ആഗോള അയ്യപ്പ സംഗമം: വരവ് ചെലവ് കണക്കുകളിൽ വൻ പൊരുത്തക്കേടെന്ന് ഹൈക്കോടതി, ദേവസ്വം ബോർഡ് വിശദീകരണം നൽകണം

Published : Feb 11, 2026, 08:46 PM IST
ayyappa sangamam

Synopsis

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്‍റെ വരവ് ചെലവ് കണക്കുകളിൽ ഹൈക്കോടതി വൻ പൊരുത്തക്കേടുകൾ കണ്ടെത്തി. ടെൻഡറില്ലാത്ത കരാറുകൾ, കാണാതായ സാധനങ്ങൾ, ജിഎസ്ടിയിലെ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മ കോടതി നിരീക്ഷിച്ചു. 

കൊച്ചി: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്‍റെ വരവ് ചെലവ് കണക്കുകളിൽ വൻപൊരുത്തക്കേടെന്ന് ഹൈക്കോടതി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ നൽകിയത് ടെൻഡർ നടപടികൾ പാലിക്കാതെയാണ്. ബില്ലും സാധനങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ട്. പരിപാടിക്ക് എത്തിയവർക്ക് പ്രസാദം നൽകിയതിന് കണക്കില്ല. 150 കിടക്കകൾ വാങ്ങിയതിൽ 50 എണ്ണം കാണാനില്ല. ദേവസ്വം ബോർഡിൽ നിന്നും എടുത്ത രണ്ടു കോടി തിരിച്ചടച്ചില്ല. ക്രമക്കേടുകൾ പ്രഥമദൃഷ്ട്യാ ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്ന് കോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

ജിഎസ്ടി ഇനത്തിലും പ്രശ്നങ്ങളുണ്ട്. ഇൻപുട്ട് ക്രെഡിറ്റിന് ബോർഡിന് അർഹതയുള്ളത് 1.07 കോടിയ്ക്കാണ്. റിട്ടേണിൽ കാണിച്ചിരിക്കുന്നത് 45.76 ലക്ഷം മാത്രമാണ്. 61 ലക്ഷത്തോളം രൂപ ബോർഡിന്റെ ഫണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. 2.80 ലക്ഷത്തിൻ്റെ കേബിളിങ് വർക്കുകൾ ബില്ലിലുണ്ട്. എന്നാൽ അത് നടന്നതായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

സ്പോണ്‍സർഷിപ്പായി 4 കോടി കിട്ടിയെന്ന് മന്ത്രി വാസവൻ

അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് മന്ത്രി വിഎൻ വാസവൻ ഇന്ന് പറയുകയുണ്ടായി. നാല് കോടി രൂപ സ്പോൺസർഷിപ്പ് വഴി കിട്ടിയെന്ന് അറിയാമെന്നും ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡാണെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമം കാരണമാണ് സ്വർണ്ണക്കൊള്ള പുറത്ത് വന്നത്. അയ്യപ്പ സംഗമം പൊളിക്കാൻ ഗൂഢാലോചന നടത്തിയത് യുഡിഎഫാണ്. ശബരിമല സ്വർണ്ണക്കൊള്ള യുഡിഎഫിന് ബൂമറാങ് ആയെന്നും വിഎൻ വാസവൻ പറഞ്ഞു. അയ്യപ്പ സംഗമത്തിന്‍റെ കണക്ക് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയില്‍ ഇന്ന് ഹാജരാക്കിയിരുന്നു. വരവ് ചെലവ് കണക്കുകളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ ദേവസ്വം ബോർഡ് മറുപടി നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ആഗോള അയപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്ക് സെറ്റിൽ ചെയ്യാൻ ഉണ്ടെന്നും സ്പോൺസർഷിപ്പിലൂടെ നാല് കോടി രൂപ കിട്ടിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ പറഞ്ഞു. ചെലവ് അതിനേക്കാൾ കൂടുതലാണ്. ഇത് പരിഹരിക്കുന്നതിന് വേണ്ടി ബോർഡ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. കൂടുതൽ സ്പോൺസർഷിപ്പ് കിട്ടുമോ എന്ന് ശ്രമിക്കും. 17ന് ബോർഡ് യോഗം ചേരും. ചെലവുകൾ വീണ്ടും പരിശോധിച്ച് എങ്ങനെ പരിഹരിക്കാം എന്ന് നോക്കും. 17 ന് മീറ്റിംഗ് കഴിയുമ്പോൾ എല്ലാം പറയാം, ആകെ 7 കോടിയോളം ചെലവാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തലുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. പി എസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായപ്പോള്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്‍റെ മിനുട്സിൽ ഇല്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനേിയോഗത്തിലെ അവ്യക്തകളും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണം; ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം, ഷിംജിത ജയിലില്‍ തുടരണമെന്ന് ദീപക്കിൻ്റെ കുടുംബം
തിരുവനന്തപുരത്ത് 10 കോടിയുടെ വീടും വസ്തുവും തട്ടിയെടുത്ത സംഭവം; ആസൂത്രിത ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്ത്, യഥാർത്ഥ ഉടമ അമേരിക്കയിൽ