അപകടത്തില്‍ പരിക്കേറ്റ് കോമയിലായ കുട്ടിയുടെ ദുരിതം: ഹൈക്കോടതി റിപ്പോർട്ട് തേടി, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

Published : Aug 28, 2024, 08:28 AM ISTUpdated : Aug 28, 2024, 03:04 PM IST
അപകടത്തില്‍ പരിക്കേറ്റ് കോമയിലായ കുട്ടിയുടെ ദുരിതം: ഹൈക്കോടതി റിപ്പോർട്ട് തേടി, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

Synopsis

പൊലീസ് വീഴ്ചയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടിയന്തര റിപ്പോർട്ട് തേടി

കോഴിക്കോട്: കാര്‍ ഇടിച്ച് തെറിപ്പിച്ച് ഗുരുതരമായി പരിക്കേറ്റ് ആറു മാസത്തോളമായി കോമസ്ഥിതിയിലായ 9 വയസ്സുകാരിയുടെ ദുരിതം സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയില്‍ ഹൈക്കോടതി ഇടപടല്‍. പൊലീസ് വീഴ്ചയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടിയന്തര റിപ്പോർട്ട് തേടി. ലീഗൽ സർവീസ് അതോറിറ്റി മുഖേനയാണ് ഇടപെടൽ. വടകര റൂറൽ പൊലീസിൽ നിന്നുമാണ് അടിയന്തര റിപ്പോർട്ട് തേടിയത്. ഇടിച്ച കാർ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ വടകര റൂറല്‍ എസ് പി നിയോഗിച്ചു. കുട്ടിക്ക് നിയമ സഹായം നൽകുമെന്ന് ലീഗൽ സർവീസസ് അതോറിറ്റി വ്യക്തമാക്കി. 

വടകര ചോറോട് ദേശീയപാതയില്‍ മുത്തശ്ശിയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയായ കൊച്ചുമകളുടെ ജീവിതം കോമയിലാകുകയും ചെയ്ത വാഹനാപകടം നടന്ന് ആറു മാസമായിട്ടും ഇവരെ ഇടിച്ചുതെറിപ്പിച്ച കാര്‍ കണ്ടെത്തിയില്ല. ഗുരുതരമായി പരിക്കേറ്റ മകളുടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥിര താമസമാക്കേണ്ടി വന്ന പാവപ്പെട്ട കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് പോലും കിട്ടാത്ത സ്ഥിതിയാണ്. സിസിടിവി പോലുള്ള നിരവധി നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടായിട്ടാണ് ദേശീയപാതയില്‍ നടന്ന അപകടത്തിന്റെ തെളിവുകൾ പൊലീസിന് ലഭിക്കാത്തത്.

ഈ വര്‍ഷം ഫെബ്രുവരി 17 ന് വടകര ചോറോട് രാത്രി പത്തു മണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും മുത്തശ്ശി 68 കാരി ബേബിയെയും തലശ്ശേരി ഭാഗത്തേക്ക് അമിത വേഗതയില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ബേബി തല്‍ക്ഷണം മരിച്ചു. മുണ്ടയാട് എല്‍പി സ്കൂളില്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിനിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേറ്റു. ആറു മാസമായി കോമ അവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുകയാണ് കുഞ്ഞ്. 

ദേശീയപാതയിലൂടെ കടന്നു പോയ വെള്ള നിറത്തിലുള്ള കാറാണ് സിസിടിവി ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടായിട്ടും വടകര ലോക്കല്‍ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ചോറോട് ഭാഗത്തെ നിരവധി കടകള്‍ പൊളിച്ചു മാറ്റിയത് സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാന്‍ തടസമായെന്നാണ് പൊലീസ് വാദം. നാലു മാസം മുമ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും തുമ്പുണ്ടാക്കാനായില്ല. നേരത്തെ പൊലീസ് വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്ന് കുടുംബം പറഞ്ഞു. വാഹനം കണ്ടെത്തിയില്ലെങ്കിൽ അപകട ഇന്‍ഷുറന്‍സ് പോലും പാവപ്പെട്ട ഈ കുടുംബത്തിന് ലഭിക്കില്ല. കുട്ടിക്ക് എത്രയും പെട്ടന്ന് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പും അടിയന്തരമായി ഇടപെടണം.

ദൃഷാനയെ സഹായിക്കാം

SMITHA N.K
KERALA GRAMEEN BANK
PANOOR BRANCH

AC NO. 4060 210 100 2263
IFSC KLGB 0040602

GPay Number- 9567765455

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം