
തൃശ്ശൂര്‍: യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാതീയമായി അധിക്ഷേപിച്ചെന്നാരോപിച്ച് നാട്ടിക എംഎല്‍എ ഗീതാ ഗോപി പൊലീസിൽ പരാതി നൽകി. ചേർപ്പ് - തൃപ്രയാർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നിൽ എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇത് സമര നാടകമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ,എംഎല്‍എ കുത്തിയിരുന്ന സ്ഥലത്ത് ചാണകവെള്ളം തളിച്ച് കഴുകിയിരുന്നു. ഇതാണ് പരാതിയ്ക്ക് അടിസ്ഥാനം.
പട്ടികജാതി വിഭാഗത്തിൽ പെട്ട തന്നെ ജാതീയമായി അധിക്ഷേപിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ചെയ്തതെന്നാണ് എംഎല്‍എ ചേര്‍പ്പ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. നിയമസഭാംഗത്തോടു പോലും ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ സാധാരണ സ്ത്രീയുടെ അവസ്ഥ എന്താകുമെന്നും പരാതിയിൽ ചോദിക്കുന്നു. അടുത്ത ദിവസം മുഖ്യമന്ത്രിയ്ക്കും നിയമമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകാനാണ് എംഎല്‍എയുടെ തീരുമാനം.
ചേർപ്പ് - തൃപ്രയാർ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ ഗീത ഗോപി എംഎൽഎയെ വഴിയിൽ തടഞ്ഞിരുന്നു. തുടർന്നാണ് ചേര്‍പ്പ് പൊതുമരാമത്ത് ഓഫീസിന് താഴെ എംഎൽഎ കുത്തിയിരിപ്പ് സമരം നടത്തിയത്.റോഡില്‍ അറ്റകുറ്റപ്പണി നടത്താം എന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതോടെയാണ് എംഎല്‍എ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam