കോഴിക്കോട്ടും രോഗികളുടെ വിവരം ചോർന്നതായി സംശയം; ദില്ലിയിൽ നിന്നും ബംഗലൂരുവിൽ നിന്നും ഫോൺ കോളുകളെത്തി

By Web TeamFirst Published Apr 28, 2020, 11:03 PM IST
Highlights

വിവരശേഖരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് ആയഞ്ചേരി മെഡിക്കല്‍ ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കുമെന്നും ഡിഎംഒ അറിയിച്ചു.

കോഴിക്കോട്: കാസർക്കോടിനും കണ്ണൂരിനും പിന്നാലെ കോഴിക്കോട്ടും കൊവിഡ് രോഗികളുടെ വിവരം ചോർന്നതായി സംശയം. രോഗം മാറി വീട്ടിൽ കഴിയുന്ന വടകര വില്യാപ്പളളി സ്വദേശിക്ക് ബെംഗളൂരുവിൽ നിന്നും ദില്ലിയിൽ നിന്നുമാണ് ഫോൺ കോളുകൾ എത്തിയത്. നമ്പരുകളിലേക്ക് തിരികെ വിളിച്ചെങ്കിലും നിലവിലില്ലെന്നാണ് മറുപടി.

അഞ്ച് ദിവസം മുമ്പാണ് വില്യാപ്പിള്ളി സ്വദേശിക്ക് ആദ്യ ഫോൺകോൾ വന്നത്. ബാഗ്ലൂരിലെ കൊവിഡ് ഓഫീസിൽ നിന്നെന്നാണ് വിളിച്ചവർ പരിചയപ്പെടുത്തിയത്. ഇംഗ്ലീഷിലായിരുന്നു സംസാരം. രോഗ വിവരങ്ങൾ ചോദിച്ച ശേഷം വിലാസം ശരിയാണോയെന്നും വിളിച്ചവര്‍ ഉറപ്പാക്കി. രണ്ട് ദിവസം മുമ്പ് ദില്ലിയിൽ നിന്നും ഫോൺ കോൾ വന്നു. വിളിച്ചവർ ഹിന്ദിയിലും മലയാളത്തിലും സംസാരിച്ചു. കൊവിഡ് കൗൺസിലിങിന് എന്ന് പറഞ്ഞാണ് വിളിച്ചത്.  താൻ രോഗമുക്തി നേടിയതാണെന്ന് പറഞ്ഞപ്പോൾ ഓരോരുത്തരേയായി വിളിച്ച് വരുന്നേ ഉള്ളൂ എന്നായിരുന്നു മറുപടി.

Also Read: കണ്ണൂരിലെ കൊവിഡ് രോഗികളുടെ വിവരങ്ങളും പുറത്തായി; ചോർച്ച സ്ഥിരീകരിച്ച് ജില്ലാ കളക്ടർ

കണ്ണൂരിലും കാസർകോട്ടും രോഗികളുടെ വിവരം ചോർന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ രണ്ട് നമ്പറുകളിലേക്കും തിരിച്ച് വിളിച്ചെങ്കിലും നമ്പർ നിലവിൽ ഇല്ലെന്നായിരുന്നു കിട്ടിയ മറുപടി. സംഭവത്തിൽ പൊലീസിൽ പരാതി നൽകാനാണ് രോഗിയുടെ തീരുമാനം. രോഗിയെ വിളിച്ച വിവരം കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറും സ്ഥിരീകരിച്ചു. വിവരശേഖരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് ആയഞ്ചേരി മെഡിക്കല്‍ ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കുമെന്നും ഡിഎംഒ അറിയിച്ചു.

Also Read: കാസര്‍കോട് കൊവിഡ് ബാധിതരുടെ വിവര ചോർച്ച: അന്വേഷണം ആരംഭിച്ച് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും

click me!