കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ നിന്ന് പിടിച്ച പണം മുക്കിയ കേസ്: പ്രതിപ്പട്ടികയിൽ ഉരുണ്ടുകളിച്ച് ക്രൈം ബ്രാഞ്ച്

By Web TeamFirst Published Nov 17, 2022, 4:47 PM IST
Highlights

പണം പോലീസ് സ്റ്റേഷനിൽ വെച്ച് അന്നത്തെ പ്രൊബേഷനറി എസ്ഐ ആയിരുന്ന സിബി തോമസ് തിട്ടപ്പെടുത്തിയെങ്കിലും ആ പണം എവിടെ പോയെന്ന് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞില്ല

തിരുവനന്തപുരം: കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം മുക്കിയ കേസില്‍ ഉരുണ്ടുകളിച്ച് ക്രൈംബ്രാഞ്ച്. 2009 ല്‍ മോഷണക്കുറ്റം ചുമത്തിയ കേസില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ അന്നത്തെ പ്രൊബേഷന്‍ എസ്ഐയെ മാത്രം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അന്ന് റെയ്ഡിന് മേല്‍നോട്ടം വഹിച്ച സിഐയെയും എസ്ഐയെയും കേസില്‍ നിന്ന് ഒഴിവാക്കി.

പേരൂർക്കട സ്വദേശി രാമസ്വാമിയുടെ വീട്ടിലാണ് 2009ൽ പൊലീസ് പരിശോധന നടത്തിയത്. ഒരു സംഘം ആളുകളുമായി രാമസ്വാമിയും മകനും ഏറ്റമുട്ടിയതിനെത്തുടര്‍ന്നായിരുന്നു പരിശോധന. ഇതറിഞ്ഞ് പേരൂർക്കട ഇസ്പെക്ടർ അശോകൻ, എസ്ഐ നസീർ, പ്രൊബേഷൻ എസ്ഐ സിബി തോമസ് എന്നിവർ സ്ഥലത്തെത്തി. രാമസ്വാമിയെയും ഭാര്യയും അന്ന് പൊലീസ് കസ്റ്റഡിലെടുത്ത ശേഷമായിരുന്നു പരിശോധന. ഇവർക്കെതിരെ ലഹരിവസ്തു വിറ്റതിന് ഉള്‍പ്പെടെ നേരത്തെയും കേസുകള്‍ ഉണ്ടായിരുന്നു. 

റിമാന്റിലായിരുന്ന പ്രതികള്‍ ജയില്‍ മോചിതരായതിന് ശേഷം പോലീസ് മോഷ്ടിച്ചെന്ന ആരോപണം ഉന്നയിച്ചു. സ്വര്‍ണവും പണവും എടുത്തെങ്കിലും കോടതിയില്‍ നല്‍കിയിരുന്നില്ല എന്നായിരുന്നു പരാതി. രാമസ്വാമിയുടെ ഭാര്യ ഉഷയുടെ പരാതിയിലാണ് കേസന്വേഷണം നടത്തിയത്. സ്വർണം മോഷ്ടിച്ചുവെന്ന വാദം കളവാണെന്ന് അന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. പണം പോലീസ് സ്റ്റേഷനിൽ വെച്ച് അന്നത്തെ പ്രൊബേഷനറി എസ്ഐ ആയിരുന്ന സിബി തോമസ് തിട്ടപ്പെടുത്തിയെങ്കിലും ആ പണം എവിടെ പോയെന്ന് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞില്ല. 

അന്നത്തെ സിഐ ആയിരുന്ന അശോകനും എസ്ഐ ആയിരുന്ന നസീറും കണ്ടെത്തിയ പണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. എല്ലാം സിബി തോമസ് ചെയ്തെന്നായിരുന്നു അവരുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ സിബി തോമസിനെതിരെ മാത്രം കുറ്റം ചുമത്തുകയും അന്നത്തെ സിഐയെയും എസ്ഐയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. അതേസമയം പണം നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയെങ്കിലും പോലീസുകാരനെതിരെ മോഷണക്കുറ്റം ചുമത്താതെ ഈ പണം ദുരുപയോഗം ചെയ്തുവെന്ന് മാത്രം പറഞ്ഞാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

മോഷണ കുറ്റം ഒഴിവാക്കി പണം ദുരുപയോഗം ചെയ്തുവെന്ന വകുപ്പാണ് സിബിതോമസിനെതിരെ ചുമത്തിയത്. ഈ അന്വേഷണം നടക്കുന്നതിനിടെ ആരോപണ വിധേയരായ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനക്കയറ്റം നല്‍കിയിരുന്നു. കേസില്‍ പ്രതികളല്ലാത്തതിനാലാണ് മൂന്ന് പേര്‍ക്കും ഉദ്യോഗക്കയറ്റം കിട്ടിയെന്നാണ് വിശദീകരണം.

click me!