
പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊന്ന പ്രതി വിനീഷ് സ്ഥിരം ശല്യക്കാരനായിരുന്നു എന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛൻ ബാലചന്ദ്രൻ. വര്‍ഷങ്ങളായി പ്രതി പ്രണയാഭ്യർത്ഥനയുമായി ദൃശ്യയുടെ പുറകെ നടക്കുന്നു. പലതവണ താക്കീത് ചെയ്തിരുന്നു. ദൃശ്യയെ പ്രതി നേരത്തെ ശല്യപ്പെടുത്തിയിരുന്നതിനാൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. അന്ന് രക്ഷകര്‍ത്താക്കളെ വിളിച്ച് കേസ് ഒത്തുതീര്‍പ്പ് ആക്കി വിട്ടതാണെന്നും അച്ഛൻ പറയുന്നു.
കുറച്ചു ദിവസം മുമ്പ് പ്രതി വിനീഷ് വീട്ടിലെത്തി ദൃശ്യയെ വിവാഹം കഴിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. സാധ്യമല്ലെന്ന് പറഞ്ഞ് അപ്പോൾ തന്നെ നിരസിച്ച് ഒഴിവാക്കിയിരുന്നു. ഈ വിരോധമാണ് കൊലപാതത്തിന് കാരണമെന്നാണ് കുടുംബം പറയുന്നത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങളുണ്ടാകുന്നത്. വിനീഷ് ദൃശ്യയെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ചെന്ന സഹോദരിക്കും സാരമായി പരിക്കേറ്റു. ഹൃദയത്തോട് ചേര്‍ന്ന് കുത്തേറ്റ സഹോദരിയെ അടിയന്തര ശസ്ത്രക്രിയക്കും വിധേയയാക്കി. സംഭവത്തിന് ശേഷം രക്ഷപ്പെടാനായി ഓട്ടോയിൽ കയറിയ പ്രതിയെ നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത്
തുടര്‍ന്ന് വായിക്കാം :പ്രണയാഭ്യർത്ഥന നിരസിച്ചതിന് കൊടുംക്രൂരത; പെൺകുട്ടിയെ കുത്തിക്കൊന്നു, സഹോദരിക്കും കുത്തേറ്റു...
വളരെ ആസൂത്രിതമായാണ് പ്രതി കൃത്യം നടത്തിയതെന്നാണ് സൂചന. ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രൻ നടത്തിയിരുന്ന ഫാൻസി സാധനങ്ങൾ വിൽക്കുന്ന ഹോൾസെയിൽ കട രാത്രി കത്തിയിരുന്നു. കട കത്തിച്ചിട്ടുണ്ടെന്ന് ദൃശ്യയെ ഉപദ്രവിക്കുന്നതിനിടെ പ്രതി തന്നെ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അച്ഛനെ വീട്ടിൽ നിന്ന് അകറ്റി ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് കടയ്ക്ക് തീയിട്ടതെന്നാണ് പൊലീസിന് കിട്ടിയ സൂചന.
ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങളെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്ത് തുടങ്ങിയപ്പോൾ തന്നെ അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ച പ്രതിയെ പൊലീസ് ആശുപത്രിയിലാക്കിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam