അനധികൃത ഖനനം: താമരശ്ശേരി രൂപതയിലെ പള്ളിക്കെതിരെ റവന്യൂ റിക്കവറി നടപടികളിലേക്ക് ജിയോളജി വകുപ്പ്

Published : Jun 20, 2022, 12:06 PM IST
 അനധികൃത ഖനനം: താമരശ്ശേരി രൂപതയിലെ പള്ളിക്കെതിരെ റവന്യൂ റിക്കവറി നടപടികളിലേക്ക് ജിയോളജി വകുപ്പ്

Synopsis

നടപടിക്ക് മുന്നോടിയായി ക്വാറി പ്രവ‍ർത്തിക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥത, കൈവശാവകാശം തുടങ്ങിയ വിവരങ്ങൾ നൽകാൻ കൂടരഞ്ഞി വില്ലേജ് ഓഫീസറോട് ജിയോളജി വകുപ്പ് ആവശ്യപ്പെട്ടു. ഇത് കിട്ടുന്ന മുറയ്ക്ക് റവന്യൂ റിക്കവറിക്കായി എഡിഎമ്മിനോട് ശുപാർശ ചെയ്യും.

കോഴിക്കോട്: അനധികൃത ഖനനനത്തിന് പിഴയൊടുക്കാത്തതിൽ താമരശ്ശേരി രൂപതയ്ക്ക് കീഴിലെ പളളിക്കെതിരെ നടപടി കടുപ്പിച്ച് ജിയോളജി വകുപ്പ്. പിഴത്തുകയായ ഇരുപത്തിമൂന്നരലക്ഷം രൂപ ഒടുക്കാത്തതിനാൽ റവന്യൂ റിക്കവറിയിലേക്ക് കടക്കേണ്ടിവരുമെന്ന് ജിയോളജി വകുപ്പ് ലിറ്റിൽ ഫ്ലവർ ചർച്ച് വികാരിക്ക് നോട്ടീസയച്ചു. ക്വാറി പ്രവർത്തിച്ചിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം വ്യക്തമാക്കാൻ കൂടരഞ്ഞി വില്ലേജ് ഓഫീസർക്ക് ജിയോളജി വകുപ്പ് നിർദ്ദേശം നൽകി

കൂടരഞ്ഞി വില്ലേജിൽ, താമരശ്ശേരി രൂപതയ്ക്ക് കീഴിൽ ലിറ്റിൽ ഫ്ലവർ ചർച്ചിന്‍റെ പേരിലുളള ഭൂമിയിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ക്വാറിക്ക് അനുമതിയില്ലെന്ന കണ്ടെത്തലിൽ 23,53,013 രൂപ പിഴയൊടുക്കാനായിരുന്നു കോഴിക്കോട് ജില്ല ജിയോളജിസ്റ്റിന്‍റെ ഉത്തരവ്. ഏപ്രിൽ 30നകം പിഴയൊടുക്കണമെന്ന നിർദ്ദേശം ഇതുവരെ പാലിക്കപ്പെടാത്തതിനാലാണ് നടപടി കടുപ്പിക്കുന്നത്. ഈ മാസം 15നകം പിഴത്തുക ഒടുക്കിയില്ലെങ്കിൽ റവന്യൂ റിക്കവറിയിലേക്ക് കടക്കുമെന്ന് കാണിച്ച് ജില്ല ജിയോളജിസ്റ്റ് ലിറ്റിൽ ഫ്ലവർ പളളി വികാരിക്ക് ഡിമാൻഡ് നോട്ടീസ് അയച്ചിട്ടും രൂപതയോ പളളിവികാരിയോ ഇതിനോട് പ്രതികരിക്കാത്തതിനെ തുടർന്നാണ് റവന്യൂ റിക്കവറിയിലേക്ക് കടക്കുന്നത്. 

നടപടിക്ക് മുന്നോടിയായി ക്വാറി പ്രവ‍ർത്തിക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥത, കൈവശാവകാശം തുടങ്ങിയ വിവരങ്ങൾ നൽകാൻ കൂടരഞ്ഞി വില്ലേജ് ഓഫീസറോട് ജിയോളജി വകുപ്പ് ആവശ്യപ്പെട്ടു. ഇത് കിട്ടുന്ന മുറയ്ക്ക് റവന്യൂ റിക്കവറിക്കായി എഡിഎമ്മിനോട് ശുപാർശ ചെയ്യും. 2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ പള്ളിക്ക് കീഴിലെ രണ്ട് ക്വാറികളിലായി 61,900.33 ഘനമീറ്റർ കരിങ്കല്ല് ഖനനം ചെയ്തതായാണ് കണ്ടെത്തിയത്. 3200ഘനമീറ്റർ കല്ലെടുക്കാനുളള അനുമതി പളളി അധികൃതര്‍ നേടിയിരുന്നു. എന്നാല്‍ ഖനനം ചെയ്തതാകട്ടെ 58,700.33 ഘനമീറ്റർ കരിങ്കല്ല്. ക്വാറിക്ക് അനുമതിയില്ലെന്ന് കാട്ടി കാത്തലിക് ലേമെന്‍ അസോസിയേഷനായിരുന്നു ഹൈകോടതിയെ സമീപിച്ചത്. 

രണ്ടുമാസത്തിനകം നടപടിയെടുക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ജില്ല ജിയോളജിസ്റ്റ് പിഴ ചുമത്തിയത്. താമരശേരി ബിഷപ്പ് റെമേജിയോസ് ഇഞ്ചനാനിയിൽ, ലിറ്റില്‍ ഫ്ലവർ ചർച്ച് വികാരി ഫാദർ മാത്യു തെക്കെടിയില്‍ എന്നിവരാണ് കേസിലെ എതിർ കക്ഷികള്‍. പളളിയുടെയും പളളിയുടെ കീഴിലുളള സ്ഥാപനങ്ങളുടെയും ആവശ്യത്തിനായാണ് കല്ല് ഉപയോഗിച്ചതെന്നാണ് പളളി അധികൃതരുടെ വിശദീകരണം. അതേസമയം നടപടികളോട് പ്രതികരിക്കാൻ രൂപത നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്
പാലക്കാട് 37കാരൻ്റെ ആത്മഹത്യ ഭീഷണിയിൽ മനംനൊന്ത്? ആരോപണവുമായി കുടുംബം; റൂബിക്ക് മണി ലോൺ ആപ്പിനെതിരെ പരാതി