കുതിരാനടക്കമുള്ള പദ്ധതികളിലെ പ്രശ്നങ്ങൾ പരിഹരിക്കാം; ദില്ലിക്ക് ഗഡ്കരിയുടെ ക്ഷണം, സ്വീകരിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jan 28, 2021, 3:19 PM IST
Highlights

കേരളത്തിലെ റോഡുകളുടെ നി‍‍ർമ്മാണത്തിൽ റബ്ബറും കയറുമെല്ലാം കൂടുതലായി ഉപയോ​ഗിക്കാൻ സാധിച്ചാൽ റബ്ബറും തെങ്ങും പ്രധാന നാണ്യവിളകളായ കേരളത്തിലെ കാ‍ർഷിക വിപണിക്ക് അതു ​ഗുണം ചെയ്യും. 

ആലപ്പുഴ: കുതിരാൻ തുരങ്കത്തിൻ്റെ നിർമ്മാണം അനിശ്ചിതമായി നീളുന്നതടക്കം സംസ്ഥാനത്തെ വിവിധ റോഡ് നവീകരണ - വികസന പദ്ധതികളുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ മുഖ്യമന്ത്രിയേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ദില്ലിക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.  

അടുത്ത തവണ മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയിൽ എത്തുമ്പോൾ കേരളത്തിലെ റോഡ് പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥുടെ സാന്നിധ്യത്തിൽ തന്നെ നമ്മുക്ക് ചർച്ച ചെയ്യാം. സംസ്ഥാനത്തെ കേന്ദ്രസ‍ർക്കാ‍ർ സഹായത്തോടെ നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ദേശീയപാത പദ്ധതികളുടെ വിശദാശംങ്ങളും ഉദ്ഘാടന പ്രസം​ഗത്തിനിടെ ​ഗഡ്കരി പങ്കുവച്ചു. 

ഗഡ്കരിയുടെ ക്ഷണം സ്വാഗതം ചെയ്ത മുഖ്യമന്ത്രി കൊവിഡ് കാരണം ദില്ലിയിലേക്കുള്ള യാത്ര വൈകുകയാണെന്നും അടുത്ത വട്ടം ദില്ലിയിൽ എത്തിയാൽ എന്തായാലും യോഗം കൂടി കാര്യങ്ങൾ വിലയിരുത്താമെന്നും ഉറപ്പ് നൽകി. കയറും കയർ അനുബന്ധ ഉത്പന്നങ്ങളും റബ്ബറും നിലവിൽ കേരളത്തിൽ റോഡ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രിയുടെ നിർദേശപ്രകാരം വിപുലമായ രീതിയിൽ പ്രാദേശിക അസംസ്കൃത വസ്തുകൾ ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിതിൻ ​ഗഡ്കരിയുടെ വാക്കുകൾ - 

രാജ്യത്തിന് നി‍ർണായകമായ സംസ്ഥാനമാണ് കേരളം. ടൂറിസത്തിന് വലിയ പ്രാധാന്യമുള്ള സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതും അനിവാര്യമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇനി ദില്ലിയിൽ എത്തുമ്പോൾ നിലവിൽ കേരളത്തിലെ ​​ദേശീയപാതാ വികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ച‍ർച്ച നടത്താം. കൂട്ടായ ച‍ർച്ചകളിലൂടെ ഏതു പ്രശ്നവും പരിഹരിക്കാവുന്നതേയുള്ളൂ.  കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിൽ പുരോ​ഗതി വേണമെന്ന് ആത്മ‍ാ‍ത്ഥമായി ഞങ്ങൾക്ക് ആ​ഗ്രഹമുണ്ട്. 

ദേശീയപാതകളുടെ വശങ്ങളിലെ മണ്ണിടിച്ചിൽ തടയാൻ കയ‍ർ ഭൂവസ്ത്രം വിരിക്കുന്നതടക്കമുള്ള പദ്ധതികൾ കേന്ദ്ര ഉപരിതല മന്ത്രാലയം പരി​ഗണിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവഴി കേരളത്തിലേയും തമിഴ്നാട്ടിലേയും കയ‍ർ വിപണിക്ക് ഊ‍ർജ്ജം നൽകാൻ സാധിക്കും. കേരളത്തിലെ റോഡുകളുടെ നി‍‍ർമ്മാണത്തിൽ റബ്ബറും കയറുമെല്ലാം കൂടുതലായി ഉപയോ​ഗിക്കാൻ സാധിച്ചാൽ റബ്ബറും തെങ്ങും പ്രധാന നാണ്യവിളകളായ കേരളത്തിലെ കാ‍ർഷിക വിപണിക്ക് അതു ​ഗുണം ചെയ്യും. കേന്ദ്ര സ‍ർക്കാ‍ർ നടപ്പാക്കുന്ന ആത്മനി‍ർഭ‍ർ ഭാരത് പദ്ധതിയുമായും നമ്മുക്ക് ഇതിനെ ബന്ധിപ്പിക്കാം. 

click me!