കോട്ടയത്ത് 5 പേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചു

By Web TeamFirst Published Apr 28, 2020, 11:15 PM IST
Highlights

 കോട്ടയവുമായി അതിർത്തി പങ്കിടുന്ന പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലാ അതിർത്തികൾ അടച്ചു. ഈ ജില്ലകളിലേക്ക് പ്രവേശിക്കാവുന്ന ഇടവഴികളിലും പൊലിസ് പരിശോധന കർശനമാക്കി. 

കോട്ടയം: കൊവിഡ് റെഡ്സോണായ കോട്ടയത്ത് അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചു. കൂട്ടം കൂടുന്നത് നിരോധിച്ച് ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് നടപടി. അതേസമയം, കോട്ടയത്ത് നിലവിലെ ഏഴ് പഞ്ചായത്തുകൾക്ക് പുറമെ മേലുകാവ് പഞ്ചായത്തും തീവ്രബാധിത മേഖലയായി. 

ഗ്രീൻസോണിലായിരുന്ന കോട്ടയത്തും ഇടുക്കിയിലും കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവുണ്ടായത്. ഇതോടെ രോഗം കണ്ടെത്താൻ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും പരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കണമെന്നുമുള്ള ആവശ്യവും ശക്തമാകുന്നു. റെഡ് സോണിലായ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തികൾ സമീപ ജില്ലകൾ അടച്ചു.

ഏഴ് ദിവസം മുൻപ് വരെ ഇരുജില്ലകളിലും ഒരു കൊവിഡ് രോഗി പേലും ഉണ്ടായിരുന്നില്ല. ഗ്രീൻ സോണായിരുന്ന ഈ രണ്ട് ജില്ലകളിലും ആശങ്കപ്പെടുത്തും വിധമാണ് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചത്. നിരീക്ഷണത്തിൽ അല്ലാതിരുന്നവർക്കും രോഗം സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു. കോട്ടയം മാർക്കറ്റിലെ ചുമട്ട് തൊഴിലാളി ഉൾപ്പെടെ നാല് പേർക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനും ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് കൊവിഡ് കണ്ടെത്താനുള്ള പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും സ്രവപരിശോധനാഫലം വേഗത്തിൽ ലഭ്യമാക്കണമെന്നും ആവശ്യം ഉയരുന്നത്.

അതേസമയം, കോട്ടയത്തും ഇടുക്കിയിലും നിയന്ത്രണങ്ങൾ കർശനമാക്കി. റെഡ് സോണായ രണ്ട് ജില്ലകളിലേക്കും കൊവിഡ് പ്രതിരോധ പ്രവർത്തന ഏകോപനത്തിനായി രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ചു. ഇതിന് പുറമെ കോട്ടയത്തെ പൊലീസ് പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല എഡിജിപി പദ്മകുമാറിന് നൽകി. കോട്ടയവുമായി അതിർത്തി പങ്കിടുന്ന പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലാ അതിർത്തികൾ അടച്ചു. ഈ ജില്ലകളിലേക്ക് പ്രവേശിക്കാവുന്ന ഇടവഴികളിലും പൊലിസ് പരിശോധന കർശനമാക്കി. 

click me!