വിമതരുടെ പ്രചാരണത്തെ പ്രതിരോധിക്കാന്‍ പുതിയ സംഘടനയുമായി ആലഞ്ചേരി അനുകൂലികള്‍

By Web TeamFirst Published Jul 12, 2019, 6:23 AM IST
Highlights

ഭൂമി ഇടപാടുമായും വ്യാജരേഖാ കേസുമായും ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് വിശ്വാസികളെ ബോധ്യപ്പെടുത്തുന്നതിനാണ് കർദ്ദിനാൾ അനുകൂലികളുടെ പുതിയ സംഘടന.

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അനുകൂലികൾ പുതിയ അൽമായ സംഘടന രൂപീകരിച്ചു. വിമത വിഭാഗം കർദ്ദിനാളിനെതിരെ നടത്തുന്ന പ്രചാരണത്തെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. കാത്തലിക് ലെയ്റ്റി മൂവ്‍മെന്‍റ് എന്ന പേരിൽ രൂപീകരിച്ച സംഘടന അടുത്ത ആഴ്ച പള്ളികളിൽ വിശദീകരണ യോഗം നടത്തും. 

ഭൂമി ഇടപാടുമായും വ്യാജരേഖാ കേസുമായും ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് വിശ്വാസികളെ ബോധ്യപ്പെടുത്തുന്നതിനാണ് കർദ്ദിനാൾ അനുകൂലികളുടെ പുതിയ സംഘടന. എറണാകുളം- അങ്കമാലി അതിരൂപതയിൽ വിമത വൈദികർ കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയ്ക്ക് എതിരായ നീക്കത്തിന് എഎംടി എന്ന പേരിൽ അൽമായരുടെ സംഘടന രൂപീകരിച്ചിരുന്നു. 

സഭയുമായി ബന്ധപ്പെട്ട് വിമതരുടെ നീക്കങ്ങളുടെ ചുക്കാൻ ഏറ്റെടുത്ത ഈ സംഘടനയ്ക്ക് വിശ്വാസികൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിരുന്നു. വിവാദമായ വിഷയങ്ങളിൽ കർദ്ദിനാളിന്‍റെ വിശദീകരണം ദുർബലമാക്കിയത് വിമത അൽമായ സംഘടനയായിരുന്നു. ഈ സാഹചര്യത്തിലാണ് വിമതരുടെ അതേ പാതയിൽ ക‍ർദ്ദിനാൾ അനുകൂലികളുടെ പുതിയ മുന്നേറ്റം.

കർദിനാളിനെതിരെ വിമതർ നടത്തിയ വിശദീകരണ യോഗത്തിന് ബദലായി അടുത്ത ആഴച അതിരൂപതയ്ക്ക് കീഴിലുള്ള ഫൊറോനകളിൽ കാത്തലിക് ലെയ്റ്റി മൂവ്മെന്‍റും അൽമായ യോഗം വിളിച്ച് വിശദീകരണം നൽകും. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും വിവാദ വിഷയത്തിൽ വിശദീകരണം നൽകുമെന്നും സൂചനയുണ്ട്. സത്യം ഇടവക വികാരിമാരെയും വിശ്വാസികളെയും ബോധ്യപ്പെടുത്താൻ സ്ഥിരം സിനഡും കർദ്ദിനാളിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത ഞായറാഴ്ച പള്ളികളിൽ വിശദീകരണ സ‍ർക്കുലർ വായിക്കുമെന്നാണ് സൂചന. 
 

click me!