്നത്. ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കുമ്പോൾ ഫൗസിയയുടെ വെളിപ്പെടുത്തലുകളും നിർണായകമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam