'വിമർശിക്കാം, പക്ഷേ ക്രൂശിക്കുന്നത് ശരിയല്ല'; പാലാ ബിഷപ്പിനെ പിന്തുണച്ച് പി എസ് ശ്രീധരൻ പിള്ള

By Web TeamFirst Published Sep 27, 2021, 12:30 PM IST
Highlights

വിവാദങ്ങൾ ഉണ്ടാകുന്നത് ഒട്ടേറെ പേരുടെ മനസ്സിൽ വേദന സൃഷ്ടിക്കാം. സഭകളുടെ വേദന അറിയാൻ എല്ലാവരും ശ്രമിക്കണം. ഈശ്വരന് വേണ്ടി ജീവിതം സമർപ്പിച്ച ഒരാളുടെ വേദന കാണേണ്ടതല്ലേയെന്നും പി എസ് ശ്രീധരൻ പിള്ള ചോദിച്ചു

തൃശൂർ: പാലാ ബിഷപ്പിനെ പിന്തുണച്ച് ​ഗോവ ​ഗവർണർ പി എസ് ശ്രീധരൻ പിള്ള. ബിഷപ്പിനെ വിമർശിക്കാം, പക്ഷേ ക്രൂശിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക സന്തുലിതാവസ്ഥ നില നിർത്തുന്നതിനു എല്ലാവരും ശ്രമിക്കണം . വിവാദങ്ങൾ ഉണ്ടാകുന്നത് ഒട്ടേറെ പേരുടെ മനസ്സിൽ വേദന സൃഷ്ടിക്കാം. സഭകളുടെ വേദന അറിയാൻ എല്ലാവരും ശ്രമിക്കണം. ഈശ്വരന് വേണ്ടി ജീവിതം സമർപ്പിച്ച ഒരാളുടെ വേദന കാണേണ്ടതല്ലേയെന്നും പി എസ് ശ്രീധരൻ പിള്ള ചോദിച്ചു.

പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദിനെ തള്ളി മുഖ്യമന്ത്രി രം​ഗത്തെത്തിയിരുന്നു. കണക്കുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു. നാർകോട്ടിക്ക് ജിഹാദ് പരാമർശം ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്തതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്ര സർക്കാരാണെന്നും വസ്തുതാപരമായി കാര്യങ്ങള്‍ മനസിലാക്കി വേണം പൊതുസമൂഹത്തില്‍ അവതരിപ്പിക്കാനെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമാണ് നാര്‍ക്കോട്ടിക് ജിഹാദ്. ഇത്തരം പ്രസ്താവന നിര്‍ഭാഗ്യകരമാണ്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് യോജിച്ചതല്ല ആ പ്രസ്താവന.' പൊതുസമൂഹം ആ പ്രസ്താവനയ്ക്കൊപ്പം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.  
അതേസമയം 'പാലാ ബിഷപ്പിനോട് മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് പറഞ്ഞത് ശരിയല്ല. അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിത്' എന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.

click me!