തിങ്കളാഴ്ച സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകണം, സർക്കാരിനോട് ദിയ ബിനു പുളിക്കകണ്ടം; ലോകകപ്പ് ഫൈനൽ കാണാൻ പ്രോത്സാഹിപ്പിക്കണം

Published : Jul 17, 2026, 05:40 PM IST
Diya Binu

Synopsis

ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് തിങ്കളാഴ്ച സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം ആവശ്യപ്പെട്ടു. വിദ്യാർഥികളിൽ കായിക താൽപ്പര്യം വളർത്താനും ലഹരി ഉപയോഗത്തിനെതിരെ കായികരംഗത്തെ പ്രോത്സാഹിപ്പിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് അവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

പാലാ: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം അർധരാത്രിയിൽ നടക്കുന്നതിനാൽ വിദ്യാർഥികളിൽ കായികവിനോദങ്ങളോടുള്ള താത്പര്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായി ചെയർപേഴ്സൺ അറിയിച്ചു.

സ്കൂൾ മാനേജ്മെന്‍റുകളും ഇതേ മാതൃകയിൽ വിദ്യാർഥികൾക്ക് അവധി അനുവദിക്കണമെന്ന് അഭ്യർഥിച്ചതായും അവർ പറഞ്ഞു. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ കാണുന്ന വിദ്യാർഥികൾ പിറ്റേദിവസം ഉറക്കക്കുറവും ക്ഷീണവും അനുഭവിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനൊപ്പം, കായികമത്സരങ്ങളോടുള്ള കുട്ടികളുടെ താത്പര്യവും പങ്കാളിത്തവും വർധിപ്പിക്കാൻ ഇത്തരമൊരു തീരുമാനം സഹായകമാകുമെന്ന് ദിയ ബിനു അഭിപ്രായപ്പെട്ടു.

ലഹരിക്കും മയക്കുമരുന്നിനും സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിനുമെതിരായ ബോധവത്കരണത്തിന് കായികരംഗം ശക്തമായ പ്രതിവിധിയാകാമെന്നും അവർ പറഞ്ഞു. ലഹരി, മയക്കുമരുന്ന്, സോഷ്യൽ മീഡിയ എന്നിവയുടെ അമിതോപയോഗത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് കായികപ്രവർത്തനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ശാരീരികക്ഷമത വർധിപ്പിക്കുന്നതിനൊപ്പം കുട്ടികളിൽ അച്ചടക്കം, മാനസികാരോഗ്യം, കൂട്ടായ്മ, നേതൃത്വഗുണം, പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള കഴിവ് എന്നിവ വളർത്തിയെടുക്കാൻ കായികരംഗം സഹായിക്കുന്നുവെന്നും ദിയ ബിനു പറഞ്ഞു. അതിനാൽ കുട്ടികളിൽ കായികരംഗത്തോടുള്ള താൽപര്യം വളർത്തിയെടുക്കാൻ ലോകകപ്പ് ഫുട്ബോൾ പോലുള്ള ആഗോള കായികമേളകൾ മികച്ച അവസരമാണെന്നും അവർ അഭിപ്രായപ്പെട്ടു.

കായികമത്സരങ്ങളിൽ പങ്കെടുക്കാൻ മാത്രമല്ല, ലോകോത്തര മത്സരങ്ങൾ കാണാനും കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും, ഫുട്ബോൾ ലോകകപ്പ് ഫൈനൽ പോലുള്ള ചരിത്രപ്രധാനമായ മത്സരം വിദ്യാർഥികൾക്ക് കുടുംബത്തോടൊപ്പം ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്നത് കായികസംസ്കാരം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകുമെന്നും അവർ പറഞ്ഞു. ഈ സാഹചര്യത്തിൽ ഫൈനൽ മത്സരത്തിന്റെ പിറ്റേദിവസം അവധി നൽകുന്നത് ഉചിതമായ തീരുമാനമായിരിക്കുമെന്നും ദിയ ബിനു കൂട്ടിച്ചേർത്തു.

മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരികൾക്കെതിരേ വിവിധ ബോധവത്കരണ പരിപാടികളും 'തൂഫാൻ' പോലുള്ള കാമ്പയിനുകളും നടക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ മാനസികോല്ലാസത്തിനും ആരോഗ്യകരമായ വിനോദശീലങ്ങൾ വളർത്തുന്നതിനും കായികമത്സരങ്ങൾ ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. എറണാകുളത്തെ മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച നടപടി മാതൃകാപരമാണെന്നും, സമാനമായ തീരുമാനം സംസ്ഥാനത്താകെ നടപ്പാക്കുന്നത് വിദ്യാർഥികളിൽ കായികസംസ്കാരം വളർത്താനും ആരോഗ്യകരമായ സാമൂഹിക ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും ദിയ ബിനു പ്രസ്താവനയിൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എൽനിനോ മൂലം മഴക്കുറവ്, അന്തരീക്ഷ താപനില ഉയർന്ന നിലയിലും; പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് ഇന്നും കനത്ത വൈദ്യുതി നിയന്ത്രണം
പല ഫോണ്‍ നമ്പറുകൾ, പല ബാങ്ക് അക്കൗണ്ടുകൾ, ഒന്നും സ്വന്തം പേരിലല്ല; വായ്പാ തട്ടിപ്പ് കേസിൽ 'ഡാർക്ക് വെബ് ബിബിനും' പങ്കാളിയും പിടിയിൽ