ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് സാന്നിധ്യം കേരളത്തിൽ, പഠന റിപ്പോർട്ട്

By Web TeamFirst Published Apr 13, 2021, 1:11 PM IST
Highlights

വൈറസുകളിലെ ജനിതക വ്യതിയാനത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്‍റ് ഇന്‍റ്ഗ്രേറ്റഡ് ബയോളജിയെന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ പഠനത്തിലാണ് സംസ്ഥാനത്തെ പല ജില്ലകളിലും എൻ440 കെ വകഭേദത്തില്‍പ്പെട്ട വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്

തിരുവനന്തപുരം: ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്‍റെ സാന്നിധ്യം കേരളത്തിലെ പല ജില്ലകളിലുമെന്ന് ഐജിഐബി. രോഗവ്യാപനത്തില്‍ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ വിനോദ് സ്കറിയ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വൈറസുകളിലെ ജനിതക വ്യതിയാനത്തെ കുറിച്ച് പഠിക്കാന്‍  സര്‍ക്കാര്‍ നിയോഗിച്ച സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്‍റ് ഇന്‍റ്ഗ്രേറ്റഡ് ബയോളജിയെന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ  പഠനത്തിലാണ് സംസ്ഥാനത്തെ പല ജില്ലകളിലും എൻ440 കെ വകഭേദത്തില്‍പ്പെട്ട വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പ്രതിരോധ മാര്‍ഗങ്ങളെ മറികടക്കാന്‍ ശേഷിയുള്ള വൈറസ് രോഗ വ്യാപനം തീവ്രമാക്കുമെന്നാണ് ഐജിഐബി ചൂണ്ടിക്കാട്ടുന്നത്.

രണ്ട് തവണ വാക്സീനെടുത്തവർക്ക് വീണ്ടും കൊവിഡ് വരാനുള്ള സാധ്യതയും ഐജിഐബി തള്ളിക്കളയുന്നില്ല. രണ്ടാംതരംഗത്തിൽ രോഗവ്യാപനമുണ്ടായ ഒഡീഷ, ഛത്തീസ്ഘട്ട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 

അതേ സമയം ഇന്ത്യയിൽ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം ഇന്നും ഒന്നരലക്ഷം കടന്നിട്ടുണ്ട്. ഇന്ത്യയിലേതടക്കം രോഗവ്യാപനത്തില്‍ ആശങ്കയറിയിച്ച ലോകാരോഗ്യസംഘടന ആരോഗ്യസംവിധാനങ്ങള്‍ വലിയ വെല്ലുവിളി നേരിടുകയാണെന്ന് വ്യക്തമാക്കി. 

click me!