
തിരുവനന്തപുരം : പ്രതിസന്ധിയിലായ കെഎസ്ആർടിസിയുടെ ദാരിദ്ര്യം മാറ്റാനുളള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി ഗണേഷ് കുമാർ. ഒന്നാം തീയതി തന്നെ ജീവനക്കാർക്കെല്ലാം ശമ്പളം കൊടുക്കാൻ പറ്റുന്ന നിലയിലേക്കാണ് ആലോചന. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചതായും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ
ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി തുടങ്ങി. ഇതുകൊണ്ട് തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരു ദിവസം 3,29,831 രൂപ 03 പൈസ ലാഭിക്കുവാൻ കഴിയുന്നുവെന്നാണ് കണക്കുകള്‍. ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രം ഒരു ദിവസത്തെ ലാഭം 2,85,837 രൂപ 43 പൈസയാണ്.
ഗതാഗത വകുപ്പ് മന്ത്രിയായി കെ. ബി. ഗണേഷ് കുമാർ ചാർജ്ജ് എടുത്ത ശേഷം തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നീ അഞ്ചു ക്ലസ്റ്ററുകളിലായുള്ള 20 യൂണിറ്റുകളിലെ യൂണിറ്റ് ഓഫീസർമാരുമായും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് എന്നിവരുമായും നടത്തിയ മീറ്റിങ്ങുകളിൽ ആണ് റൂട്ട് റാഷണലൈസേഷൻ നിർദ്ദേശം മുന്നോട്ടുവച്ചത്.
ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെയാണ് അതിവേഗം ഷെഡ്യൂളുകൾ പുനക്രമീകരിച്ച് റൂട്ട് റാഷണലൈസേഷൻ വിജയകരമായി നടപ്പിലാക്കുവാൻ സാധിച്ചത്. തിരുവനന്തപുരത്തെ 20 കെഎസ്ആർടിസി ഡിപ്പോകളിൽ റൂട്ട് റാഷണലൈസേഷന്റെ ഭാഗമായി ഡെഡ് കിലോമീറ്റർ ഒഴിവാക്കി ഷെഡ്യൂൾ റീ അറേഞ്ച് ചെയ്ത് നേടാനായത് പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടമാണ്. ഒരു ദിവസത്തെ ലാഭം 2,85,837 രൂപ 43 പൈസ എന്നത് ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിനുള്ള ലാഭം മാത്രമാണ്.
10998.40 കിലോമീറ്റർ ആണ് തിരുവനന്തപുരത്ത് മാത്രം ഡെഡ് കിലോമീറ്റർ ആയി പരിശോധനയിൽ മനസിലാക്കിയിട്ടുള്ളത്. ഇത്രയും ഡെഡ് കിലോമീറ്റർ ഒഴിവാക്കുന്നതിലൂടെ 2903.50 ലിറ്റർ ഡീസൽ തിരുവനന്തപുരം ജില്ലയിൽ മാത്രം കെഎസ്ആര്‍ടിസിക്ക് ലാഭിക്കാൻ സാധിക്കുന്നു. അതുകൂടാതെ ഒരു കിലോമീറ്ററിന് 4 രൂപ സ്പെയർപാർട്സിനായി ചെലവാകുന്നുണ്ട്. അതിലൂടെ നമുക്ക് 43,993.60 രൂപ ലാഭം കിട്ടും. ആകെ പ്രതിദിന ലാഭം 3,29,831.03 രൂപ എന്നത് ഒരു മാസത്തേക്ക് (30 ദിവസം കണക്കാക്കിയാൽ) 98,94,930.90 രൂപയാണ്.
ഇത്തരത്തിൽ ഡെഡ് കിലോമീറ്റർ ഒഴിവാക്കിയപ്പോഴും ഒരു ബസ് മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ട്കളിലും മലയോര / ആദിവാസി/തോട്ടംതൊഴിലാളി /തീരദേശ/കോളനി മേഖലകളിലേക്കും ഓപ്പറേറ്റ് ചെയ്തുവരുന്ന ഒരു സർവീസുപോലും റദ്ദാക്കിയിട്ടില്ല. ഇതേ രീതിയിൽ മറ്റ് എല്ലാ ജില്ലകളിലും റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കും. ഇതൊരു ചെറിയ തുകയോ കണക്കോ ആണോ എന്നുള്ളത് ജീവനക്കാരും പൊതുജനങ്ങളും തിരിച്ചറിയണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam