'​ഗതാ​ഗതക്കുരുക്ക് നിയന്ത്രിക്കുന്നതില്‍ പിഡബ്ല്യുഡി ഒന്നും ചെയ്യാനില്ല'; കുണ്ടന്നൂര്‍ സന്ദര്‍ശിച്ച് മന്ത്രി ജി സുധാകരൻ

By Web TeamFirst Published Sep 7, 2019, 11:53 AM IST
Highlights

കുണ്ടന്നൂരിൽ നിലവിലുള്ള ​ഗതാ​ഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി ഒന്നും ചെയ്യാനില്ല. പിഡബ്ല്യുഡിയല്ല ​ഗതാ​ഗതക്കുരുക്ക് നിയന്ത്രിക്കുന്നത്.​ ​ഗതാ​ഗതക്കുരുക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ എസ്പിയുമായോ കളക്ടറമായോ ചർച്ച ചെയ്യണം.

കൊച്ചി: ഗതാ​ഗതക്കരുക്ക് പതിവാകുന്ന എറണാകുളം കുണ്ടുന്നൂരിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ സന്ദർശനം നടത്തി. രാവിലെ പത്ത് മണിയോടെ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘവും കുണ്ടന്നൂരിലെത്തി റോഡുകൾ പരിശോധിച്ചു. സർവ്വീസ് റോഡിലടക്കം കുഴിയടക്കാനുള്ള നടപടികൾക്രമങ്ങൾ സ്വീകരിക്കാനുള്ള നിർദ്ദേശം കളക്ടറുൾപ്പടെയുള്ളവർക്ക് മന്ത്രി നൽകിയതായാണ് സൂചന.

അടുത്ത വർഷം മാർച്ചോടുകൂടി പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുമെന്ന് റോഡ് പരിശോധിച്ചതിന് ശേഷം മന്ത്രി പറ‍ഞ്ഞു. നിലവിൽ ടാറിങ്ങ് നടത്താൻ കഴിയില്ല. ടൈൽസ് ഇടുന്ന പ്രവർത്തികൾ പുരോ​ഗമിക്കുകയാണ്. കുണ്ടന്നൂരിൽ നിലവിലുള്ള ​ഗതാ​ഗതക്കുരുക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡിക്ക് ഒന്നും ചെയ്യാനില്ല. പിഡബ്ല്യുഡിയല്ല ​ഗതാ​ഗതക്കുരുക്ക് നിയന്ത്രിക്കുന്നത്.​ അത് എസ്പിയോട് ചോദിക്കണം. ​ഗതാ​ഗതക്കുരുക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ പിഡബ്ല്യുഡി എസ്പിയുമായോ കളക്ടറുമായോ ചർച്ച ചെയ്യാം. എഞ്ചിനീയർമാർക്ക് റോഡ് പണിയാൻ മാത്രമേ കഴിയുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൂന്ന് മണിക്കൂറുകളോളം ​ഗതാ​ഗതക്കുരുക്കിൽ പെട്ടിട്ടുണ്ടെങ്കിൽ ഇവിടുത്തെ ​ഗതാ​ഗത സംവിധാനം പരിഷ്കരിക്കണം. ഗതാ​ഗതക്കുരുക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ കളക്ടറുമായി ചർച്ച ചെയ്യാം. എറണാകുളത്ത് മുമ്പും ഇത്തരത്തിൽ ​ഗതാ​ഗതക്കുരുക്ക് ഉണ്ടായിട്ടുണ്ട്. മെട്രോയുടെ നിർമ്മാണ സമയത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായിട്ടുണ്ട്. രണ്ട് ഫ്ലൈ ഓവറുകൾ ഒന്നിച്ച് നിർമ്മിക്കുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ഇവിടെ ബോധപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ചിലയാളുകൾ ഇറങ്ങിപുറപ്പെട്ടിട്ടുണ്ട്.

നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ഫ്ലൈഓവർ നിർമ്മിച്ചിരിക്കുന്നത്. സർക്കാരിന്റെ ഖജനാവിൽ നിന്നാണ് റോഡ് നിർമ്മാണത്തിനുള്ള ഫണ്ട് അനുവദിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഭാ​ഗത്തുനിന്ന് യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല. 45 റോഡുകളിലെ തകർന്ന ഭാ​​ഗങ്ങൾ ശരിയാക്കി തുടങ്ങിയിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ഫണ്ട് തയ്യാറായിട്ടുണ്ട്. കുണ്ടന്നൂരിലെ റോഡിന്റെ അറ്റകുറ്റപ്പണികൾ പണിയുന്നതിനായി ഏഴ് കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പാലം നിർമ്മാണത്തിന്റെ പേരിൽ ടോൾ പിരിക്കുന്നതിൽ എതിരാണ്. കുണ്ടന്നൂർ മേൽപ്പാലത്തിന്റെ പേരിൽ ടോൾ പിരിക്കില്ല. പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ പണം ഉപയോ​ഗിച്ചാണ് പാലം നിർമ്മാണമമടക്കം ചെയ്യുന്നത്. അതിനാൽ ടോൾ പിരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്നലെ സിറ്റി പൊലീസ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ റോഡിലെ കുഴികൾ അടയ്യ്ക്കുന്ന പ്രവൃത്തികൾ നടന്നിരുന്നു. എന്നാൽ, രാവിലെ കനത്ത മഴ പെയ്തതോടെ റോഡിലെ കുഴികൾ വീണ്ടും രൂപപ്പെട്ടു. ഇന്ന് രാവിലെ മാത്രം മൂന്ന് അപകടങ്ങളാണ് കുണ്ടന്നൂരിൽ റിപ്പോർട്ട് ചെയ്തത്. പല വാഹനങ്ങളും കുഴിയിൽ വീഴുന്ന സാഹചര്യമുണ്ടായിരുന്നു.

click me!