
പാലക്കാട്: വായ്പ വാഗ്‌ദാനം ചെയ്ത് യുവതികളെ കബളിപ്പിച്ച കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. ആലപ്പുഴ സ്വദേശി ബിബിൻ, പങ്കാളി സൗമ്യ എന്നിവരാണ് പിടിയിലായത്. പാലക്കാട് സ്വദേശിനിയുടെ പരാതി ലഭിച്ചതോടെ മൂന്ന് മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പാലക്കാട് സൈബർ ക്രൈം പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. 'മഹാലക്ഷ്മി ഫിനാൻസ്' എന്ന പേരിൽ കുറഞ്ഞ പലിശയ്ക്ക് വായ്പ തരപ്പെടുത്താമെന്ന് ഓണ്‍ലൈനിൽ പരസ്യം നൽകിയാണ് തട്ടിപ്പ്. അഞ്ച് ലക്ഷം രൂപയ്ക്ക് 75,000 രൂപ പ്രോസസിങ് ഫീസ് ആവശ്യപ്പെടും. സ്ത്രീകളെയാണ് പ്രധാനമായും ഇവർ ലോണ്‍ കൊടുക്കാമെന്ന് പറഞ്ഞ് കബളിപ്പിക്കുന്നത്. പ്രോസസിങ് ഫീസ് നൽകാൻ കഴിയാത്ത സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തിയും ഇവർ പണം കൈക്കലാക്കുന്നു. പാലക്കാടും അമ്പലപ്പുഴയിലും തമിഴ്നാട്ടിലുമെല്ലാം ഇവർ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇവർ സ്വന്തം സിമ്മോ ബാങ്ക് അക്കൌണ്ടോ അല്ല ഉപയോഗിക്കുന്നത്. വഴിയോരക്കച്ചവടക്കാരുമായി സൌഹൃദം സ്ഥാപിച്ച് അവരുടെ പേരിലുള്ള സിം കൈവശപ്പെടുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. വാടക വീടുകളിൽ പലയിടങ്ങളിലായി മാറിമാറി താമസിച്ചാണ് തട്ടിപ്പ്. സഞ്ചരിക്കുന്ന കാറും ഇടയ്ക്കിടെ മാറും. അതുകൊണ്ടുതന്നെ പ്രതികളെ കണ്ടെത്തുക എന്നത് പൊലീസിനെ സംബന്ധിച്ച് വലിയ വെല്ലുവിളി ആയിരുന്നു. നേരത്തെ ഏഴ് കവർച്ചാ കേസുകളിൽ പ്രതിയാണ് ബിബിൻ. ഡാർക്ക് വെബ് ബിബിൻ എന്നാണ് പ്രതിയുടെ ഇരട്ടപ്പേര്. പങ്കാളിയായ സൌമ്യ മൂന്ന് മാസം ഗർഭിണിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam