
കൊല്ലം: കുണ്ടറയിൽ അനധികൃതമായി മണ്ണെടുത്ത സംഭവത്തിൽ അനുമതി കൊടുത്തത് പഞ്ചായത്തധികൃതർ നൽകിയ ശുപാര്‍ശ പ്രകാരമാണെന്ന് ജിയോളജി വകുപ്പ്. ലൈഫ് പദ്ധതിയിൽ സ്ഥലം കിട്ടിയവര്‍ക്ക് വീട് നിര്‍മ്മിക്കാനായി ഏഴര മീറ്റർ താഴ്ച്ചയിൽ മണ്ണെടുക്കാൻ, ഭൂവുടമകൾക്ക് അനുമതി നൽകണമെന്നായിരുന്നു കുണ്ടറ പഞ്ചായത്തിന്റെ ശുപാര്‍ശ. കൂടുതൽ മണ്ണെടുത്തതിന് പിഴയടക്കാൻ ഭൂവുടമകൾക്ക് ഏപ്രിൽ മാസത്തിൽ തന്നെ നോട്ടീസ് നൽകിയിരുന്നെന്നും ജിയോളജി വകുപ്പിന്റെ വിശദീകരണം. എന്നാൽ ജിയോളജി വകുപ്പിന്റെ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കുണ്ടറ പഞ്ചായത്ത് തയ്യാറായില്ല. മുൻ പഞ്ചായത്ത് സെക്രട്ടറിയുടെ കാലത്ത് നടന്ന സംഭവമെന്ന് മാത്രമാണ് പഞ്ചായത്ത് സെക്രട്ടറി നൽകിയ വിശദീകരണം.
മണ്ണെടുപ്പിന് അനുമതി നൽകിയത് ലൈഫ് പദ്ധതിയിൽ സ്ഥലം കിട്ടിയവര്‍ക്ക് വീട് വയ്ക്കാൻ വേണ്ടിയാണ്. അനധികൃതമായി കൂടുതൽ മണ്ണെടുത്തതിന് ഭൂവുടമകളായ സാബു തോമസിന് 38000 രൂപയും കുമാരിക്ക് 49000 രൂപയുമാണ് പിഴ ചുമത്തിയത്. കൂടുതൽ മണ്ണെടുത്ത കാര്യം യഥാസമയം അറിയിക്കാതിരുന്നത് കുണ്ടറ പഞ്ചായത്തിന്റെ വീഴ്ച്ചയാണെന്നും ജിയോളജി വകുപ്പ് ആരോപിക്കുന്നു. അതേസമയം മണ്ണ് മാഫിയ വഞ്ചിച്ചക്കുകയായിരുന്നുവെന്ന് അജിതകുമാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അനുവദനീയമായതിലും കൂടുതൽ മണ്ണെടുത്ത കാര്യം പ്രശ്നങ്ങൾ ഉണ്ടായ ശേഷം മാത്രമാണ് അറിഞ്ഞതെന്നും അവർ വ്യക്തമാക്കി.
മണ്ണ് മാഫിയ വീടിന്റെ അടിത്തറ തോണ്ടി മണ്ണെടുത്തതോടെ കഴിഞ്ഞ ആറ് മാസമായി സുമയും കുടുംബവും പഞ്ചായത്തിന്റെ വായനശാലയിലാണ് കഴിയുന്നത്. ഇപ്പോൾ അധികൃതർ ആരും തിരിഞ്ഞുനോക്കുന്നില്ല. 15 വർഷം വാടകവീടുകളിൽ മാറി മാറി കഴിഞ്ഞ ശേഷമാണ് സുമയ്ക്കും കുടുംബത്തിനും മുളവനയിൽ മൂന്ന് സെന്റ് ഭൂമി ലൈഫ് പദ്ധതിയിലൂടെ കിട്ടിയത്. ചെറിയ രണ്ട് മുറികളുള്ള വീട് തട്ടിക്കൂട്ടി നിർമ്മിച്ചു. സന്തോഷത്തോടെ ജീവിച്ചുപോരുന്നതിനിടെയാണ് മണ്ണ് മാഫിയ വില്ലനായത്. വീടിന് സമീപം സ്ഥലം വാങ്ങിയവർക്ക് പണം നൽകി ആഴത്തിൽ മണ്ണെടുത്തു. 40 അടിയോളം താഴ്ചയിൽ മണ്ണെടുത്തതോടെ സുമയുടെ വീട് ഒറ്റപ്പെട്ടു. അടുക്കളയുടെ ഭാഗത്ത് അടിത്തറയ്ക്ക് താഴെ മണ്ണില്ലാതെയുമായി.
വീട് അപകടാവസ്ഥയിലായതോടെ പഞ്ചായത്ത് അധികൃതർ ഇവരെ സമീപത്തുള്ള വായനശാല കെട്ടിടത്തിലാക്കി. ഭര്‍ത്താവും രണ്ടു മക്കളുമായി വായനശാലയുടെ ഹാളിൽ ജീവിതം തള്ളി നീക്കുകയാണ് സുമ. സുമയ്ക്കും കുടുംബത്തിനും ലൈഫ് പദ്ധതിയിൽ വീട് വെച്ച് നൽകുമെന്ന് പഞ്ചായത്ത് പറയുന്നു. എന്നാൽ എപ്പോൾ നൽകുമെന്നതിന് മറുപടിയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam