പ്രളയാനന്തര പുനരധിവാസം: റിപ്പോര്‍ട്ട് നല്‍കാനായി ഭൗമശാസ്ത്രജ്ഞരെ നിയമിച്ചു

By Web TeamFirst Published Aug 20, 2019, 7:16 AM IST
Highlights

ഭൂമിയുടെ സ്വഭാവത്തിലുണ്ടായ മാറ്റത്തെ കുറിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ സംഘം നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാകും ദുരിതബാധിതരെ പുനരധിവസിപ്പിക്കുക. 

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് ഭൂമിയുടെ മേൽതട്ടിലുണ്ടായ മാറ്റങ്ങൾ പഠിക്കാൻ ഭൗമശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള 49സംഘങ്ങളെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിയോഗിച്ചു. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും പരിസ്ഥിതി ദുർബല മേഖലകളിൽ നിന്നും മാറ്റിപാർപ്പിച്ചവരെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ തീരുമാനമെടുക്കുക

ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങൾ,മറ്റ് വിചിത്രമായ ഭൗമ പ്രതിഭാസങ്ങൾ പ്രത്യക്ഷപ്പെട്ട ഇടങ്ങൾ,വലിയ വിള്ളലുകൾ ശ്രദ്ധയിൽ പെട്ട ഇടങ്ങൾ തുടങ്ങിയവയാണ് വിദഗ്ദ്ധ സമിതി പരിശോധിക്കുക. ജനങ്ങളെ മാറ്റിപാർപ്പിച്ച ഇടങ്ങളിലാണ് പരിശോധന നടത്തുക.ദുർബല മേഖലകളിലെ പഠന റിപ്പോർട്ട് ജില്ലാ ദുരന്ത നിവാരണ അതോരിറ്റിക്ക് കൈമാറിയതിന് ശേഷമാകും പ്രദേശങ്ങൾ വാസയോഗ്യമാണോ ജനങ്ങളെ തിരികെ എത്തിക്കാമോ തുടങ്ങിയ കാര്യങ്ങളിൽ ദുരന്ത നിവാരണ വകുപ്പ് തീരുമാനമെടുക്കുക.

കോഴിക്കോട്,കണ്ണൂർ,വയനാട് കോട്ടയം ,എറണാകുളം,പാലക്കാട് ,ഇടുക്കി,മലപ്പുറം,,തൃശൂർ,പത്തനംതിട്ട ജില്ലകളിലാകും ഭൗമശാസ്ത്രജ്ഞര്‍ പരിശോധന നടത്തുക.മലപ്പുറത്തും വയനാടുമാണ് ഏറ്റവും കൂടുതൽ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഭൗമ പഠനങ്ങൾ നടത്തേണ്ടത് ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയാണെന്നിരിക്കെ അടിയന്തരമായി ഇത്രയുമധികം സംഘങ്ങളെ കേരളത്തിലേക്ക് ആയക്കുന്നതിൽ ജിഎസ്ഐക്ക് തടസങ്ങളുണ്ട്.ഇത് മാറ്റിപാർപ്പിച്ച ജനങ്ങളുടെ മടങ്ങിവരവ് അടക്കം വൈകിപ്പിക്കും എന്ന് മുന്നിൽ കണ്ടുകൊണ്ടാണ് സംസ്ഥാന തലത്തിൽ സംഘങ്ങളെ നിയോഗിച്ചത്.ആഗസ്റ്റ് ഇരുപത്തിയൊന്ന് മുതൽ പരിശോധന തുടങ്ങും.

click me!